Sections

ദേശീയ ക്ഷീരദിനാഘോഷം - 2026 സംസ്ഥാനതല ഉദ്ഘാടനം കോട്ടയത്ത് നടന്നു

Friday, Nov 27, 2026
Reported By Admin
Kerala Celebrates National Milk Day with New Milma Products

കോട്ടയം: ഇന്ത്യൻ ധവളവിപ്ലവത്തിന്റെ പിതാവായ ഡോ. വർഗീസ് കുര്യന്റെ ജന്മദിനത്തോടനുബന്ധിച്ച് ആചരിക്കുന്ന ദേശീയ ക്ഷീരദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കെ.സി. മാമ്മൻ മാപ്പിള ഹാളിൽവെച്ച് ബഹു. തൊഴിൽ, വനിത-ശിശുക്ഷേമ, ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീമതി ബിന്ദു കൃഷ്ണ നിർവഹിച്ചു. ക്ഷീരമേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തുന്നതിനായി സമഗ്ര പദ്ധതികൾ സർക്കാർ ഗൗരവമായി പരിഗണിച്ചു വരികയാണെന്നും, ഈ പദ്ധതികൾ അധികം കാലതാമസമില്ലാതെ നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. മിൽമയും സർക്കാരും ക്ഷീരമേഖലയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളും ഒത്തൊരുമയോടെയും ഐക്യത്തോടെയും പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രി ചൂണ്ടിക്കാട്ടി. എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെ ക്ഷീരമേഖല നേരിടുന്ന പ്രശ്നങ്ങളിൽനിന്ന് ഈ മേഖലയെ സംരക്ഷിക്കാനും കൂടുതൽ പുരോഗതിയിലേക്ക് നയിക്കാനും സാധിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

ഡോ. വർഗീസ് കുര്യൻ അനുസ്മരണ സമ്മേളനത്തിൽ മിൽമ ഫെഡറേഷൻ ചെയർപേഴ്സൺ ശ്രീ. കെ. എസ്. മണി, എറണാകുളം മേഖലാ യൂണിയൻ ചെയർപേഴ്സൺ ശ്രീ. സി. എൻ. വത്സലൻ പിള്ള, തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർപേഴ്സൺ ശ്രീമതി മണി വിശ്വനാഥ്, കോട്ടയം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ, ശ്രീ. എം. പി. സന്തോഷ്കുമാർ, കോട്ടയം മുനിസിപ്പൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. എസ്. ഗോപകുമാർ, ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ശ്രീമതി ഷീബ ജോർജ് IAS, ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശ്രീമതി ശാലിനി ഗോപിനാഥ് എന്നിവർ ആശംസകൾ അർപ്പിച്ചു. മിൽമ എറണാകുളം മേഖലാ യൂണിയൻ മാനേജിംഗ് ഡയറക്ടർ ശ്രീ. വിൽസൺ. ജെ. പുറവാക്കാട്ട് കൃതജ്ഞത പറഞ്ഞു. മിൽമ ഭരണസമിതി അംഗങ്ങൾ, മിൽമ-ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്ഷീരസംഘം പ്രസിഡന്റുമാർ, ക്ഷീരകർഷകർ എന്നിവർ പങ്കെടുത്തു.

ചടങ്ങിൽ മിൽമ എറണാകുളം മേഖലാ യൂണിയന്റെ പുതിയ ഉൽപ്പന്നങ്ങളായ ചോക്ലേറ്റ് യോഗർട്ട്, സ്ട്രോബെറി യോഗർട്ട്, റെഡ് വെൽവെറ്റ് ഐസ്ക്രീം എന്നിവയുടെ വിപണനോദ്ഘാടനം ബഹു. തൊഴിൽ, വനിത-ശിശുക്ഷേമ, ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീമതി ബിന്ദു കൃഷ്ണ നിർവഹിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.