Sections

ഹഡിൽ ഗ്ലോബൽ 2026-ൽ കേരളത്തിലെ നാല് സ്റ്റാർട്ടപ്പുകൾക്ക് ജിടെക് നിക്ഷേപകരുടെ പിന്തുണ

Tuesday, Nov 17, 2026
Reported By Admin
GTECH Issues Investment Letters to 4 Kerala Startups at Huddle Global

  • ചെക്ക് മേറ്റ് പിച്ച് സെഷനിൽ താൽപര്യപത്രങ്ങൾ കൈമാറി

തിരുവനന്തപുരം: കേരളത്തിലെ നാല് സ്റ്റാർട്ടപ്പുകൾക്ക് ടെക്നോപാർക്ക് ആസ്ഥാനമായ സാങ്കേതിക കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസി (ജിടെക്) ൻറെ സാമ്പത്തികപിന്തുണ. കോവളത്ത് നടന്ന ഹഡിൽ ഗ്ലോബൽ 2026 ലെ നിക്ഷേപക പിച്ച് സെഷനിൽ ഇതിൻറെ താൽപര്യപത്രം കൈമാറി. ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാർട്ടപ്പ് ഫെസ്റ്റിവലായ ഹഡിൽ ഗ്ലോബൽ 2026 വേദിയിൽ കേരള സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ചാണ് ജിടെക് 'ചെക്ക് മേറ്റ്' എന്ന പേരിൽ നിക്ഷേപക പിച്ച് സെഷൻ സംഘടിപ്പിച്ചത്.

കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബികയുടെ സാന്നിധ്യത്തിൽ ലീഡ്മെട്രിക്സ്, ക്ലൗഡ് പോസിറ്റീവ്, സീവ് (ഇസെഡ്.എസ്.എസ് ടെക്നോളജീസ്), സ്പേസ്ടൈം 4ഡി എന്നീ സ്റ്റാർട്ടപ്പുകൾക്കാണ് താൽപര്യപത്രങ്ങൾ നൽകിയത്. ജിടെക് അംഗങ്ങളായ കമ്പനികളെ സ്റ്റാർട്ടപ്പുകളുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്റ്റാർട്ടപ്പ് എക്സ്ചേഞ്ച് പദ്ധതിയുടെ ആദ്യ നേട്ടമാണിത്.

ജിടെക്കിൻറെ സ്റ്റാർട്ടപ്പ് എൻഗേജ്മെൻറ് ഫോക്കസ് ഗ്രൂപ്പ് ആണ് സ്റ്റാർട്ടപ്പ് എക്സ്ചേഞ്ച് പദ്ധതിക്ക് തുടക്കമിട്ടത്. മൂലധനം നൽകുന്നതിന് പുറമെ ഉപഭോക്താക്കളെ കണ്ടെത്തുക, പൈലറ്റ് പ്രോജക്റ്റുകൾക്ക് അവസരമൊരുക്കുക, ബിസിനസ് ബന്ധങ്ങൾ സ്ഥാപിക്കുക, മെൻററിംഗ് നൽകുക തുടങ്ങിയ മാർഗങ്ങളിലൂടെ അടുത്ത തലമുറ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുകയാണ് ഇതിൻറെ ലക്ഷ്യം. നിക്ഷേപം നടത്താൻ താൽപര്യമുള്ള ജിടെക് അംഗങ്ങളായ കമ്പനികളെ ക്ഷണിച്ച്, ഒരു സ്റ്റാർട്ടപ്പിൽ എന്തൊക്കെയാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ടായിരുന്നു പദ്ധതിയുടെ തുടക്കം.

ചെക്ക് മേറ്റ് പദ്ധതിക്കായി 50-ലധികം സ്റ്റാർട്ടപ്പുകൾ അപേക്ഷിച്ചിരുന്നു. ഇവയിൽ നിന്ന് പ്രവർത്തനമേഖല, വളർച്ച, നിലവിലെ പ്രവർത്തനം, ബിസിനസ് മോഡൽ, ജിടെക് കമ്പനികളുടെ പ്രവർത്തന മേഖലയുമായുള്ള പൊരുത്തം എന്നിവയുടെ അടിസ്ഥാനത്തിൽ 10 സ്റ്റാർട്ടപ്പുകളെ ഷോർട്ട്ലിസ്റ്റ് ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട ഈ സ്റ്റാർട്ടപ്പുകൾ ജിടെക് നിക്ഷേപകരുടെ പാനലിന് മുന്നിൽ ആശയങ്ങൾ അവതരിപ്പിച്ചു. ഓരോ അവതരണത്തിന് ശേഷവും നിക്ഷേപകർ വിലയിരുത്തലുകൾ രേഖപ്പെടുത്തുകയും നിക്ഷേപം നടത്താൻ സാധ്യതയുണ്ടോ എന്നും എത്ര തുക നിക്ഷേപിക്കാൻ തയ്യാറാണെന്നും വ്യക്തമാക്കുകയും ചെയ്തു. ഇതിൽ നാല് സ്റ്റാർട്ടപ്പുകൾ ഒന്നിലധികം നിക്ഷേപകരുടെ ശ്രദ്ധ ആകർഷിക്കുകയും, പരിപാടിക്കിടയിൽ തന്നെ അവയ്ക്ക് താൽപ്പര്യപത്രങ്ങൾ ലഭിക്കുകയും ചെയ്തു.

സംസ്ഥാനത്തെ സാങ്കേതിക കമ്പനികൾ ഈ ആവാസവ്യവസ്ഥയോടൊപ്പം വളർന്നുവന്നവയാണെന്നും ഇപ്പോൾ അതിലേക്ക് തിരിച്ചുനിക്ഷേപിക്കേണ്ട സമയമാണെന്നും ജിടെക് ചെയർമാൻ ജിജോ ജോൺ പറഞ്ഞു. നിക്ഷേപകർ എന്നതിലുപരി ഉപഭോക്താക്കളായും പങ്കാളികളായും ഉപദേഷ്ടാക്കളായും ഒത്തുചേരുമ്പോൾ ജിടെക്കിന് എന്ത് ചെയ്യാൻ കഴിയുമെന്ന് ചെക്ക് മേറ്റ് സംരംഭം തെളിയിക്കുന്നു. ജിടെക്കിൽ നിന്ന് വരാനിരിക്കുന്ന നിരവധി സംരംഭങ്ങളിൽ ആദ്യത്തേതാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെറും രണ്ട് ദിവസത്തിനുള്ളിൽ 50-ലധികം സ്റ്റാർട്ടപ്പുകളാണ് അപേക്ഷിച്ചതെന്നും ബിസിനസ് മനസ്സിലാക്കുന്നതും വളർച്ചയ്ക്ക് സഹായിക്കുന്നതുമായ നിക്ഷേപകരെയാണ് സംരംഭകർ തേടുന്നതെന്ന് ഇത് വ്യക്തമാക്കുന്നുവെന്നും ജിടെക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും സ്റ്റാർട്ടപ്പ് എൻഗേജ്മെൻറ് ഫോക്കസ് ഗ്രൂപ്പ്' ലീഡുമായ ഹരീഷ് മോഹൻ പറഞ്ഞു. ആശയങ്ങൾ അവതരിപ്പിച്ച എല്ലാ സ്റ്റാർട്ടപ്പുകൾക്കും പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ, യുഎസ്, യുഎഇ എന്നിവിടങ്ങളിൽ ഉപഭോക്താക്കളുള്ള ലീഡ്മെട്രിക്സ് ചെറുകിട-ഇടത്തരം ബിസിനസ്സുകൾക്കായി ഡിജിറ്റൽ മാർക്കറ്റിംഗ് കൈകാര്യം ചെയ്യുന്ന എഐ സോഫ്റ്റ്വെയറുകൾ വികസിപ്പിക്കുന്നു. കമ്പനികളുടെ പബ്ലിക് ക്ലൗഡ് ചെലവുകൾ കുറയ്ക്കാനും നിയന്ത്രിക്കാനും സഹായിക്കുന്ന ഓട്ടോമേറ്റഡ് പ്ലാറ്റ്ഫോമാണ് ക്ലൗഡ് പോസിറ്റീവ് നൽകുന്നത്. എഫ്എംസിജി റീട്ടെയിൽ ശൃംഖലകൾക്കായി ബില്ലിംഗ്, അക്കൗണ്ടുകൾ, എഐ അധിഷ്ഠിത സ്റ്റോക്ക് മാനേജ്മെൻറ് എന്നിവ ഉൾപ്പെടുന്ന ഓപ്പറേറ്റിംഗ് പ്ലാറ്റ്ഫോം സീവ് (ഇസെഡ്.എസ്.എസ് ടെക്നോളജീസ്) ഒരുക്കുന്നു. സ്പേസ്ടൈം 4ഡി മെഡിക്കൽ ഉപകരണങ്ങൾക്കും അത്യാധുനിക നിർമ്മാണ മേഖലയ്ക്കുമായി ഉയർന്ന താപനിലയിൽ പ്രവർത്തിക്കുന്ന 3ഡി പ്രിൻററുകൾ നിർമ്മിക്കുന്നു. സ്പേസ്ടൈമിൻറെ ആകാശ 300 പ്രിൻറർ ഐസ്ആർഒയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻററിന് കൈമാറിയിട്ടുണ്ട്.

ചെക്ക് മേറ്റിനെ സ്റ്റാർട്ടപ്പ് എക്സ്ചേഞ്ചിൻറെ സ്ഥിരം സംവിധാനമാക്കാനും നിക്ഷേപം നടത്തുന്ന കമ്പനികളുടെ എണ്ണം വർദ്ധിപ്പിക്കാനും ജിടെക് പദ്ധതിയിടുന്നു. നിക്ഷേപം നടത്താൻ താൽപ്പര്യമുള്ള ജിടെക് കമ്പനികൾക്കും നിക്ഷേപം, വിപണി പ്രവേശനം, മോണിറ്ററിംഗ് എന്നിവ തേടുന്ന സ്റ്റാർട്ടപ്പുകൾക്കും കൂടുതൽ വിവരങ്ങൾക്കായി startupexchange.gtechindia.org സന്ദർശിക്കാവുന്നതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.