Sections

കൊച്ചിയിൽ പുതിയ രണ്ട് കഫേകളുമായി തേർഡ് വേവ് കോഫി

Thursday, Oct 01, 2026
Reported By Admin
Third Wave Coffee Opens Two New Cafes in Kochi

  • ദക്ഷിണേന്ത്യയിൽ സാന്നിധ്യം കൂടുതൽ വിപുലമാക്കിക്കൊണ്ട് കൊച്ചിയിലെ പനമ്പിള്ളി നഗറിലും ചിറ്റേത്തുകരയിലുള്ള നോവൽ ഫോക്കസിലുമാണ് പുതിയ കഫേകൾ
  • 45 ശതമാനം വാർഷിക വളർച്ചയാണ് ലക്ഷ്യമിടുന്നത്

കൊച്ചി: രാജ്യത്ത് അതിവേഗം വളരുന്ന പ്രമുഖ കോഫി, ഫുഡ് ക്യുഎസ്ആർ ബ്രാൻഡായ തേർഡ് വേവ് കോഫി കൊച്ചിയിൽ പുതിയ രണ്ട് കഫേകൾ തുറന്നു. പനമ്പിള്ളി നഗർ, ചിറ്റേത്തുകരയിലുള്ള നോവൽ ഫോക്കസ് എന്നിവിടങ്ങളിലാണ് പുതിയ കഫേകൾ ആരംഭിച്ചത്. വിശാഖപട്ടണം, ജലന്ധർ, ലഖ്നൗ, ലുധിയാന എന്നീ നഗരങ്ങളിലെ വിപുലീകരണത്തിന് ശേഷമാണ് കമ്പനി ഇപ്പോൾ കൊച്ചിയിലേക്ക് എത്തുന്നത്. രാജ്യത്തുടനീളം വളർന്നുവരുന്ന പുതിയ വിപണികളിൽ കമ്പനിയുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിൻറെ ഭാഗമാണിത്.

കൊച്ചിയിലെ വ്യത്യസ്തമായ കഫേ സംസ്കാരം, വാണിജ്യ പശ്ചാത്തലം, വൈവിധ്യമാർന്ന ഉപഭോക്തൃ നിര എന്നിവ തേർഡ് വേവ് കോഫിയുടെ വിപുലീകരണ പദ്ധതികൾക്ക് അനുയോജ്യമാണ്. കൊച്ചിയിലെ പുതിയ തുടക്കത്തോടെ രാജ്യത്തെ 27 വിപണികളിലാണ് നിലവിൽ ബ്രാൻഡിൻറെ സാന്നിധ്യമുള്ളത്. ഇതോടെ ദക്ഷിണേന്ത്യയിലെ ആകെ കഫേകളുടെ എണ്ണം 104 ആയി. നഗരത്തിൽ സ്പെഷ്യാലിറ്റി കോഫി ലഭ്യമാക്കുന്നതിനൊപ്പം മികച്ച ഭക്ഷണം, കോഫി, സൗഹൃദ കൂട്ടായ്മകൾ എന്നിവയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ആധുനിക ഇടങ്ങൾ ഒരുക്കാനും ഈ രണ്ട് കഫേകളിലൂടെ ലക്ഷ്യമിടുന്നു.

കേരളത്തിൽ കമ്പനിയുടെ സാന്നിധ്യം വർധിപ്പിക്കുന്നതിൽ കൊച്ചിയിലെ ഈ പുതിയ കഫേകൾ മികച്ച അടിത്തറയാകുമെന്ന് തേർഡ് വേവ് കോഫി സഹസ്ഥാപകനായ അനിരുദ്ധ് ശർമ്മ പറഞ്ഞു. കേരളത്തിലെ ഭക്ഷണ, ആതിഥേയ, വിനോദസഞ്ചാര മേഖലകൾ ഉപഭോക്താക്കൾക്ക് വൈവിധ്യമാർന്ന അവസരങ്ങൾ ഒരുക്കുന്നതിനാൽ ഈ മേഖല കമ്പനിക്ക് ഏറെ പ്രധാനമാണ്. സ്പെഷ്യാലിറ്റി കോഫി ജനങ്ങളുടെ ദൈനംദിന ജീവിതശൈലിയുടെയും ഭക്ഷണ ശീലത്തിൻറെയും ഭാഗമായി മാറുന്ന വിപണികളിലേക്ക് പ്രവർത്തനം വിപുലീകരിക്കുക എന്ന കമ്പനിയുടെ നയത്തിൻറെ ഭാഗമാണ് കൊച്ചിയിലെ ഈ ചുവടുവെപ്പ്. കമ്പനിയുടെ ഫുഡ് ഇന്നൊവേഷൻ ലാബും അത്യാധുനിക റോസ്റ്ററിയും ഈ വളർച്ചയ്ക്ക് കൂടുതൽ കരുത്തേകുമെന്നും പുതിയ ഉൽപ്പന്നങ്ങൾ കാര്യക്ഷമമായി വികസിപ്പിക്കാനും ഗുണനിലവാരത്തിൽ സ്ഥിരത ഉറപ്പാക്കാനും പ്രവർത്തനങ്ങൾ വിപുലീകരിക്കാനും ഇത് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുവ ഉപഭോക്താക്കൾ, പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ, കുടുംബങ്ങൾ, കോഫി പ്രേമികൾ എന്നിവരെ ലക്ഷ്യമിട്ടാണ് കഫേകൾ ഒരുക്കിയിരിക്കുന്നത്. സ്പെഷ്യാലിറ്റി സിംഗിൾ-ഓറിജിൻ കോഫികൾ, സിഗ്നേച്ചർ ബ്രൂ, വിവിധതരം പാനീയങ്ങൾ, പ്രത്യേകം തയ്യാറാക്കിയ ബേക്കറി വിഭവങ്ങളും തിരഞ്ഞെടുത്ത ഭക്ഷണ വിഭവങ്ങളും ഇവിടെ ലഭ്യമാണ്.

ഉയർന്ന ഗുണനിലവാരം, വിവിധതരം ഭക്ഷണ-പാനീയങ്ങൾ, സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള മികച്ച സേവനങ്ങൾ എന്നിവയിലൂടെയാണ് തേർഡ് വേവ് കോഫി വിപണിയിൽ ശക്തമായ സാന്നിധ്യം ഉറപ്പിച്ചത്. തേർഡ് വേവ് കോഫി ആപ്പിലൂടെ മികച്ച ഡിജിറ്റൽ സേവനവും കമ്പനി ഉപഭോക്താക്കൾക്ക് ഉറപ്പാക്കുന്നു. കഫേയിലെത്തുന്നതിന് മുൻപ് തന്നെ ഓർഡർ ചെയ്യാനുള്ള സൗകര്യം, ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾക്കനുസരിച്ചുള്ള വ്യക്തിഗത നിർദ്ദേശങ്ങൾ, പ്രത്യേക ലോയൽറ്റി ആനുകൂല്യങ്ങൾ തുടങ്ങിയവയും ആപ്പിലൂടെ ലഭ്യമാണ്.

2027 സാമ്പത്തിക വർഷത്തോടെ പ്രമുഖ മെട്രോ നഗരങ്ങളിലും ഒന്നും രണ്ടും നിര നഗരങ്ങളിലുമായി രാജ്യത്തുടനീളമുള്ള കഫേകളുടെ എണ്ണം ഏകദേശം 320 ആയി ഉയർത്താനാണ് ബ്രാൻഡ് ലക്ഷ്യമിടുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.