Sections

ആമസോൺ ഏഷ്യയിലെ രണ്ടാമത്തെ വലിയ ഓഫീസ് ബെംഗളൂരുവിൽ തുറന്നു

Monday, Feb 23, 2026
Reported By Admin
Amazon Opens Mega Corporate Campus in Bengaluru

കൊച്ചി: ആമസോൺ ബെംഗളൂരുവിൽ ഏഷ്യയിലെ രണ്ടാമത്തെ വലിയ കോർപ്പറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു. 11 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള 12 നിലകളുള്ള ഈ ക്യാമ്പസ് ഇകൊമേഴ്സ്, ഓപ്പറേഷൻസ്, പേയ്മെന്റ്സ്, ടെക്നോളജി, സെല്ലർ സർവീസസ് എന്നീ മേഖലകളിൽ 7,000ത്തിലധികം ജീവനക്കാർക്ക് ജോലി ചെയ്യാൻ സൗകര്യമൊരുക്കും.

അഞ്ച് ഏക്കർ സ്ഥലത്ത് നിർമ്മിച്ചിരിക്കുന്ന ഈ കെട്ടിടം കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ഏകദേശം 15 കിലോമീറ്റർ അകലെയാണ്. കർണാടക സർക്കാരിന്റെ വൻഇടത്തരം വ്യവസായ, അടിസ്ഥാന സൗകര്യ വികസന വകുപ്പ് മന്ത്രിയായ എം.ബി.പാട്ടീൽ ക്യാമ്പസ് ഉദ്ഘാടനം ചെയ്തു.

ഈ പുതിയ ക്യാമ്പസ് സഹകരണം, പഠനം, സൗകര്യപ്രദമായ ജോലി സാഹചര്യങ്ങൾ, ജീവനക്കാരുടെ ക്ഷേമം എന്നിവ ലക്ഷ്യമാക്കി രൂപകൽപ്പന ചെയ്തതാണ്. ഇന്ത്യയിലെ തുടർച്ചയായ നിക്ഷേപങ്ങളുടെ ഭാഗമാണ് ഈ പദ്ധതിയും. കമ്പനി ഇതിനകം ഇന്ത്യയിൽ 40 ബില്യൺ ഡോളറിലധികം നിക്ഷേപം നടത്തിയിട്ടുണ്ട്. 2030ഓടു കൂടി 35 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്നും അറിയിച്ചു.

ബെംഗളൂരുവിലെ ആമസോണിന്റെ നിക്ഷേപം ഇന്ത്യയുടെ സാങ്കേതിക നവീകരണ ശേഷി വർധിപ്പിക്കുന്നുവെന്നും ഇത്തരത്തിലുള്ള വലിയ ക്യാമ്പസുകൾ ഉയർന്ന നിലവാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുവെന്നും മന്ത്രി എം.ബി. പാട്ടിൽ പറഞ്ഞു.

ഇന്ത്യ ആമസോണിന് ദീർഘകാല മുൻഗണനയാണെന്നും ബെംഗളൂരു തങ്ങളുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചുവെന്നും അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ, പ്രതിഭകൾ എന്നിവയിൽ തുടർച്ചയായ നിക്ഷേപം നടത്തുമെന്നും ആമസോൺ ഇന്ത്യ കൺട്രി മാനേജർ സമീർ കുമാർ പറഞ്ഞു.

ക്യാമ്പസിൽ ആധുനിക ഓഫീസ് സൗകര്യങ്ങൾ, മീറ്റിംഗ് ഹാളുകൾ, വിശ്രമ കേന്ദ്രങ്ങൾ, ബാസ്ക്കറ്റ്ബോൾ, പിക്കിൾബോൾ കോർട്ടുകൾ, ആംഫിതിയേറ്റർ, ഹരിത പ്രാന്തങ്ങൾ, കാഫറ്റീരിയകൾ എന്നിവ ഒരുക്കിയിട്ടുണ്ട്.

കാർബൺ ഉൽപാദനം കുറയ്ക്കാനുള്ള ലക്ഷ്യത്തോടെയാണ് ഈ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. 2040ഓടെ നെറ്റ്സീറോ കാർബൺ ലക്ഷ്യം കൈവരിക്കാൻ ആമസോൺ പ്രതിജ്ഞാബദ്ധമാണെന്നും കമ്പനി അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.