- Trending Now:
തിരുവനന്തപുരം: 'ബ്രിഡ്ജ് ഫണ്ടിംഗ്' തേടുന്ന സ്റ്റാർട്ടപ്പുകൾക്ക് വ്യക്തമായ വളർച്ചാ ലക്ഷ്യങ്ങളും സാഹചര്യങ്ങൾക്കനുസരിച്ച് മാറാനുള്ള കഴിവും സാമ്പത്തിക അച്ചടക്കവും ഉണ്ടായിരിക്കണമെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച ഹഡിൽ ഗ്ലോബലിലെ പാനൽ ചർച്ചയിൽ നിക്ഷേപകർ അഭിപ്രായപ്പെട്ടു. 'ദ ബ്രിഡ്ജ് റൗണ്ട് ട്രാപ്പ്: സർവൈവിംഗ് ബിറ്റ് വീൻ സീഡ്, സീരീസ് എ ആൻഡ് ബിയോണ്ട്' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ വെൻറാന വെഞ്ചേഴ്സ് ഇൻവെസ്റ്റ്മെൻറ് ആൻഡ് ഫിനാൻസ് വിഭാഗം വൈസ് പ്രസിഡൻറ് പൂർണിമ നായക് മോഡറേറ്ററായി.
പണം സമാഹരിക്കുക എന്നതിലുപരി അത് എങ്ങനെ വിനിയോഗിക്കുന്നു എന്നതിനെക്കുറിച്ചുള്ള കൃത്യമായ പദ്ധതിയും അടുത്ത ഘട്ടത്തിലേക്കുള്ള പുരോഗതി തെളിയിക്കാനാകുന്നതുമാണ് ഒരു ബ്രിഡ്ജ് റൗണ്ടിനെ വിജയകരമാക്കുന്നതെന്ന് ചർച്ച വിലയിരുത്തി.
'നിക്ഷേപകരുടെ കാഴ്ചപ്പാടിൽ ബ്രിഡ്ജ് റൗണ്ടുകൾ മോശം കാര്യമല്ലെന്നും നിയന്ത്രണാതീതമായ കാരണങ്ങളാൽ വളർച്ചാ പാതയിൽ നിന്ന് വ്യതിചലിക്കേണ്ടി വരുമ്പോൾ അവ ന്യായീകരിക്കാവുന്നതാണെന്നും മെറാക്ക് വെഞ്ചേഴ്സ് ഡയറക്ടർ പ്രണവ് സംഘ്വി അദ്ദേഹം പറഞ്ഞു. എന്നാൽ മൂലധനത്തിൻറെ ഗുണനിലവാരം പരിശോധിക്കാതെ പണം സ്വീകരിക്കുന്നതിനെതിരെ അദ്ദേഹം സ്ഥാപകർക്ക് മുന്നറിയിപ്പ് നൽകി. എല്ലാ പണവും നല്ല പണമല്ലെന്നും എല്ലാ മൂലധനവും ഒരേ ഗുണനിലവാരമുള്ളതുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്റ്റാർട്ടപ്പുകളുടെ സാമ്പത്തിക ആയുസ്സ് നീട്ടാൻ മാത്രമായി ബ്രിഡ്ജ് ഫണ്ടിംഗ് ഉപയോഗിക്കരുതെന്നും കൃത്യമായ ബിസിനസ്സ് ലക്ഷ്യങ്ങളുമായി അതിനെ ബന്ധിപ്പിക്കണമെന്നും മാർസ് ഗ്രോത്ത് ക്യാപിറ്റൽ സിഇഒ നവാസ് എബിൻ മുഹമ്മദ് അഭിപ്രായപ്പെട്ടു. വെഞ്ച്വർ ക്യാപിറ്റൽ മേഖലയിൽ നിക്ഷേപ കരാറുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും മികച്ച വളർച്ചാ സാധ്യതയുള്ള കമ്പനികളിൽ വലിയ നിക്ഷേപങ്ങൾ നടക്കുന്നുണ്ട്. പുതിയ വിപണികളിലേക്ക് കടക്കാനും ഉപഭോക്താക്കളെ നേടാനും ബിസിനസ്സ് വിപുലീകരിക്കാനും ബ്രിഡ്ജ് ക്യാപിറ്റൽ ഉപയോഗിക്കാം. ചില സാഹചര്യങ്ങളിൽ ഇക്വിറ്റിയും കടവും സംയോജിപ്പിച്ചുള്ള രീതിയും പരിഗണിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ബ്രിഡ്ജ് ഫണ്ടിംഗ് പരിഗണിക്കുമ്പോൾ നിക്ഷേപകർ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് വിലയിരുത്തുന്നതെന്ന് ബിയോണ്ട് നെക്സ്റ്റ് വെഞ്ചേഴ്സ് പാർട്ണറും ഇൻവെസ്റ്റ്മെൻറ് മേധാവിയുമായ ജയ് കൃഷ്ണൻ പറഞ്ഞു: സാങ്കേതികവിദ്യയിലുള്ള വെല്ലുവിളികൾ, മുൻകാല തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊള്ളാനുള്ള സംരംഭകൻറെ കഴിവ്, വിപണി സാഹചര്യങ്ങളിലെ മാറ്റങ്ങൾ എന്നിവയാണവയെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സ്റ്റാർട്ടപ്പുകൾ തങ്ങളുടെ ചെലവുകളെ അവശ്യ ചെലവുകൾ, വളർച്ചയ്ക്കുള്ള നിക്ഷേപങ്ങൾ, മാറ്റിവെക്കാവുന്ന ചെലവുകൾ എന്നിങ്ങനെ മൂന്നായി തരംതിരിക്കണമെന്ന് മേള വെഞ്ചേഴ്സ് പാർട്ണർ വിജു ജോർജ് ചൂണ്ടിക്കാട്ടി. പുതിയ പദ്ധതികൾ ആരംഭിക്കുന്നതിന് പകരം നിലവിലുള്ള ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകുന്നതിനും ഉൽപ്പന്നങ്ങൾ മെച്ചപ്പെടുത്തുന്നതിനും മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൻറെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ രാജ്യത്തിന് തന്നെ മാതൃകയാണെന്ന് ഐവിക്യാപ് വെൻചേഴ്സ് മാനേജിംഗ് പാർട്ണർ വിക്രം ഗുപ്ത പറഞ്ഞു. ഹഡിൽ ഗ്ലോബൽ വേദിയിൽ കേരള മൊമെൻറ്- ഫ്രം ടാലൻറ് ടു സ്കെയിൽ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിൽ മനുഷ്യവിഭവശേഷി, പ്രവാസി നിക്ഷേപകർ, ഗവേഷണ സ്ഥാപനങ്ങൾ, സംരംഭകത്വ സാധ്യതകൾ എന്നിവയാണ് ഈ നേട്ടത്തിന് പിന്നിൽ.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിലേക്ക് വൻതോതിൽ നിക്ഷേപകരും സംസ്ഥാന സർക്കാരിൻറെ പിന്തുണയോടെ പ്രവർത്തിക്കുന്ന നിരവധി സ്റ്റാർട്ടപ്പുകളും എത്തിച്ചേരുന്നുണ്ട്. ഹെൽത്ത് ടെക്, ക്ലൈമറ്റ് ടെക്, ഫുഡ് ആൻഡ് അഗ്രി, മറൈൻ, എൻറർപ്രൈസ് ടെക്നോളജി തുടങ്ങിയ മേഖലകളിൽ കേരളത്തിന് വലിയ സാധ്യതകളാണുള്ളത്. കേരളത്തിൻറെ ഈ വളർച്ച മറ്റ് സംസ്ഥാനങ്ങൾക്ക് പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയ്ക്ക് മികച്ച അക്കാദമിക് സംവിധാനമുണ്ടെങ്കിലും കൂടുതൽ ഇന്നവേറ്റീവ് ഹബ്ബുകൾ രൂപീകരിക്കേണ്ടതുണ്ട്. യു.എസ്, ചൈന, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ പ്രധാനപ്പെട്ട അക്കാദമിക് സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് നിരവധി ഇന്നൊവേഷൻ ഹബ്ബുകൾ സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എഐ, കാലാവസ്ഥ, ഭക്ഷണം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കേരളത്തിന് വൻതോതിൽ ഇന്നവേറ്റീവ് ഹബ്ബുകൾ സൃഷ്ടിക്കാനുള്ള അവസരങ്ങളുണ്ടെന്ന് കേരളത്തിൻറെ ഇന്നവേറ്റീവ്-സംരംഭകത്വ സാധ്യതകൾ വലുതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.