Sections

ഹഡിൽ ഗ്ലോബലിൽ വിസ്മയമായി കേരള സ്റ്റാർട്ടപ്പ് മിഷൻ ഫാബ് ലാബിൻറെ നൂതന കലാപ്രതിഷ്ഠകൾ

Sunday, Nov 15, 2026
Reported By Admin
Fab Lab Kerala's 3 Interactive Art Installations at Huddle Global

തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്യുഎം) കോവളത്ത് സംഘടിപ്പിച്ച രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് സംഗമമായ ഹഡിൽ ഗ്ലോബലിൽ ഫാബ് ലാബ് കേരള ഒരുക്കിയ മൂന്ന് കലാപ്രതിഷ്ഠകൾ സന്ദർശകരുടെ മനംകവർന്നു. കലയെയും സർഗ്ഗാത്മകതയെയും സാങ്കേതികവിദ്യയുമായി സമന്വയിപ്പിച്ചുകൊണ്ട് വികസിപ്പിച്ചെടുത്ത ഈ കലാരൂപങ്ങൾ സന്ദർശകർക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്.

മികച്ച ആശയങ്ങളെ ഫാബ് ലാബിലെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഉൽപ്പന്നങ്ങളാക്കി മാറ്റാൻ സാധിക്കുമെന്ന സന്ദേശമാണ് ഈ പ്രദർശനം മുന്നോട്ട് വയ്ക്കുന്നത്.

ഫാബ് ലാബിൻറെ ക്രിയേറ്റീവ് റെസിഡൻസി ഫെല്ലോഷിപ്പ് പ്രോഗ്രാമിൻറെ ഭാഗമായി വികസിപ്പിച്ചെടുത്ത നൂതന ആശയമാണ് കാഹളം മുഴക്കുന്ന കുഴലും തബലയും ഇലത്താളവും. ഫാബ് ലാബിലെ ത്രീഡി പ്രിൻറിംഗ് കൊണ്ട് ഡിസൈൻ ചെയ്ത് തുണികൊണ്ട് പൊതിഞ്ഞതാണ് ഈ രൂപങ്ങൾ. തുണിത്തരങ്ങളിൽ ഇലക്ട്രോണിക് കണ്ടക്റ്റിവിറ്റി കൊണ്ടുവന്നുകൊണ്ട് നിർമ്മിച്ച ഈ സംവിധാനത്തിൽ, നൂലുകളിൽ സ്പർശിക്കുമ്പോൾ മർദ്ദത്തിനനുസരിച്ച് വ്യത്യസ്ത ശബ്ദങ്ങളും സംഗീതവും പുറപ്പെടുവിക്കുന്നു. തബലയിലെ വൃത്താകൃതിയിലുള്ള സ്ഥലത്ത് സ്പർശിക്കുമ്പോൾ നാദവും ഇലത്താളത്തിൽ തട്ടുമ്പോൾ താളവും കേൾക്കാം. ത്രീഡി പ്രിൻറിംഗ് സാങ്കേതികവിദ്യയും ഇലക്ട്രോണിക്സും ഡിസൈനും സംയോജിപ്പിച്ച് ഫാബ് ലാബിലെ മുഴുവൻ ടീമിൻറെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ഇത് യാഥാർത്ഥ്യമാക്കിയതെന്ന് കെഎസ്യുഎമ്മിലെ മാനുഫാക്ചറിങ് എൻജിനീയറായ അഫ്ലാഹ് എം പറഞ്ഞു.

'സ്പിരിറ്റ്' എന്ന് പേരിട്ടിരിക്കുന്ന രണ്ടാമത്തെ ഇൻസ്റ്റലേഷൻ സി.എൻ.സി മെക്കാനിസവും ജലവും ഉപയോഗിച്ച് പ്രവർത്തിക്കുന്ന കൗതുകകരമായ നിർമ്മിതിയാണ്. നീരാവി നിറഞ്ഞ ഗ്ലാസ് പ്രതലത്തിൽ ഓരോ സമയത്തിനനുസരിച്ച് ജലം കൊണ്ട് പുതിയ ക്ലോക്കുകൾ വരയ്ക്കുകയും അതോടൊപ്പം സന്ദേശങ്ങൾ എഴുതുകയും ചെയ്യുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രതലത്തിലെ ജലാംശം ബാഷ്പീകരിക്കപ്പെടുന്നതിനനുസരിച്ച് തെളിഞ്ഞുവരുന്ന ഈ ദൃശ്യങ്ങൾ സമയത്തിനനുസരിച്ച് മാഞ്ഞുപോകുകയും പുതിയവ തെളിയുകയും ചെയ്യുന്നു.

'ഡയലക്സ്' എന്ന് പേരിട്ടിരിക്കുന്ന മൂന്നാമത്തെ കലാപ്രതിഷ്ഠ 'പ്ലേ' എന്ന ആശയത്തെ മുൻനിർത്തി തയ്യാറാക്കിയ ഇൻററാക്ടീവ് കലാപ്രതിഷ്ഠയാണ്. വൈറ്റ് ബോർഡിന് സമാനമായി പ്രവർത്തിക്കുന്ന ഇതിലെ വട്ടത്തിലുള്ള ഓരോ നോബുകളും തിരിക്കുന്നതിനനുസരിച്ച് വ്യത്യസ്ത നിറങ്ങൾ തെളിയുന്നു. മൊബൈൽ ആപ്ലിക്കേഷൻ വഴി നിയന്ത്രിക്കാൻ സാധിക്കുന്ന ഈ സംവിധാനത്തിലൂടെ സന്ദർശകർക്ക് ഇഷ്ടമുള്ള രൂപങ്ങൾ വരയ്ക്കാനും സന്ദേശങ്ങൾ കൈമാറാനും ഗെയിമുകൾ കളിക്കാനും സാധിക്കും.

ശനിയാഴ്ച സമാപിച്ച ഹഡിൽ ഗ്ലോബലിലെ പ്രതിനിധികളുടെയും സന്ദർശകരുടെയും ഇഷ്ട വിനോദമാണ് ഈ കലാപ്രതിഷ്ഠകളിൽ അനുഭവവേദ്യമാക്കുന്നത്. ഫാബ് ലാബിലെ സാങ്കേതികവിദ്യയിലൂന്നിയ സർഗ്ഗാത്മക ചിന്തകളുടെ നേർക്കാഴ്ചയായി ഈ പ്രദർശനം മാറിക്കഴിഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.