- Trending Now:
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ പ്രദർശനമേളകളിലൊന്നായ ഇന്ത്യാ ഇൻറർനാഷണൽ ട്രേഡ് ഫെയറിൽ (ഐഐടിഎഫ്) ശ്രദ്ധേയമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ്.
ഇന്ത്യ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷനാണ് (ഐറ്റിപിഒ) ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ 45-ാമത് ഐഐടിഎഫ് സംഘടിപ്പിക്കുന്നത്. നവംബർ 13 ന് ആരംഭിച്ച മേള നവംബർ 26 ന് സമാപിക്കും. 'വികാസ് ഔർ വിരാസത്' (വികസനവും പൈതൃകവും) എന്നതാണ് ഈ വർഷത്തെ മേളയുടെ പ്രമേയം.
രാജ്യത്തിൻറെ ആരോഗ്യ സംരക്ഷണ മേഖല ശക്തിപ്പെടുത്തുന്നതിലും സർക്കാരിൻറെ ആരോഗ്യ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിലും എച്ച്എൽഎൽ നൽകുന്ന സംഭാവനകൾ ഉയർത്തിക്കാട്ടുന്ന പ്രദർശനത്തിന് സന്ദർശകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
എച്ച്എൽഎൽ സ്റ്റാൾ ഉൾപ്പെടുന്ന 'ഹെൽത്ത് പവലിയൻ' കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. നീതി ആയോഗ് അംഗം ഡോ. എം. ശ്രീനിവാസ്, ആരോഗ്യ ഗവേഷണ വകുപ്പ് സെക്രട്ടറിയും ഐസിഎംആർ ഡയറക്ടർ ജനറലുമായ ഡോ. രാജീവ് ബഹൽ, നാഷണൽ ഹെൽത്ത് അതോറിറ്റി സിഇഒ സുനിൽ കുമാർ ബർൺവാൾ എന്നിവരും മന്ത്രാലയത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
'യുവ ഭാരത്, സ്വസ്ഥ ഭാരത്' എന്ന പ്രമേയത്തിന് കീഴിൽ സജ്ജീകരിച്ചിരിക്കുന്ന ആരോഗ്യ പവലിയനിൽ പ്രതിരോധ ആരോഗ്യ സംരക്ഷണം, ആരോഗ്യകരമായ ജീവിതശൈലി, ആരോഗ്യമുള്ള രാഷ്ട്രം കെട്ടിപ്പടുക്കുന്നതിൽ യുവജനങ്ങളുടെ പങ്കാളിത്തം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു.
മെൻസ്ട്രുവൽ കപ്പ്, സാനിറ്ററി നാപ്കിൻ, സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീൻ, ഇൻസിനറേറ്ററുകൾ തുടങ്ങി ആർത്തവ ശുചിത്വ അവബോധവും സുരക്ഷിതമായ സംസ്കരണ രീതികളും പ്രോത്സാഹിപ്പിക്കുന്ന വിപുലമായ ഉൽപ്പന്നങ്ങളും അമൃത് ഫാർമസികൾ, ഹിൻഡ്ലാബ്സ് തുടങ്ങിയ സംവിധാനങ്ങളും എച്ച്എൽഎൽ സ്റ്റാളിൽ പ്രദർശനത്തിനുണ്ട്.
ഇന്ത്യയിലെയും വിദേശത്തെയും പ്രദർശകർക്കും സന്ദർശകർക്കും വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും സംരംഭങ്ങളും പരിചയപ്പെടാനുള്ള മികച്ച വേദിയാണ് ഐഐടിഎഫ്. ഭാരത് മണ്ഡപത്തിലെ 17 എക്സിബിഷൻ ഹാളുകളിലായാണ് വിപുലമായ പ്രദർശനം ഒരുക്കിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.