- Trending Now:
തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് ഫെസ്റ്റിവലായ 'ഹഡിൽ ഗ്ലോബൽ 2026'-ൻറെ എട്ടാം പതിപ്പ് നവംബർ 12 ന് കോവളത്ത് ആരംഭിക്കും. മൂന്ന് ദിവസത്തെ പരിപാടിയിൽ സ്റ്റാർട്ടപ്പ് സ്ഥാപകർക്കായി ഒരുക്കുന്ന പ്രത്യേക നിക്ഷേപ പ്ലാറ്റ്ഫോമിൽ 76 വെഞ്ച്വർ ക്യാപിറ്റൽ നിക്ഷേപകരും 50-ലധികം ഏഞ്ചൽ നിക്ഷേപകരും എത്തും.
കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്യുഎം) സംഘടിപ്പിക്കുന്ന സമ്മേളനത്തിൻറെ ഭാഗമായി ഇൻവെസ്റ്റ്മെൻറ് ട്രാക്ക് എന്ന പ്ലാറ്റ്ഫോം ഒരുക്കും. ഇതിലൂടെ സ്റ്റാർട്ടപ്പ് സ്ഥാപകർക്ക് നിക്ഷേപം നേടാനുള്ള അവസരങ്ങൾ തേടാം. വെഞ്ച്വർ ക്യാപിറ്റൽ നിക്ഷേപകരും ഏഞ്ചൽ നിക്ഷേപകരും ഇതിൽ സന്നിഹിതരായിരിക്കും.
സമ്മേളനം കോവളം ദി ലീല റാവിസിൽ നവംബർ 12 ന് രാവിലെ 10.30 ന് മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് കെഎസ്യുഎം സി.ഇ.ഒ അനൂപ് അംബിക വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്യവസായ, ഐ.ടി, ഫ്യൂച്ചർ ടെക്നോളജി, സ്റ്റാർട്ടപ്പ് വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. ഇലക്ട്രോണിക്സ്-ഐ.ടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എസ്. സുഹാസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.
ബെൽജിയം എംബസി അംബാസഡർ സോഫി കാൾഷോസൻ ചടങ്ങിൽ പ്രത്യേക പ്രഭാഷണം നടത്തും. എം. വിൻസെൻറ് എം.എൽ.എ, നടി കീർത്തി സുരേഷ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും. അനൂപ് അംബിക സ്വാഗതം ആശംസിക്കും. ചടങ്ങിൽ വിവിധ ധാരണാപത്രങ്ങൾ ഒപ്പുവെക്കുകയും കൈമാറുകയും ചെയ്യും. പാനൽ ചർച്ചകൾ, എഐ ഫിലിം ഫെസ്റ്റിവൽ, ഉൽപ്പന്നങ്ങളുടെ അവതരണം, ജിസിസി നേതാക്കളുടെ റൗണ്ട് ടേബിൾ കോൺഫറൻസ്, എക്സിബിഷൻ, 500-ലധികം നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചകൾ, ബിസിനസ് നെറ്റ് വർക്കിംഗ്, മെൻററിംഗ് സെഷനുകൾ എന്നിവ മൂന്ന് ദിവസത്തെ പരിപാടികളിൽ ഉൾപ്പെടുന്നു.
സ്റ്റാർട്ടപ്പുകൾക്ക് നൂതന ആശയങ്ങൾ പ്രദർശിപ്പിക്കാനും മൂലധനം സമാഹരിക്കാനും പങ്കാളികളെ കണ്ടെത്താനും വിദഗ്ധരിൽ നിന്ന് മാർഗനിർദേശങ്ങൾ നേടാനുമുള്ള വേദിയായായിട്ടാണ് ഹഡിൽ ഗ്ലോബൽ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അനൂപ് അംബിക പറഞ്ഞു. ഹഡിൽ ഗ്ലോബൽ 2026-ൽ 4000ത്തിലധികം സ്റ്റാർട്ടപ്പുകൾ, 200-ഓളം ശ്രദ്ധേയ വ്യക്തികൾ, 300-ലധികം സ്റ്റാർട്ടപ്പ് മെൻറർമാർ, 200-ലധികം കോർപ്പറേറ്റ് സ്ഥാപനങ്ങൾ, 150-ലധികം എക്സിബിറ്റേഴ്സ്, 150-ലധികം നിക്ഷേപകർ, 300-ഓളം പ്രമുഖ പ്രഭാഷകർ എന്നിവർ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിയുടെ ആദ്യ ദിവസം എഐ ചലച്ചിത്രമേള ടൂറിസം-സാംസ്കാരിക മന്ത്രി പി. സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടന ദിവസം 'കാഴ്ചപ്പാടിൽ നിന്ന് യാഥാർഥ്യത്തിലേക്ക്: അർഥവത്തായ സംരംഭം കെട്ടിപ്പടുക്കുന്നതിൻറെ യാത്ര' എന്ന വിഷയത്തിൽ നടക്കുന്ന പാനൽ ചർച്ചയിൽ ഷാഫി പറമ്പിൽ എംപി, എംഎൽഎമാരായ രമേഷ് പിഷാരടി, പി.എം.എ. സമീർ എന്നിവർ പങ്കെടുക്കും. കെഎസ്യുഎം സീനിയർ ടെക്നോളജി ഫെലോ വിനിത ജോസഫ് മോഡറേറ്ററാകും.
നവംബർ 14-ന് കൃഷി മന്ത്രി ടി. സിദ്ദിഖ് 'കേര' ഫണ്ട് പ്രഖ്യാപന, ഗ്രാൻറ് വിതരണ ചടങ്ങിൽ പങ്കെടുക്കും. കേര ലോഗോയും പുറത്തിറക്കും. ഈ അവസരത്തിൽ ഏഴ് കമ്പനികൾക്ക് ഗ്രാൻറും 32 കമ്പനികൾക്ക് ഉൽപ്പന്ന വികസനത്തിനുള്ള ഗ്രാൻറും മന്ത്രി നൽകും.
തൃശൂർ ആസ്ഥാനമായ എസ്ട്രാഡോ എന്ന റോബോട്ടിക് കമ്പനി വികസിപ്പിച്ചെടുത്ത വെള്ളപ്പൊക്കം പ്രവചിക്കുന്ന റോബോട്ട് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ചടങ്ങിൽ അവതരിപ്പിക്കും.
താങ്ങാനാവുന്ന വിലയിൽ എ1 കാറുകൾ തിരുവനന്തപുരത്ത് നിന്ന് നിർമ്മിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി കാർ റേസിംഗ് ചാമ്പ്യൻ മത്തിയാസ് ലൗഡ നവംബർ 14-ന് നടക്കുന്ന സെഷനിൽ പങ്കെടുക്കും.
ഹഡിൽ ഗ്ലോബൽ റൗണ്ട്ടേബിൾ കോൺഫറൻസ് സെഷനുകളിൽ മുഖ്യമന്ത്രി, ഐടി-വ്യവസായ വകുപ്പ് മന്ത്രി, വകുപ്പ് സെക്രട്ടറിമാർ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗങ്ങൾ, സർവകലാശാലാ വൈസ് ചാൻസലർമാർ, കെഎസ്യുഎം സി.ഇ.ഒ എന്നിവർ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രധാന റൗണ്ട്ടേബിളിൽ വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, ഇന്നൊവേഷൻ മേഖലയിലെ പ്രമുഖർ, സംരംഭകർ, നിക്ഷേപ സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. കൂടാതെ മാസ്റ്റർക്ലാസുകളും വെണ്ടർ ക്ലിനിക്കുകളും സംഘടിപ്പിക്കും.
കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഡോ. സുതാപ ചൗധരി, യുകെ ഗവൺമെൻറിൻറെ സൗത്ത് ഇന്ത്യ ഇൻവെസ്റ്റ്മെൻറ് ഡയറക്ടർ ഗീത കൃഷ്ണൻകുട്ടി, വെയിൽസ് ഗവൺമെൻറ് ഇന്ത്യ ഹെഡ് ഇയോഘാൻ ഓ'റീഗൻ, ദക്ഷിണ കൊറിയയിലെ കെ.ഒ.എസ്.എം.ഇ ഗ്ലോബൽ ബിസിനസ് സെൻറർ ഡയറക്ടർ ഡോ. ജേക്യോങ് ലീ, എൻ.എക്സ്.ടി.ജി.എൻ ഡീപ് ടെക് ഇൻകുബേഷൻ ആൻഡ് ആക്സിലറേഷൻ ഹെഡ് തോബിയാസ് കുൽ, സ്റ്റാർട്ടപ്പ് ഇന്ത്യയിലെ സീനിയർ മാനേജർ പ്രതിതി ശർമ, സൈക്ലോപ്പ് ഓസ്ട്രേലിയ ഡയറക്ടർ മഹ്മൂദ് ധന്നാനി, സ്റ്റാർട്ടപ്പ് മിഡിൽ ഈസ്റ്റിലെ സിബി സുധാകരൻ, സംസ്ഥാന കൃഷി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വീണ എൻ. മാധവൻ, എൻ.ഐ.ഐ.എസ്.ടി ഡയറക്ടർ ഡോ. അനന്തരാമകൃഷ്ണൻ, നാസ്കോം-ഡീപ്ടെക് ഡയറക്ടർ ശ്രേയ ശർമ, ഐ.ബി.എം എക്സിക്യൂട്ടീവ് ഡയറക്ടറും എൻജിനീയറിംഗ് ലീഡറുമായ വിനോദ് ഖാദർ എന്നിവർ പരിപാടിയിൽ പ്രഭാഷകരായി പങ്കെടുക്കും.
സാങ്കേതികവിദ്യയുടെയും സംരംഭകത്വത്തിൻറെയും ഭാവി രൂപപ്പെടുത്തുന്നതിനായി സ്റ്റാർട്ടപ്പ് സ്ഥാപകർ, നിക്ഷേപകർ, സർക്കാർ ഉദ്യോഗസ്ഥർ, സാമൂഹിക സംരംഭകർ, ഇന്നൊവേറ്റേഴ്സ്, നയരൂപകർത്താക്കൾ, വ്യവസായ പ്രമുഖർ എന്നിവർ ഹഡിൽ ഗ്ലോബൽ 2026 ൽ ഒത്തുചേരും.
സീഫണ്ട്, 8എക്സ് വെഞ്ചേഴ്സ്, സെലെസ്റ്റ ക്യാപിറ്റൽ, ഭാരത് ഇന്നൊവേഷൻ ഫണ്ട്, യാലി ക്യാപിറ്റൽ, കലാരി, ഐവിക്യാപ് വെഞ്ചേഴ്സ്, കൊലോസ വെഞ്ചേഴ്സ്, സ്പെഷ്യാലെ ഇൻവെസ്റ്റ്, 3വൺ4 ക്യാപിറ്റൽ, ട്രാൻസിഷൻ വി.സി, സത്ഗുരു കാറ്റലൈസർ ഫണ്ട്, ടെട്രേഷൻ വെഞ്ചേഴ്സ്, പോൻറാക് വി.സി, ഓമ്നിവോർ തുടങ്ങിയ വെഞ്ചർ ക്യാപിറ്റൽ നിക്ഷേപ സ്ഥാപനങ്ങൾ പങ്കെടുക്കും. കൂടാതെ കെ.എ.എൻ, എം.എ.എൻ, ഐ.എ.എൻ ഗ്രൂപ്പ്, ഫീനിക്സ് ഏഞ്ചൽസ്, റിയൽ ടൈം ഏഞ്ചൽ ഫണ്ട് തുടങ്ങിയ ഏഞ്ചൽ നെറ്റ് വർക്കുകളും ഇതിൽ പങ്കാളികളാകും.
ഈ സ്ഥാപനങ്ങളിലെ ഫൗണ്ടിംഗ് പാർട്ണർമാർ, മാനേജിംഗ് പാർട്ണർമാർ, ജനറൽ പാർട്ണർമാർ എന്നിവർ പ്രധാന വേദിയിൽ സംസാരിക്കുകയും മൂല്യനിർണയ പാനലുകളിൽ അംഗങ്ങളാകുകയും സംരംഭകരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
കേരളത്തെ വിജ്ഞാധിഷ്ഠിത വ്യവസായ കേന്ദ്രമാക്കി മാറ്റുന്നതിന് സഹായിക്കുന്ന നവീനാശയങ്ങളും സാങ്കേതികവിദ്യകളും ഹഡിൽ ഗ്ലോബൽ എക്സ്പോയിൽ പ്രദർശിപ്പിക്കും. എഡ്യൂടെക്, ഹെൽത്ത്ടെക്, ഫിൻടെക്, ലൈഫ് സയൻസസ്, സ്പേസ്ടെക്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്/മെഷീൻ ലേണിംഗ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള നൂതന ഉൽപ്പന്നങ്ങളും സേവനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ആഗോളതലത്തിലുള്ള അടിയന്തര വെല്ലുവിളികളെ നേരിടാൻ രൂപകൽപ്പന ചെയ്ത ഹ്യൂമനോയിഡ് റോബോട്ടുകൾ, സ്വയം പ്രവർത്തിക്കുന്ന ഡ്രോണുകൾ, സുസ്ഥിര ഊർജ്ജ പരിഹാരങ്ങൾ, ബയോമെഡിക്കൽ ഉപകരണങ്ങൾ, സ്മാർട്ട് സിറ്റി നവീകരണങ്ങൾ എന്നിവയും എക്സ്പോയിലുണ്ടാകും.
കെഎസ്യുഎം സീനിയർ മാനേജർ അശോക് കുര്യൻ പഞ്ഞിക്കാരൻ, പ്രൊജക്ട് അസിസ്റ്റൻറ് അഭിഷേക് ജെ പ്രകാശ്, കെഎസ്യുഎം സിഇഒയുടെ എക്സിക്യൂട്ടീവ് അസിസ്റ്റൻറ് അമൃത, എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.