- Trending Now:
കൊച്ചി: ബ്രസീലിലെ ഭൂരഹിത ഗ്രാമീണ തൊഴിലാളി പ്രസ്ഥാനമായ മൂവിമെൻറോ ഡോസ് ട്രബല്ഹദോറെസ് റൂറൈസ് സെം ടെറ (എംഎസ്ടി)-യുടെ അന്താരാഷ്ട്ര വിഭാഗം മേധാവി ജൂഡിത്തെ ഡോസ് സാൻറോസ് നയിച്ച പ്രതിനിധിസംഘം ഉരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സന്ദർശിച്ചു. മുൻകൂട്ടി നടത്തിയ ചർച്ചകൾക്ക് ശേഷം ഇരു സംഘടനകളുടെയും നേതൃത്വങ്ങൾ തമ്മിലുള്ള ആദ്യ നേരിട്ടുള്ള കൂടിക്കാഴ്ചയായിരുന്നു ഇത്. സമൂഹാധിഷ്ഠിത വികസനം, പരമ്പരാഗത വിജ്ഞാന സംവിധാനങ്ങൾ, സാംസ്കാരിക പൈതൃക സംരക്ഷണം, വിദ്യാഭ്യാസം, സുസ്ഥിര ഉപജീവന മാർഗങ്ങൾ എന്നിവയിൽ സഹകരണത്തിനുള്ള സാധ്യതകൾ തേടിയായിരുന്നു സന്ദർശനം.
യുഎൽസിസിഎസ് ആക്ടിംഗ് ചെയർമാൻ എം. എം. സുരേന്ദ്രൻ പ്രതിനിധിസംഘത്തെ സ്വീകരിച്ചു. യുഎൽസിസിഎസ് നാദാപുരം റോഡ് ഹെഡ് ഓഫീസിൽ മാനേജിംഗ് ഡയറക്ടർ ഷാജു എസ്.-മായി പ്രതിനിധിസംഘം വിശദമായ ചർച്ചകൾ നടത്തി. നൂറുവർഷത്തിലേറെ നീണ്ട സഹകരണ പ്രസ്ഥാനത്തിൻറെ വളർച്ചയും വിവിധ മേഖലകളിലേക്കുള്ള പ്രവർത്തന വൈവിധ്യവും പ്രതിനിധിസംഘം മനസിലാക്കി. തുടർന്ന് യുഎൽസിസിഎസ് സെൻറിനറി എൽ.പി. സ്കൂൾ സന്ദർശിച്ച സംഘം, സമൂഹകേന്ദ്രീകൃത വിദ്യാഭ്യാസത്തോടുള്ള സഹകരണ സ്ഥാപനത്തിൻറെ സമീപനവും കുട്ടികൾക്കായി എല്ലാവരെയും ഉൾക്കൊള്ളുന്നതും പ്രവർത്തനാധിഷ്ഠിതവുമായ പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളും പരിചയപ്പെട്ടു.
തുടർന്ന് പ്രതിനിധിസംഘം ഇരിങ്ങലിലെ മടിത്തട്ട് സംരംഭവും സർഗാലയ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജും സന്ദർശിച്ചു. സമൂഹപങ്കാളിത്തം, കരകൗശല വിദഗ്ധർക്കുള്ള പിന്തുണാ സംവിധാനങ്ങൾ, പരമ്പരാഗത കലാരൂപങ്ങൾ, സുസ്ഥിര ഉപജീവന മാതൃകകൾ എന്നിവയെക്കുറിച്ചും സംഘം നേരിട്ട് മനസ്സിലാക്കി. പരമ്പരാഗത വിജ്ഞാനവും സാംസ്കാരിക പൈതൃകവും സംരക്ഷിക്കുന്നതിൻറെയും പ്രോത്സാഹിപ്പിക്കുന്നതിൻറെയും പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് കളരിപ്പയറ്റ് പ്രദർശനത്തോടെയാണ് പരിപാടി സമാപിച്ചത്.
വിജ്ഞാന കൈമാറ്റത്തിനായി ദീർഘകാല സഹകരണ ചട്ടക്കൂടുകൾ വികസിപ്പിക്കുക, സമൂഹാധിഷ്ഠിത ഉപജീവന-കരകൗശല മേഖലകളെ ശക്തിപ്പെടുത്തുക, വിദ്യാഭ്യാസവും സാംസ്കാരിക പൈതൃകവും പ്രോത്സാഹിപ്പിക്കുക, ഇന്ത്യയിലും ബ്രസീലിലും എംഎസ്ടി-യും യുഎൽസിസിഎസ്-ഉം തമ്മിലുള്ള സഹകരണ സാധ്യതകൾ പരിശോധിക്കുക എന്നിവയായിരുന്നു ചർച്ചകളിലെ പ്രധാന വിഷയങ്ങൾ.
സമൂഹ ശാക്തീകരണം, കൂട്ടായ പ്രവർത്തനം, സുസ്ഥിര വികസനം എന്നിവയിൽ ശക്തമായ പ്രതിബദ്ധത പുലർത്തുന്ന രണ്ട് സംഘടനകൾ തമ്മിൽ അർത്ഥവത്തായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പായി ഈ സന്ദർശനം മാറി. ഭാവിയിലെ സഹകരണത്തിൻറെ ഭാഗമായി യുഎൽസിസിഎസ് പ്രതിനിധിസംഘം ബ്രസീലിൽ സന്ദർശനം നടത്താനും സാധ്യതയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.