- Trending Now:
തിരുവനന്തപുരം: കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പായ എം ആൻഡ് എൻ റേസിംഗ് ടീം മോട്ടോർസ്പോർട്സ് മേഖല കൂടുതൽ ആളുകൾക്ക് പ്രാപ്യമാക്കുന്നതിനായി പുതിയ ഫോർമുല വികസിപ്പിക്കുന്നു. ഗോ-കാർട്ടുകൾക്കും ഫോർമുല 4 കാറുകൾക്കുമിടയിലുള്ള വിടവ് നികത്തുന്ന പുതിയ റേസിംഗ് കാർ രൂപകൽപ്പന ചെയ്യുക എന്നതാണ് ഈ സംരംഭത്തിൻറെ പ്രധാന ലക്ഷ്യം. ഇതിലൂടെ മത്സരാധിഷ്ഠിത റേസിംഗിലേക്കുള്ള പ്രവേശനം ചെലവ് കുറയ്ക്കാൻ സാധിക്കും. കോവളത്ത് നടന്ന ഹഡിൽ ഗ്ലോബൽ 2026 ലെ പാനൽ ചർച്ചയിലാണ് ഈ സംരംഭം അവതരിപ്പിച്ചത്.
കാറിൻറെ ആശയരൂപകൽപ്പന കേരളത്തിലാണ് വികസിപ്പിച്ചത്. ഇറ്റാലിയൻ സാങ്കേതികവിദ്യ ഉപയോഗിച്ച് യൂറോപ്പിലായിരിക്കും കാർ നിർമ്മിക്കുക.
ഇതിഹാസ ഫോർമുല വൺ ചാമ്പ്യൻ നിക്കി ലൗഡയുടെ മകൻ മത്തിയാസ് ലൗഡയുടെ പിന്തുണ എംആൻഡ്എൻ റേസിംഗ് ടീം മോട്ടോർസ്പോർട്സിൻറെ സംരംഭത്തിന് ലഭിച്ചിട്ടുണ്ട്. കേരള സ്റ്റാർട്ടപ്പ് മിഷനും പ്രമുഖ വാഹന നിർമ്മാതാക്കളും നിക്ഷേപകരും സംരംഭത്തെ പിന്തുണക്കുന്നു.
ഫോർമുല വണ്ണിലേക്കുള്ള ചവിട്ടുപടികളായ റേസിംഗ് പരമ്പരകളിൽ മത്സരിക്കുന്നതിലെ ചെലവ് കുതിച്ചുയരുന്നതിനെക്കുറിച്ചും മോട്ടോർ സ്പോർട്സ് രംഗത്തേക്കുള്ള കടന്നുവരവിനെക്കുറിച്ചും ലൗഡ സംസാരിച്ചു. 2000-ത്തിൻറെ തുടക്കത്തിൽ എഫ് വൺ ലോകത്തേക്ക് കടന്നുവരുമ്പോൾ തന്നെ ഇതിന് വലിയ ചെലവുണ്ടായിരുന്നു. എന്നാൽ ഇപ്പോഴത് പലമടങ്ങ് വർദ്ധിച്ചിരിക്കുന്നു. റേസിംഗിൻറെ വർദ്ധിച്ചുവരുന്ന ചെലവ് ലോകമെമ്പാടുമുള്ള കഴിവുള്ള യുവാക്കൾക്ക് ഈ മേഖലയിലേക്കുള്ള വാതിലുകൾ അടയ്ക്കുന്നു. താൻ ഇരുപതാം വയസ്സിലാണ് റേസിംഗിലേക്ക് വരുന്നത്. റേസിംഗിൽ മുന്നേറാൻ ആഗ്രഹിക്കുന്നവർ വളരെ നേരത്തെ തന്നെ പരിശീലനം തുടങ്ങണം. എന്നാൽ സാമ്പത്തിക ബാധ്യതകൾ പലർക്കും നേരത്തെ തുടക്കം കുറിക്കുന്നതിന് തടസ്സമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോട്ടോർസ്പോർട്സിനെ കേരളത്തിൽ നിന്ന് ലോകത്തേക്ക് എത്തിക്കാനുള്ള ശ്രമത്തിൻറെ ഭാഗമായാണ് ഈ സംരംഭമെന്ന് എം ആൻഡ് എൻ റേസിംഗ് ടീം സ്ഥാപകനായ ജോസ് പൊട്ടംകുളം പറഞ്ഞു. ലോകമെമ്പാടുമുള്ള മോട്ടോർസ്പോർട്സ് പ്രതിഭകളെ കണ്ടെത്തുന്നതിനും റേസർ ആകാൻ ആഗ്രഹിക്കുന്നവർക്ക് ചിട്ടയായ പാത ഒരുക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു. ഇന്ത്യയിൽ റേസർ ആകാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് ഗോ-കാർട്ടിംഗിൻറെ ഒരു സീസണിന് ഏകദേശം 25 ലക്ഷം രൂപ വരെ ചെലവ് വരും. കാർട്ടിംഗിൽ നിന്ന് ഫോർമുല 4-ലേക്ക് മാറുമ്പോൾ ഇതിൻറെ നാല് മടങ്ങ് തുക ചെലവാകും. യൂറോപ്പിലും യുഎസിലും ചെലവ് ഏകദേശം പത്തിരട്ടിയോളം കൂടുതലായിരിക്കും. എം ആൻഡ് എൻ റേസിംഗ് ടീം മോട്ടോർസ്പോർട്സിൻറെ സംരംഭം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ കൂടുതൽ ഫണ്ടിംഗ് ആവശ്യമാണെന്നും ലൗഡയുമായുള്ള സഹകരണം പദ്ധതിക്ക് വലിയൊരു കുതിപ്പ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള മോട്ടോർ സ്പോർട്സ് വ്യവസായത്തിന് ആവശ്യമായ ഉൽപ്പന്നങ്ങളും പരിഹാരങ്ങളും വികസിപ്പിക്കാൻ ഇന്ത്യൻ സാങ്കേതിക കമ്പനികൾക്ക് ഈ മേഖല അവസരമൊരുക്കുന്നുണ്ടെന്ന് സ്കൂൾ ഓഫ് ഡേർട്ട് ഡയറക്ടർ ഔസേഫ് ചാക്കോ പറഞ്ഞു.
ഇന്ത്യയിൽ മോട്ടോർ സ്പോർട്സിനും അതുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകൾക്കും ഉള്ള വിപുലമായ സാധ്യതകളെക്കുറിച്ചും ചർച്ചയിൽ പരാമർശിച്ചു. അതേസമയം ഇന്ത്യയിൽ മതിയായ റേസ്ട്രാക്ക് സൗകര്യങ്ങൾ ഇല്ലാത്തത് വലിയൊരു ആശങ്കയാണെന്നും പാനലിസ്റ്റുകൾ അഭിപ്രായപ്പെട്ടു. റേസിംഗിനായി സുരക്ഷിതമായ വേദികൾ ഇല്ലാത്തത് യുവാക്കളെ നിയമവിരുദ്ധമായ റോഡ് റേസിംഗിലേക്കും അപകടങ്ങളിലേക്കും തള്ളിവിടുന്നുണ്ട്. അതുകൊണ്ട് സുരക്ഷിതമായി പരിശീലിക്കാനും മത്സരിക്കാനും കഴിയുന്ന പ്രത്യേക റേസ്ട്രാക്കുകൾ ഒരുക്കേണ്ടത് അനിവാര്യമാണ്. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ സർക്കാർ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.
എം ആൻഡ് എൻ റേസിംഗ് മാർക്കറ്റിംഗ് ആൻഡ് ഓപ്പറേഷൻസ് ഡയറക്ടർ കൃതിക കരിയപ്പ മോഡറേറ്ററായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.