Sections

വനിതാ സംരംഭകരുടെ വളർച്ചയ്ക്ക് വിപണിയും പിന്തുണയും ഉറപ്പാക്കണമെന്ന് ഹഡിൽ ഗ്ലോബലിൽ വിദഗ്ധർ

Sunday, Nov 15, 2026
Reported By Admin
Huddle Global 2026: Experts Call for Women-Led Startups

തിരുവനന്തപുരം: വനിതകൾക്ക് വലിയ സ്വപ്നങ്ങൾ കാണാനും സംരംഭങ്ങൾ വളർത്താനും ആവശ്യമായ പിന്തുണയും അവസരങ്ങളും ഉറപ്പാക്കണമെന്ന് ഹഡിൽ ഗ്ലോബൽ 2026 ൽ വിദഗ്ധർ. സംരംഭങ്ങൾ വിപുലീകരിക്കുന്നതിൽ വ്യക്തിപരമായ സാഹചര്യങ്ങൾ തടസമാകരുതെന്നും അവർ പറഞ്ഞു.

കോവളം ലീല റാവിസ് ഹോട്ടലിൽ നടക്കുന്ന ഹഡിൽ ഗ്ലോബലിൻറെ എട്ടാം പതിപ്പിൽ 'ഭാവിയെ രൂപപ്പെടുത്തുന്ന വനിതകൾ: നേതൃത്വം, നവീകരണം, സ്റ്റാർട്ടപ്പ് മേഖലയിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച' എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് അഭിപ്രായങ്ങൾ ഉയർന്നത്.

വനിതാ സംരംഭകരുടെ വളർച്ചയ്ക്ക് അനുയോജ്യമായ സാഹചര്യം ഒരുക്കേണ്ടത് അനിവാര്യമാണെന്നും സംരംഭകത്വത്തിൽ ആത്മവിശ്വാസം നിർണായകമാണെന്നും ഗ്ലോബൽ അലയൻസ് ഫോർ മാസ് എൻറർപ്രീനിയർഷിപ്പ് വൈസ് പ്രസിഡൻറ് പൂർണിമ മൂർത്തി പറഞ്ഞു. സാങ്കേതികവിദ്യ അടിസ്ഥാനമാക്കി കൂടുതൽ വനിതാ സംരംഭങ്ങൾ ഉയർന്നുവരണമെന്നും അവർ കൂട്ടിച്ചേർത്തു.

സ്വയം നയിക്കാനുള്ള കഴിവാണ് നേതൃത്വത്തിൻറെ ആദ്യപാഠമെന്ന് ഐബിഎസ് സോഫ്റ്റ്വെയർ പ്രോഡക്ട് ഓണർ നാദിയ ബാബ പറഞ്ഞു. മുന്നിൽ നിന്ന് നയിക്കാനും തീരുമാനങ്ങളെടുക്കാനും വനിതകൾ പ്രാപ്തരാകണമെന്നും അവർ അഭിപ്രായപ്പെട്ടു.

നിയമനങ്ങളിൽ ലിംഗസമത്വം ഉറപ്പാക്കണമെന്നും വേർതിരിവുകളില്ലാതെ എഐ സംബന്ധിച്ച അറിവ് എല്ലാവർക്കും ലഭ്യമാകണമെന്നും എയ്ക അഡൈ്വസേഴ്സ് ഹ്യൂമൻ റിസോഴ്സസ് മേധാവി ശ്വേത ഹരികൃഷ്ണൻ പറഞ്ഞു.

ലക്ഷ്യ മീഡിയ ഗ്രൂപ്പ് നാഷണൽ ഹെഡും സീനിയർ വൈസ് പ്രസിഡൻറുമായ ശാലിനി ശങ്കർ ചർച്ചയിൽ മോഡറേറ്ററായിരുന്നു.

സാങ്കേതികവിദ്യയുടെയും സംരംഭകത്വത്തിൻറെയും ഭാവി രൂപപ്പെടുത്തുന്നതിനായി സ്റ്റാർട്ടപ്പ് സ്ഥാപകർ, നിക്ഷേപകർ, സർക്കാർ ഉദ്യോഗസ്ഥർ, സാമൂഹിക സംരംഭകർ, ഇന്നൊവേറ്റേഴ്സ്, നയരൂപകർത്താക്കൾ, വ്യവസായ പ്രമുഖർ എന്നിവർ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഹഡിൽ ഗ്ലോബൽ 2026 ൽ പങ്കെടുക്കുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.