Sections

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കരകൗശല മേളയായ സർഗാലയ ഇൻറർനാഷണൽ ആർട്സ് ആൻറ് ക്രാഫ്റ്റ്സ് ഫെസ്റ്റിവലിൻറെ 13-ാം പതിപ്പുമായി യുഎൽസിസിഎസ്

Tuesday, Dec 23, 2025
Reported By Admin
Sargaalaya International Arts & Crafts Festival Begins

കൊച്ചി: സർഗാലയ കേരള ആർട്സ് ആൻറ് ക്രാഫ്റ്റ്സ് വില്ലേജ് സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കലാ-കരകൗശല ഉത്സവമായ സർഗാലയ അന്താരാഷ്ട്ര കലാ-കരകൗശല മേളയുടെ പതിമൂന്നാമത് പതിപ്പിന് കോഴിക്കോട് ഇരിങ്ങലിലുള്ള സർഗലയ ആർട്ട്സ് ആൻറ് ക്രാഫ്റ്റ് വില്ലേജിൽ തുടക്കമാകുന്നു. ഈ മേള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി 2 ലക്ഷത്തിലധികം സന്ദർശകരെ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പരമ്പരാഗതവും സമകാലികവുമായ കരകൗശല വൈദഗ്ധ്യത്തിൻറെ സമ്പന്നത ആഘോഷിക്കുന്ന സർഗാലയ ഇൻറർനാഷണൽ ആർട്സ് ആൻറ് ക്രാഫ്റ്റ്സ് ഫെസ്റ്റിവൽ ഇന്ത്യയിലെ ഏറ്റവും ഊർജ്ജസ്വലവും അഭിമാനകരവുമായ കരകൗശല ഉത്സവങ്ങളിലൊന്നാണ്.

2025 ഡിസംബർ 23 മുതൽ 2026 ജനുവരി 11 വരെയാണ് സർഗാലയ അന്താരാഷ്ട്ര കലാകരകൗശല മേള. മുൻ പന്ത്രണ്ട് പതിപ്പുകളുടെ വൻ വിജയത്തെത്തുടർന്ന്, ഇന്ത്യയിലുടനീളമുള്ളതും വിദേശത്തുമുള്ള കരകൗശല വിദഗ്ധർക്ക് ഗ്രാമീണ- അന്തരീക്ഷത്തിൽ അവരുടെ കൈകൊണ്ട് നിർമ്മിച്ച അതിമനോഹരമായ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമുള്ള ഒരു സവിശേഷ വേദിയാണ് ഈ മേള. ഈ വർഷം വൈവിധ്യമാർന്ന കരകൗശല പാരമ്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന ഏകദേശം 300 കരകൗശല വിദഗ്ധരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.

മേളയുടെ ഔപചാരിക ഉദ്ഘാടനം ബഹു. കേരള സർക്കാർ പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഡിസംബർ 25നു വൈകുന്നേരം 6 മണിക്ക് നിർവഹിക്കും. കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, ഐ.എ.എസ്, നബാർഡ് കേരള റീജിയൻ ചീഫ് ജനറൽ മാനേജർ നാഗേഷ് കുമാർ അനുമാല എന്നിവർ പങ്കെടുക്കും.

മേളയിൽ ബലാറസ് , ഈജിപ്ത്, ഇറാൻ, ഇസ്രായേൽ, ജോർദാൻ, കസാഖ്സ്താൻ, നേപ്പാൾ, റഷ്യ, ശ്രീലങ്ക, സിറിയ, താജിക്കിസ്ഥാൻ, തായ്വാൻ, തായ്ലൻഡ് ,ഉഗാണ്ട, ഉസ്ബെക്കിസ്ഥാൻ എന്നീ 15 രാജ്യങ്ങളിൽ നിന്നും കൂടാതെ ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിൽ നിന്നുമുള്ള മുന്നൂറോളം കരകൗശല വിദഗ്ദ്ധർ പങ്കെടുക്കും. ഹരിയാനയിലെ സൂര്യകാന്ത് ബോണ്ട് വാൾ, പശ്ചിമ ബംഗാളിലെ അസിത് ഭരൻജന, രാജസ്ഥാനിലെ മുഹമ്മദ് ഷെരീഫ്, ന്യുഡൽഹിയിലെ മുഹമ്മദ് മത്തലൂബ്, ഷഹീൻ അഞ്ചും എന്നീ ദേശീയ കരകൗശല അവാർഡ് / ശില്പഗുരു വിജയികൾ മേളയിൽ പങ്കെടുക്കും.

മേളയുടെ ഭാഗമായി നൂറിൽപ്പരം കരകൗശല സ്റ്റാളുകൾ, വൈവിധ്യമേറിയ കലാപരിപാടികൾ, ഹാൻഡ്ലൂം തീം പവിലിയൻ, ഹാൻഡ്ലൂം ഫാഷൻ ഷോ മത്സരം, കേരളീയ ഭക്ഷ്യമേള, ഫ്ലവർ ഷോ, ടൂറിസം എക്സ്പോ, പ്രമുഖർ പങ്കെടുക്കുന്ന ടൂറിസം ടോക്ക് ഷോ, കൊമേർഷ്യൽ പവിലിയൻ, വാഹന പ്രദർശനം, കളരിയുടെ ബന്ധപ്പെടുത്തിയുള്ള പ്രദർശനം, കുട്ടികൾക്കായുള്ള വിവിധ വിനോദോപാധികൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. ഇത്തവണ പ്രത്യേകമായി രാജസ്ഥാൻ ഭക്ഷ്യ വിഭവങ്ങൾ മേളയിൽ ഒരുക്കുന്നുണ്ട്.

ഈ മേളയുടെ സംഘാടകരായ സർഗാലയ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ്, കേരള സർക്കാരിൻറെ ടൂറിസം വകുപ്പിന് വേണ്ടി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആണ് വിഭാവനം ചെയ്ത് വികസിപ്പിച്ചതും നിലവിൽ മാനേജ് ചെയ്യുന്നതും. യു.എൽ.സി.സി.എസിൻറെ നേരിട്ടുള്ള മേൽനോട്ടത്തിൽ പണിത പാരമ്പര്യ ശൈലിയിലുള്ള കുടിലുകളും മികച്ച അടിസ്ഥാന സൗകര്യങ്ങളും കലാകാരന്മാർക്കും സന്ദർശകർക്കും ഒരേപോലെ ആധികാരികവും ഹൃദ്യവുമായ അനുഭവം നൽകുന്നവയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.