Sections

ഒമാൻ സ്വദേശിയായ മൂന്ന് വയസ്സുകാരിക്ക് പുതുജീവനേകി അപ്പോളോ അഡ്ലക്‌സ് ആശുപത്രി

Friday, Nov 27, 2026
Reported By Admin
Apollo Adlux Performs Robotic Surgery on 3-Year-Old

കൊച്ചി: ജനനത്തിനു മുൻപേ തന്നെ വൃക്കരോഗം കണ്ടെത്തിയ ഒമാൻ സ്വദേശിയായ മൂന്ന് വയസ്സുകാരിക്ക് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ സങ്കീർണ്ണമായ റോബോട്ടിക് പൈലോപ്ലാസ്റ്റി ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ശസ്ത്രക്രിയ പലതവണ മാറ്റിവെച്ചതിനെത്തുടർന്ന് വൃക്കയുടെ പ്രവർത്തനം മോശമായതോടെയാണ് വിദഗ്ധ ചികിത്സ തേടി മാതാവ് കുട്ടിയെ അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെ ആദ്യത്തെ പീഡിയാട്രിക് റോബോട്ടിക് ശസ്ത്രക്രിയയാണിത്.

വൃക്കയിൽ നിന്ന് യൂറിറ്ററിലേക്ക് (മൂത്രവാഹിനി) മൂത്രം ഒഴുകുന്ന ഭാഗമായ യു.പി.ജെ (യൂറിറ്ററോപെൽവിക് ജംഗ്ഷൻ) യിലുണ്ടായ തടസ്സമാണ് കുട്ടിയുടെ ആരോഗ്യനില സങ്കീർണ്ണമാക്കിയത്. ഈ തടസ്സം നീക്കം ചെയ്ത് വൃക്കയിൽ നിന്ന് മൂത്രാശയത്തിലേക്കുള്ള മൂത്രപ്രവാഹം സുഗമമാക്കുന്ന ശസ്ത്രക്രിയയാണ് പൈലോപ്ലാസ്റ്റി. വിശദമായ പരിശോധനകൾക്ക് ശേഷം, കുഞ്ഞിന്റെ പ്രായവും ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടാവാൻ സാധ്യത ഉള്ള അസ്വസ്ഥതകളും വേദനയും കണക്കിലെടുത്ത് യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റും മേധാവിയുമായ ഡോ. റോയി പി ജോണിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം റോബോട്ടിക് ശസ്ത്രക്രിയക്ക് നിർദ്ദേശിക്കുകയായിരുന്നു. 15 കിലോ മാത്രം ഭാരമുണ്ടായിരുന്ന കുട്ടിയുടെ ശരീരത്തിൽ നാല് റോബോട്ടിക് പോർട്ടുകൾ കൃത്യമായി സ്ഥാപിച്ചാണ് സങ്കീർണ്ണമായ ഈ ശസ്ത്രക്രിയ പൂർത്തിയാക്കിയത്.

മൂന്ന് വയസ്സ് മാത്രം പ്രായമുള്ള കുട്ടിയിൽ സങ്കീർണ്ണമായ ശസ്ത്രക്രിയ നടത്തുമ്പോൾ ചികിത്സാരീതിയും ശസ്ത്രക്രിയാനന്തര രോഗമുക്തിയും അതീവ ശ്രദ്ധയോടെ പരിഗണിക്കേണ്ടതുണ്ടെന്ന് ഡോ. റോയ് പറഞ്ഞു. റോബോട്ടിക് ശസ്ത്രക്രിയയിലൂടെ കൂടുതൽ കൃത്യത ഉറപ്പാക്കാനും വളരെ ചെറിയ മുറിവുകളിലൂടെ നടപടികൾ പൂർത്തിയാക്കാനും സാധിക്കും. ഇത് ശസ്ത്രക്രിയ മൂലമുണ്ടാകുന്ന ആഘാതവും വേദനയും കുറയ്ക്കാൻ സഹായിക്കുന്നു. കുട്ടിക്ക് സുഖകരവും വേഗത്തിലുള്ളതുമായ രോഗമുക്തി ഉറപ്പാക്കിക്കൊണ്ട് രോഗാവസ്ഥ ഫലപ്രദമായി പരിഹരിക്കുക എന്നതായിരുന്നു ഞങ്ങളുടെ പ്രഥമ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശസ്ത്രക്രിയയ്ക്ക് ശേഷം വേഗത്തിൽ സുഖം പ്രാപിച്ച കുട്ടി വേദനയില്ലാതെ നടക്കുകയും നാലാം ദിവസം തന്നെ ആശുപത്രി വിടുകയും ചെയ്തു. ഒമാനിലേക്ക് മടങ്ങുന്നതിന് മുമ്പ് കുടുംബത്തിന് മൂന്നാറിലേക്ക് വിനോദയാത്ര നടത്താനും സാധിച്ചു.

അനസ്തേഷ്യ വിഭാഗം സീനിയർ കൺസൾട്ടന്റും എച്ച്.ഒ.ഡി.യുമായ ഡോ. ഡിനിറ്റ് ജോയ്, ഡോ. അലീന എന്നിവരടങ്ങുന്ന അനസ്തേഷ്യ സംഘത്തിന്റെയും പി.ഐ.സി.യു നഴ്സുമാർ, റോബോട്ടിക് അസിസ്റ്റൻസ് നഴ്സുമാർ, ഓപ്പറേഷൻ തിയേറ്റർ ടീം എന്നിവരുടെയും ഏകോപിതമായ പ്രവർത്തനമാണ് ഈ നേട്ടത്തിന് പിന്നിൽ. ശിശുരോഗ ചികിത്സാ രംഗത്ത് റോബോട്ടിക് ശസ്ത്രക്രിയയുടെ സാധ്യതകൾ വിപുലീകരിക്കുന്നതിൽ സുപ്രധാന നാഴികക്കല്ലാണ് ഈ വിജയമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.