- Trending Now:
തിരുവനന്തപുരം: കേരളത്തിലെ ഐ.ടി ജീവനക്കാരുടെ സാംസ്കാരിക-ക്ഷേമ സംഘടനയായ പ്രതിധ്വനി ടെക്നോപാർക്കിൻറെയും ഏഷ്യാനെറ്റ് ന്യൂസിൻറെയും സഹകരണത്തോടെ സംഘടിപ്പിച്ച പ്രഥമ പ്രതിധ്വനി ഐ.ടി കലോത്സവം 2026 സമാപിച്ചു.
കലോത്സവത്തിൽ വിവിധ മത്സരങ്ങളിലെ പോയിൻറ് നിലയിൽ മുന്നിലെത്തിയ എച്ച് ആൻഡ് ആർ ബ്ലോക്ക് ഓവറോൾ ചാമ്പ്യൻഷിപ്പും എവർ റോളിംഗ് ട്രോഫിയും സ്വന്തമാക്കി. ടി.സി.എസ് രണ്ടാം സ്ഥാനവും അലയൻസ് ടെക്നോളജി മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായ ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് വിജയികൾക്ക് ട്രോഫി സമ്മാനിച്ചു.
വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമാപനച്ചടങ്ങിൽ മെഡലുകളും ട്രോഫികളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു. സമാപന ചടങ്ങിൽ പ്രശസ്ത ഗായകൻ സൂരജ് സന്തോഷിൻറെ സംഗീതനിശയും അരങ്ങേറി.
ടെക്നോപാർക്കിൽ നവംബർ 19 ന് ആരംഭിച്ച ആറു ദിവസത്തെ കലോത്സവത്തിൽ വിവിധ ഐ.ടി കമ്പനികളിൽ നിന്നായി 1500-ലധികം ജീവനക്കാർ 50 മത്സര ഇനങ്ങളിലായി പങ്കെടുത്തു. നൃത്തം, സംഗീതം, സാഹിത്യം, ഫോട്ടോഗ്രഫി, നാടകം, മിമിക്രി, മോണോ ആക്ട്, പ്രസംഗം തുടങ്ങിയ ഇനങ്ങളാണ് കലോത്സവത്തിൻറെ ഭാഗമായി സംഘടിപ്പിച്ചത്. ഡാൻസ് വാർ, ഫാഷൻ ഷോ, ബാൻഡ് വാർ തുടങ്ങിയ മത്സരങ്ങൾ ഏറെ ശ്രദ്ധ നേടി. ഐ.ടി ജീവനക്കാരുടെ മക്കൾക്കായി സംഘടിപ്പിച്ച കിഡ്സ് ഫെസ്റ്റിൽ 24 ഇനങ്ങളിലായി 400-ലധികം കുട്ടികൾ പങ്കെടുത്തു.
സമാപന സമ്മേളനത്തിൽ കഴക്കൂട്ടം അസിസ്റ്റൻറ് കമ്മീഷണർ ഓഫ് പോലീസ് എസ്.വൈ സുരേഷ്, ഏഷ്യാനെറ്റ് ന്യൂസ് സീനിയർ വൈസ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ ബി.കെ., ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ ഡിജിറ്റൽ മീഡിയ ഹെഡ് മുരളി, ടെക്നോപാർക്ക് സീനിയർ മാനേജർ ആനി മോസസ്, ചലച്ചിത്ര സംവിധായിക വിധു വിൻസെൻറ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
പ്രതിധ്വനി സെക്രട്ടറിയും കലോത്സവം പ്രോഗ്രാം ജനറൽ കൺവീനറുമായ വിനീത് ചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മീഡിയ കമ്മിറ്റി കൺവീനർ മുഹമ്മദ് അനീഷ്, പ്രതിധ്വനി സ്റ്റേറ്റ് കൺവീനർ രാജീവ് കൃഷ്ണൻ, പ്രസിഡൻറ് വിഷ്ണു രാജേന്ദ്രൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ രോഹിത് കൊല്ലത്തൊടിയിൽ, പ്രതിധ്വനി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഞ്ജു ഡേവിഡ് എന്നിവർ സംസാരിച്ചു.
ബാൻഡ് വാറിൽ എച്ച് ആൻഡ് ആർ ബ്ലോക്ക് ഒന്നാംസമ്മാനം നേടി. ഡാൻസ് വാറിലും എച്ച് ആൻഡ് ആർ ബ്ലോക്ക് ഒന്നാംസമ്മാനം നേടി. ഫാഷൻ ഷോയിൽ ടിസിഎസ് വിജയികളായി.
ബാൻഡ് വാറിൽ ഇ.വൈ, പ്രസ് ഗേനി അസോസിയേറ്റ്സ് എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി. യുഎസ്ടി, ഇൻഫോസിസ് എന്നിവയാണ് ഡാൻസ് ബാറിൽ രണ്ടും മൂന്നും സ്ഥാനം നേടിയത്. ഫാഷൻ ഷോയിൽ അലയൻസ് ടെക്നോളജി രണ്ടാംസ്ഥാനവും ബിറ്റ്സ്ൻപിക്സ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.
നവംബർ 19 ന് സംസ്ഥാന ഐ.ടി സ്പെഷ്യൽ സെക്രട്ടറി സുഹാസ് ആണ് കലോത്സവം ഉദ്ഘാടനം ചെയ്തത്. ടെക്നോപാർക്ക് സി.ഇ.ഒ ഹരിശങ്കർ രാധാകൃഷ്ണനും ചടങ്ങിൽ പങ്കെടുത്തു. പ്രശസ്ത ഗായകൻ ജാസി ഗിഫ്റ്റിൻറെ സംഗീതനിശയും അരങ്ങേറി.
കഴിഞ്ഞ 14 വർഷമായി ഐ.ടി ജീവനക്കാരുടെ ക്ഷേമത്തിനും കലാ-കായിക-സാംസ്കാരിക പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന സംഘടനയാണ് പ്രതിധ്വനി. കേരളത്തിലെ ഐ.ടി ജീവനക്കാരുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും സർഗാത്മകതയ്ക്ക് വേദിയൊരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിധ്വനി ഐ.ടി കലോത്സവം സംഘടിപ്പിച്ചത്. കല, സർഗാത്മകത, സൗഹൃദം, കൂട്ടായ്മ എന്നിവയുടെ ആഘോഷമായി മാറിയ ഐ.ടി കലോത്സവം എല്ലാ വർഷവും സംഘടിപ്പിക്കുമെന്നും പ്രതിധ്വനി അറിയിച്ചു.
വിശദവിവരങ്ങൾക്കും മത്സരഫലങ്ങൾക്കും: https://itkalolsavam.prathidhwani.org.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.