Sections

ആഗോള നാളികേര മേഖലയെ ശക്തിപ്പെടുത്തുന്നതിന് അന്താരാഷ്ട്ര സഹകരണം അനിവാര്യം: കേന്ദ്രമന്ത്രി രാംനാഥ് ഠാക്കൂർ

Wednesday, Nov 18, 2026
Reported By Admin
International Coconut Conference 2026 Opens in Kochi

അന്താരാഷ്ട്ര നാളികേര സമൂഹത്തിൻറെ 62ാമത് സമ്മേളനവും മന്ത്രിതല യോഗവും കൃഷി-കർഷക ക്ഷേമ സഹമന്ത്രി ശ്രീ രാംനാഥ് ഠാക്കൂർ കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു.

നാളികേര ഉൽപ്പാദക രാജ്യങ്ങൾ പൊതുവായ വെല്ലുവിളികൾ നേരിടുന്നതിനും ആഗോള നാളികേര മേഖലയുടെ സുസ്ഥിര വളർച്ച ഉറപ്പാക്കുന്നതിനും കൂടുതൽ ശക്തമായ അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കേന്ദ്രമന്ത്രി ആഹ്വാനം ചെയ്തു. ലോകത്തെ പ്രമുഖ നാളികേര ഉൽപ്പാദക രാജ്യങ്ങളിലൊന്നായ ഇന്ത്യയുടെ സ്ഥാനം എടുത്തുപറഞ്ഞ അദ്ദേഹം ഗവേഷണ സഹകരണം, കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കുന്ന കൃഷിരീതികൾ, കർഷക ശാക്തീകരണം, നൈപുണ്യ വികസനം, മൂല്യവർധിത ഉൽപ്പന്നങ്ങളുടെ വികസനം, വിപണി വിപുലീകരണം എന്നിവയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ നാളികേര മേഖല ഏകദേശം മൂന്ന് കോടി ജനങ്ങളുടെ ഉപജീവനത്തിന് പിന്തുണ നൽകുന്നതായും ഇതിൽ ഒരു കോടി കർഷകർ ഉൾപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. നാളികേരാധിഷ്ഠിത ഉൽപ്പന്നങ്ങളുടെ കയറ്റുമതി സാധ്യതകളും അദ്ദേഹം എടുത്തുപറഞ്ഞു.

സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച കേന്ദ്ര കൃഷി സെക്രട്ടറി ശ്രീ അതീഷ് ചന്ദ്ര, IAS, മാറിവരുന്ന ഉപഭോക്തൃ അഭിരുചികൾക്കും അന്താരാഷ്ട്ര വിപണിയുടെ ആവശ്യകതകൾക്കും അനുസൃതമായി നാളികേര വ്യവസായം മുന്നേറേണ്ടതിൻറെ ആവശ്യകത ഊന്നിപ്പറഞ്ഞു. സുസ്ഥിരമായി ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും വീഗൻ, ലാക്ടോസ് രഹിത ഉൽപ്പന്നങ്ങൾക്കുമുള്ള വർധിച്ചുവരുന്ന ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള വിപണിയിൽ മത്സരക്ഷമത വർധിപ്പിക്കുന്നതിന് ഭക്ഷ്യസുരക്ഷ, ഗുണനിലവാര മാനദണ്ഡങ്ങൾ, സർട്ടിഫിക്കേഷൻ, നൂതന സാങ്കേതികവിദ്യകൾ എന്നിവയ്ക്ക് പ്രാധാന്യം നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്തോനേഷ്യയിലെ ജക്കാർത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര നാളികേര സമൂഹത്തിൻറെ ഡയറക്ടർ ജനറൽ ഡോ. ജെൽഫീന സി. അലോവ്, നാളികേര ഉൽപ്പാദക രാജ്യങ്ങളെ ഒരുമിപ്പിക്കുന്നതിനും അറിവ്, സാങ്കേതികവിദ്യ, അനുഭവങ്ങൾ എന്നിവ കൈമാറുന്നതിനും കൂട്ടായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ICC വഹിക്കുന്ന പങ്ക് വിശദീകരിച്ചു. ഉയർന്നുവരുന്ന വെല്ലുവിളികൾ നേരിടുന്നതിനും പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തേണ്ടതിൻറെ പ്രാധാന്യവും അവർ ചൂണ്ടിക്കാട്ടി.

മാർഷൽ ദ്വീപുകളുടെ പ്രകൃതിവിഭവ-വാണിജ്യ മന്ത്രി ആൻറണി മുള്ളർ, കിരിബാസിൻറെ ടൂറിസം, വാണിജ്യം, വ്യവസായം, സഹകരണ മേഖലകളുടെ മന്ത്രി തംഗ്രികി റീത്തേ, സമോവയിലെ കൃഷി-മത്സ്യബന്ധന സഹമന്ത്രി ഐഒലുപോറ്റിയ മിസ ടോണി ഐഒലുപോ എന്നിവർ പ്രത്യേക പ്രഭാഷണങ്ങൾ നടത്തി. തങ്ങളുടെ രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയിലും ജനജീവിതത്തിലും നാളികേരത്തിനുള്ള പ്രാധാന്യവും തുടർന്നുള്ള അന്താരാഷ്ട്ര സഹകരണത്തിൻറെ ആവശ്യകതയും അവർ വ്യക്തമാക്കി.
കേന്ദ്ര കൃഷി മന്ത്രാലയത്തിലെ ജോയിൻറ് സെക്രട്ടറി (ഹോർട്ടികൾച്ചർ) കൂടിയായ ദേശീയ ലെയ്സൺ ഓഫീസർ (ചഘഛ) ഡോ. പ്രഭാത് കുമാർ സ്വാഗതപ്രസംഗം നടത്തി. സാങ്കേതികവിദ്യകളുടെ കൈമാറ്റം, ഗവേഷണ പ്രോത്സാഹനം, അംഗരാജ്യങ്ങൾ തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തൽ എന്നിവയ്ക്കുള്ള വേദിയായി സമ്മേളനത്തിൻറെ പ്രാധാന്യം നാളികേര വികസന ബോർഡ് ചെയർമാൻ ശ്രീ സുബാ നാഗരാജൻ വിശദീകരിച്ചു.

നാളികേര മേഖലയിലെ മികച്ച സംഭാവനകൾ പരിഗണിച്ച് മൂന്ന് വിഭാഗങ്ങളിലായി ICC പ്രശംസാ ഫലകങ്ങൾ സമ്മാനിച്ചു. തമിഴ്നാട് കോയമ്പത്തൂരിലെ ശ്രീ കെ. സമ്പത്കുമാറിന് മികച്ച ദേശീയ നാളികേര കർഷകനുള്ള പുരസ്കാരവും, അപെക്സ് കോക്കോ പ്രോഡക്ട്സ് ലിമിറ്റഡ്, തിരുപ്പൂർ മികച്ച ദേശീയ നാളികേര സംരംഭകനുള്ള പുരസ്കാരവും, ICAR കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിലെ സീനിയർ സയൻറിസ്റ്റ് ഡോ. എം. ആർ. മണികണ്ഠന് മികച്ച നാളികേര ശാസ്ത്രജ്ഞൻ/ഗവേഷകനുള്ള പുരസ്കാരവും സമ്മാനിച്ചു.
നാളികേര വികസന ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീമതി ദീപ ഡി. നായർ IFS നന്ദി രേഖപ്പെടുത്തി. 2026 നവംബർ 17 മുതൽ 20 വരെ നടക്കുന്ന നാല് ദിവസത്തെ അന്താരാഷ്ട്ര സമ്മേളനം കേന്ദ്ര കൃഷി-കർഷക ക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള നാളികേര വികസന ബോർഡും അന്താരാഷ്ട്ര നാളികേര സമൂഹവും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. ഗവേഷണം, ഉൽപ്പാദനക്ഷമത വർധിപ്പിക്കൽ, സുസ്ഥിര വികസനം, മൂല്യവർധന, നാളികേരത്തിൻറെയും നാളികേരാധിഷ്ഠിത ഉൽപ്പന്നങ്ങളുടെയും ആഗോള വിപണി വിപുലീകരണം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾക്കും അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനും അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും സമ്മേളനം വേദിയൊരുക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.