Sections

നെല്ല് സംഭരണം സുഗമമാക്കുന്നതിന് സഹകരണ മേഖല സജീവമായി ഇടപെടും: മന്ത്രി വി.എൻ. വാസവൻ

Monday, Jan 05, 2026
Reported By Admin
Cooperative Sector to Ease Paddy Procurement in Kuttanad: Minister

  • സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്തു

കുട്ടനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ നെല്ല് സംഭരണം സുഗമമാക്കുന്നതിന് സഹകരണ മേഖല സജീവമായി ഇടപെടൽ നടത്തുമെന്നും ഇത് കർഷകർക്ക് വലിയ ആശ്വാസമാകുമെന്നും തുറമുഖ-സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

എഴുപത്തിരണ്ടാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം ആലപ്പുഴ റമദയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

രണ്ട് സഹകരണ സംഘങ്ങൾ 'നെല്ല് സംഭരണ സംസ്കരണ വിപണന സംഘങ്ങൾ' എന്ന രീതിയിൽ സംഘടിപ്പിക്കും. ഇവയിൽ ഒരെണ്ണം കോട്ടയത്തും രണ്ടാമത്തേത് പാലക്കാടും പ്രവർത്തനം ആരംഭിക്കും. കോട്ടയത്തെ ഈ സംരംഭം മാർച്ചിൽ ഉദ്ഘാടനം ചെയ്യാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.

ആധുനിക കാലഘട്ടത്തിലെ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് എല്ലാ രംഗത്തും മുന്നേറ്റം നടത്താൻ സഹകരണ മേഖലയ്ക്ക് സാധിച്ചു. ഉല്പാദന, സേവന, പശ്ചാത്തല വികസന മേഖലകളിൽ ഒരുപോലെ ഇടപെട്ടുകൊണ്ട് അന്തർദേശീയ തലത്തിൽ വരെ ശ്രദ്ധയാകർഷിക്കാൻ കേരളത്തിന്റെ സഹകരണ മേഖലയ്ക്ക് സാധിച്ചു.

സഹകരണ പ്രസ്ഥാനങ്ങൾ ജനജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും നിറസാന്നിധ്യമായി മാറിയിരിക്കുന്നു. ഉല്പാദന രംഗത്ത് ഇന്ന് സഹകരണ സംഘങ്ങൾ 400-ൽ പരം ഉല്പന്നങ്ങളാണ് നിർമ്മിക്കുന്നത്. കൂടാതെ കാർഷിക വിഭവങ്ങൾ അമേരിക്ക, യൂറോപ്പ്, ഗൾഫ് എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും സാധിച്ചു. സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ പ്രവാസികളുടെ തരിശായിക്കിടക്കുന്ന ഭൂമി നിശ്ചിത കാലത്തേക്ക് കൃഷി ചെയ്യുന്ന പദ്ധതി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

മുൻ എം.എൽ.എയും കേരള സംസ്ഥാന സഹകരണ യൂണിയൻ ചെയർമാനുമായ കോലിയക്കോട് എൻ. കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു.

എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, സഹകരണ സംഘം രജിസ്ട്രാർ ഡോ. ഡി. സജിത് ബാബു, കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് പി. മോഹനൻ മാസ്റ്റർ, സഹകരണ ഓഡിറ്റ് ഡയറക്ടർ എം.എസ്. ഷെറിൻ, സംസ്ഥാന സഹകരണ യൂണിയൻ ഭരണസമിതിയംഗങ്ങളായ എ.ഡി. കുഞ്ഞച്ചൻ, ടി.കെ. ദേവകുമാർ, കെ. രാജഗോപാൽ, കെ.എം. രാധാകൃഷ്ണൻ, വി.എം. ശശി, എസ്. സാബു, ഇ.എൻ. രവീന്ദ്രൻ, എൻ.കെ. രാമചന്ദ്രൻ, വി.വി. ബേബി, പി.ജി. ഗോപകുമാർ, സി.വി. ശശീന്ദ്രൻ, കെ.എം. ഉഷ, അഡീഷണൽ രജിസ്ട്രാർ എം.പി. രജിത്കുമാർ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ. നാസർ, ആലപ്പുഴ ജോയിന്റ് രജിസ്ട്രാർ (ജനറൽ) വി.കെ. സുബിന, വിവിധ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻമാരായ എ.എസ്. സാബു, വി.എൻ. വിജയകുമാർ, എം.ടി. ചന്ദ്രൻ, എസ്. നസീം, കെ. മധുസൂദനൻ, എം. ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് നടന്ന 'നവകേരള നിർമിതിയിൽ സഹകരണ പ്രസ്ഥാനത്തിന്റെ പങ്ക്' എന്ന വിഷയത്തിലുള്ള സെമിനാറിൽ ഐ.സി.എം. ഡയറക്ടർ ഡോ. സക്കീർ ഹുസൈൻ വിഷയാവതരണം നടത്തി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.