Sections

ഗൊയ്ഥെ-സെൻട്രം ദ്വിദിന ജർമ്മൻ അധ്യാപക സമ്മേളനം സംഘടിപ്പിക്കുന്നു: ഡിസംബർ 12, 13 തീയതികളിൽ കോഴിക്കോട്

Tuesday, Nov 17, 2026
Reported By Admin
German Teachers' Conference 2026 in Kozhikode on Dec 12–13

  • കേരളത്തിലെ ജർമ്മൻ അധ്യാപകരുടെ കൂട്ടായ്മയ്ക്ക് തുടക്കമാകും
  • ഇപ്പോൾ രജിസ്റ്റർ ചെയ്യാം

തിരുവനന്തപുരം: കേരളത്തിലെ ജർമ്മൻ ഭാഷാ പഠനരംഗത്തെ അധ്യാപകരെ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാനത്തെ ഔദ്യോഗിക ജർമ്മൻ ഭാഷാ-സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ-സെൻട്രം ഡിസംബർ 12, 13 തീയതികളിൽ കോഴിക്കോട്ട് ജർമ്മൻ ഭാഷാധ്യാപക സമ്മേളനം സംഘടിപ്പിക്കുന്നു. ജർമ്മനിയിലെ ഉപരിപഠന-തൊഴിൽ അവസരങ്ങൾ ലക്ഷ്യമിട്ട് കേരളത്തിൽ ജർമ്മൻ ഭാഷാ പഠനത്തിന് വലിയ സ്വീകാര്യത ലഭിക്കുന്ന സാഹചര്യത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകളടക്കമുള്ള ജർമ്മൻ ഭാഷാ പഠനകേന്ദ്രങ്ങളിലെ അധ്യാപകർക്ക് കോഴിക്കോട് ഗൊയ്ഥെ-സെൻട്രത്തിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാം. കേരളത്തിലെ ജർമ്മൻ അധ്യാപകർക്കിടയിൽ സഹകരണം, ആശയവിനിമയം, തുടർച്ചയായ പ്രൊഫഷണൽ വികസനം എന്നിവ പ്രോത്സാഹിപ്പിക്കാൻ സമ്മേളനം ലക്ഷ്യമിടുന്നു.

കേരളത്തിലെ ജർമ്മൻ ഭാഷാ വിദ്യാഭ്യാസത്തിൻറെ വളർച്ചയിൽ അധ്യാപകരും സ്കൂളുകളും നിർണായക പങ്കാണ് വഹിക്കുന്നതെന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഗൊയ്ഥെ-സെൻട്രം ഡയറക്ടറും ജർമ്മൻ ഓണററി കോൺസലുമായ ഡോ. സയ്യിദ് ഇബ്രാഹിം പറഞ്ഞു.

കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള ജർമ്മൻ അധ്യാപകരുടെ സ്വതന്ത്ര ശൃംഖലയായി വിഭാവനം ചെയ്തിരിക്കുന്ന 'കേ ഡാഫി' ൻറെ രൂപീകരണ യോഗവും സമ്മേളനത്തിൽ നടക്കും. അധ്യാപകർ തമ്മിലുള്ള ആശയവിനിമയം, സംയുക്ത പ്രൊഫഷണൽ വികസന പ്രവർത്തനങ്ങൾ, നൂതനമായ അധ്യാപന രീതികൾ, അധ്യാപന നിലവാരം മെച്ചപ്പെടുത്തൽ എന്നിവയ്ക്കുള്ള ഒരു വേദിയായി ഇത് പ്രവർത്തിക്കും.

ആധുനിക ആശയവിനിമയ അധ്യാപന രീതികൾ, ക്ലാസ് മുറിയിലെ സർഗ്ഗാത്മക പ്രവർത്തനങ്ങൾ, ഡിജിറ്റൽ പഠന വിഭവങ്ങൾ, പരീക്ഷാ പരിശീലനം എന്നിവയിലെ ശില്പശാലകൾ സമ്മേളനത്തിനെ ആകർഷകമാക്കും. 'ഒരുമിച്ച് പഠിപ്പിക്കുക, പരസ്പരം പഠിക്കുക, കേരളത്തിൽ ജർമ്മൻ ഭാഷാ വിദ്യാഭ്യാസം ശക്തിപ്പെടുത്തുക' എന്ന ആപ്തവാക്യത്തോടെ പ്രവർത്തിക്കുന്ന കേ ഡാഫ് കൂട്ടായ്മയ്ക്ക് ഗൊയ്ഥെ-സെൻട്രം അക്കാദമിക് പിന്തുണ നൽകും.

സമ്മേളനത്തിലേക്കുള്ള പ്രവേശനവും താമസവും ഭക്ഷണവും സൗജന്യമാണ്. രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് പ്രവേശനം.

താൽപ്പര്യമുള്ള അധ്യാപകർ https://ke-daf.trivandrum.german.in/events/ എന്ന വെബ്സൈറ്റ് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഒരു ഭാഷാ സ്കൂളിന് രണ്ട് അധ്യാപകരെ നാമനിർദ്ദേശം ചെയ്യാനാകും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഗൊയ്ഥെ-സെൻട്രം ക്ഷണക്കത്ത് അയക്കും.

കൂടുതൽ വിവരങ്ങൾക്ക്‌: ke-daf@goethe-zentrum.org.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.