Sections

ടെക്‌നോപാർക്കിൽ 'കുബർനെറ്റീസ് കേരള' ക്ലൗഡ്-നേറ്റീവ് ടെക്‌നോളജി മീറ്റപ്പ് ഇന്ന് (നവംബർ 12)

Thursday, Nov 12, 2026
Reported By Admin
Cloud-Native Technology Meetup at Technopark Today

തിരുവനന്തപുരം: സാങ്കേതിക വിദഗ്ധരെയും ഡെവലപ്പർമാരെയും ക്ലൗഡ്-നേറ്റീവ് സാങ്കേതികവിദ്യയിൽ താൽപ്പര്യമുള്ളവരെയും ഒന്നിപ്പിക്കുന്ന ക്ലൗഡ്-നേറ്റീവ് ടെക്നോളജി മീറ്റപ്പ് ഇന്ന് (നവംബർ 12) ടെക്നോപാർക്കിൽ നടക്കും. കുബർനെറ്റീസ് കേരള പ്രതിധ്വനി ടെക്നിക്കൽ ഫോറവുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിൽ വളർന്നുവരുന്ന ക്ലൗഡ്-നേറ്റീവ് സാങ്കേതിക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് ഇതിൻറെ ലക്ഷ്യം.

പാർക്ക് സെൻററിലെ ട്രാവൻകൂർ ഹാളിൽ ഉച്ചയ്ക്ക് 2.30 മുതൽ വൈകുന്നേരം 5.30 വരെയാണ് പരിപാടി. ആധുനിക സോഫ്റ്റ് വെയർ വികസനത്തിലും ഇൻഫ്രാസ്ട്രക്ചർ മാനേജ്മെൻറിലുമുള്ള പ്രധാന വെല്ലുവിളികളെയും പുതിയ പ്രവണതകളെയും കുറിച്ചുള്ള നാല് സാങ്കേതിക സെഷനുകൾ ഇതിൽ ഉൾപ്പെടുന്നു. ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻറെ വർധിച്ചുവരുന്ന പങ്കിന് പരിപാടി പ്രത്യേക ഊന്നൽ നൽകും.

പ്രൊഡക്ഷൻ പരിതസ്ഥിതികളിൽ സോഫ്റ്റ് വെയർ വിശ്വസനീയമായി പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ, സ്വയം പ്രവർത്തിക്കുന്ന ഇൻസിഡൻറ് മാനേജ്മെൻറിൽ എഐയുടെ സാധ്യതകൾ, ജനറേറ്റീവ് എഐയും ഏജൻറിക് സാങ്കേതികവിദ്യകളും വഴി സോഫ്റ്റ് വെയർ വികസനത്തിലുണ്ടാകുന്ന മാറ്റങ്ങൾ, കുബർനെറ്റീസ് ക്ലസ്റ്ററുകൾ വിന്യസിച്ചതിന് ശേഷം ഉയർന്നുവരുന്ന പ്രവർത്തനപരമായ വെല്ലുവിളികൾ എന്നിവ ഈ സെഷനുകളിൽ ചർച്ച ചെയ്യും.

പബ്ലിസിസ് സാപിയൻറിലെ അഖിൽ എസ്. കുമാർ, എച്ച് ആൻഡ് ആർ ബ്ലോക്കിലെ മനോജ് എസ്.ടി, ഇൻഫോസിസിലെ അൻസൂ തോമസ്, നുട്ടാനിക്സിലെ കുമാർ എം എന്നിവർ വിവിധ സെഷനുകളിൽ സംസാരിക്കും.

കുബർനെറ്റീസ്, ക്ലൗഡ്-നേറ്റീവ് സാങ്കേതികവിദ്യകളെക്കുറിച്ചുള്ള ക്വിസ് മത്സരവും പരിപാടിയുടെ ഭാഗമായി നടക്കും. ഏകദേശം 20,000 രൂപ മൂല്യമുള്ള, 'ക്ലൗഡ് നേറ്റീവ് കമ്പ്യൂട്ടിംഗ് ഫൗണ്ടേഷൻ' സർട്ടിഫിക്കേഷനായുള്ള 50 ശതമാനം ഡിസ്കൗണ്ട് വൗച്ചർ സമ്മാനമായി നൽകുമെന്ന് സംഘാടകർ അറിയിച്ചു.

പ്രൊഫഷണലുകൾക്ക് പ്രായോഗിക അറിവുകൾ കൈമാറാനും, വിദഗ്ധരിൽ നിന്ന് പഠിക്കാനും, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ, സോഫ്റ്റ് വെയർ എഞ്ചിനീയറിംഗ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്നീ മേഖലകളിലെ പുതിയ മാറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കാനും മീറ്റപ്പ് അവസരമൊരുക്കും.

സാങ്കേതിക വിദഗ്ധർ, ഡെവലപ്പർമാർ, വിദ്യാർഥികൾ, ക്ലൗഡ്-നേറ്റീവ് കമ്മ്യൂണിറ്റി അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.