Sections

പക്ഷാഘാത ചികിത്സ സാധാരണക്കാർക്ക് താങ്ങാനാവുന്നതാകണം: വൈസ് അഡ്മിറൽ ശങ്കർ സുബ്രഹ്‌മണ്യൻ

Monday, Nov 16, 2026
Reported By Admin
Asian Stroke Summer School 2026 Highlights Affordable Stroke Care

ഏഷ്യൻ സ്ട്രോക്ക് സമ്മർ സ്കൂൾ 2026-ന് തുടക്കമായി


തിരുവനന്തപുരം: പക്ഷാഘാത (സ്ട്രോക്ക്) ചികിത്സയ്ക്കും തുടർപരിചരണത്തിനുമുണ്ടാകുന്ന ഭാരിച്ച സാമ്പത്തിക ചെലവുകൾ കുറയ്ക്കണമെന്നും സാധാരണക്കാർക്ക് താങ്ങാനാവുന്ന ചികിത്സാ രീതികൾക്ക് ആരോഗ്യപ്രവർത്തകർ മുൻഗണന നൽകണമെന്നും ഇന്ത്യൻ നാവികസേന ഡയറക്ടർ ജനറൽ മെഡിക്കൽ സർവീസസ് സർജൻ വൈസ് അഡ്മിറൽ ശങ്കർ സുബ്രഹ്മണ്യൻ പറഞ്ഞു. തിരുവനന്തപുരത്ത് 'ഏഷ്യൻ സ്ട്രോക്ക് സമ്മർ സ്കൂൾ 2026' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധുനിക ചികിത്സാ സാങ്കേതികവിദ്യകൾക്കപ്പുറം, രോഗികളും അവരുടെ കുടുംബങ്ങളും നേരിടുന്ന പ്രായോഗിക- സാമ്പത്തിക ബുദ്ധിമുട്ടുകൾ ഡോക്ടർമാർ തിരിച്ചറിയണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ആശുപത്രി ചികിത്സയുടെ അമിത ചെലവ് മുൻ നിറുത്തി തൻറെ അന്തരിച്ച ഭാര്യാപിതാവിനായി വീട്ടിൽ തന്നെ ഐ.സി.യു സൗകര്യം ഒരുക്കേണ്ടി വന്ന സ്വന്തം അനുഭവം അദ്ദേഹം പങ്കുവെച്ചു.

ചികിത്സാ ചെലവുകൾ വരുത്തുന്ന സാമ്പത്തിക ഭാരത്തെക്കുറിച്ച് ഡോക്ടർമാർ കൂടുതൽ ബോധവാൻമാരായിരിക്കണം. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളുടെ ചികിത്സാ ചെലവ് കുറയ്ക്കുന്നതിനായി ഹൈബ്രിഡ് ഓൺലൈൻ കൺസൾട്ടേഷനുകൾ, രോഗികളുടെ വീടുകൾക്ക് സമീപം തന്നെ രോഗനിർണ്ണയ സൗകര്യങ്ങൾ, താങ്ങാനാവുന്ന നിരക്കിലുള്ള ഹോം-കെയർ സംവിധാനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും ശങ്കർ സുബ്രഹ്മണ്യൻ നിർദ്ദേശിച്ചു.

ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, സ്വിറ്റ്സർലൻഡിലെ സ്ട്രോക്ക് റിസർച്ച് സെൻറർ, ബേൺ എന്നീ സ്ഥാപനങ്ങൾ ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെയാണ് അന്താരാഷ്ട്ര പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. പക്ഷാഘാത പ്രതിരോധം, താങ്ങാനാവുന്ന തുടർചികിത്സ, കൃത്യസമയത്തുള്ള വൈദ്യസഹായം എന്നിവയാണ് സമ്മേളനത്തിൻറെ പ്രധാന പ്രമേയങ്ങൾ.

നിർമ്മിതബുദ്ധി (എ ഐ), റോബോട്ടിക്സ്, പ്രിസിഷൻ മെഡിസിൻ തുടങ്ങിയ മേഖലകളിൽ വലിയ മുന്നേറ്റങ്ങളുണ്ടായിട്ടുണ്ടെങ്കിലും, പക്ഷാഘാതം കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം രോഗപ്രതിരോധം തന്നെയാണെന്ന് ചടങ്ങിൽ സംസാരിച്ച മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ പറഞ്ഞു. ലക്ഷങ്ങൾ വിലമതിക്കുന്ന ഉപകരണങ്ങളല്ല, മറിച്ച് യാതൊരു ചെലവുമില്ലാത്ത ജീവിതശൈലീ തന്നെയാണ് പക്ഷാഘാതത്തിനെതിരായ ഏറ്റവും വലിയ പ്രതിരോധമെന്നും അദ്ദേഹം വ്യക്തമാക്കി. പതിവായ നടത്തം, രക്തസമ്മർദ്ദവും പ്രമേഹവും നിയന്ത്രിക്കൽ, പുകയില ഉപേക്ഷിക്കൽ, നല്ല ഉറക്കം എന്നിവ നിത്യ ജീവിതത്തിൻറെ ഭാഗമാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ പക്ഷാഘാത ചികിത്സ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഏഷ്യയിലേക്കും ലാറ്റിൻ അമേരിക്കയിലേക്കും ഈ ഉദ്യമം വ്യാപിപ്പിച്ചതായി യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബേണിലെ ന്യൂറോളജി വിഭാഗം ചെയർമാൻ ഡോ. ഉർസ് ഫിഷർ പറഞ്ഞു.

മികച്ച പക്ഷാഘാത ചികിത്സാ സംവിധാനങ്ങൾ കെട്ടിപ്പടുക്കുന്നതിനായി ന്യൂറോളജിസ്റ്റുകൾ, ന്യൂറോസർജൻമാർ, ഇൻറർവെൻഷണൽ സ്പെഷ്യലിസ്റ്റുകൾ, മറ്റ് ആശുപത്രി ജീവനക്കാർ എന്നിവർ തമ്മിൽ ഏകോപനം അനിവാര്യമാണെന്ന് ഇൻസെൽസ്പിറ്റൽ ബേണിലെ ന്യൂറോറേഡിയോളജി വിഭാഗം മേധാവി ഡോ. ജാൻ ഗ്രല്ല ചൂണ്ടിക്കാട്ടി. പുതു തലമുറയിലെ ആരോഗ്യപ്രവർത്തകർക്ക് മികച്ച പരിശീലനം നൽകേണ്ടതിൻറെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.

ഗുരുതരമായ പക്ഷാഘാതത്തെ തുടർന്ന് സംസാരശേഷി നഷ്ടപ്പെട്ട തൻറെ 87 വയസ്സുള്ള അമ്മയ്ക്ക് കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചതിലൂടെ 24 മണിക്കൂറിനുള്ളിൽ സുഖം പ്രാപിക്കാനായ അനുഭവം അമേരിക്കൻ നടൻ ലീലാൻഡ് ഓർസർ പങ്കുവെച്ചു. സമയബന്ധിതമായ ചികിത്സ 18 മാസത്തെ മികച്ച ജീവിതം കൂടി അമ്മയ്ക്ക് തിരിച്ചുനൽകിയെന്ന് അദ്ദേഹം പറഞ്ഞു.

ശ്രീചിത്രയിലെ കോംപ്രിഹെൻസീവ് സ്ട്രോക്ക് കെയർ പ്രോഗ്രാം മേധാവി പ്രൊഫ. ഡോ. പി.എൻ. ശൈലജ സ്വാഗതവും ഇമേജിംഗ് സയൻസസ് ആൻഡ് ഇൻറർവെൻഷണൽ റേഡിയോളജി വിഭാഗം മേധാവി പ്രൊഫ. ഡോ. ഇ.ആർ. ജയദേവൻ നന്ദിയും രേഖപ്പെടുത്തി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.