Sections

ഇൻഫോപാർക്കിൽ ഫേസ് രണ്ടിൽ പ്രവർത്തനം ആരംഭിച്ച് പ്രമുഖ ഫിൻടെക് സ്റ്റാർട്ടപ്പായ ഐവിബിഎം

Friday, Jul 10, 2026
Reported By Admin
IVBM Opens New Office at Infopark Phase 2, Kochi

കൊച്ചി: പ്രമുഖ ഫിൻടെക് സ്റ്റാർട്ടപ്പായ ഐവിബിഎം പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ ഓഫീസ് ഇൻഫോപാർക്ക് ഫേസ് 2-ലെ ജ്യോതിർമയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ, സെസ് അസി. ഡെവലപ്മന്റ് കമ്മീഷണർ വിനീത വിജയൻ, ഇൻഫോപാർക്ക് ഫേസ് ഒന്ന്, രണ്ട് മേഖലകളുടെ സെസ് സുപ്രണ്ട് (കസ്റ്റംസ്- കൊച്ചിൻ സെസ്) അനൂപ് അരവിന്ദൻ തുടങ്ങിയവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്.

കൊച്ചി മെട്രോയുടെ സൗത്ത് സ്റ്റേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പ്രീമിയം കൊ-വർക്കിംഗ് സ്പേസായ ഐ ബൈ ഇൻഫോപാർക്കിലായിരുന്നു ഐവിബിഎം നിലവിൽ പ്രവർത്തിച്ചു കൊണ്ടിരുന്നത്.

ഇൻഫോപാർക്ക് ഫേസ് ഒന്ന് കാമ്പസിനേക്കാൾ വലിയ വികസനമാണ് ഫേസ് രണ്ടിൽ ഉണ്ടാകാൻ പോകുന്നതെന്ന് ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച സുശാന്ത് കുറുന്തിൽ പറഞ്ഞു. ചെറുതെന്നോ വലുതെന്ന വ്യത്യാസമില്ലാതെ ടെക്നോളജി മേഖലയെ മുഴുവനായി ഉൾക്കൊള്ളുന്ന ആവാസവ്യവസ്ഥയാണ് ഇൻഫോപാർക്ക് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അഞ്ച് വർഷം മുമ്പ് ഒരു ജീവനക്കാരനിൽ നിന്നും ആരംഭിച്ച് ഇന്ന് 75 ജീവനക്കാരുമായി ഐവിബിഎം മുന്നേറുകയാണെന്ന് കമ്പനി വൈസ് പ്രസിഡന്റും ഓപ്പറേഷൻസ് മേധാവിയുമായ ഫസലു റഹ്മാൻ പറഞ്ഞു. നൂതനത്വത്തിലധിഷ്ഠിതമായ വിശ്വാസ്യതയാണ് കമ്പനിയുടെ മുഖമുദ്ര. എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനമാണ് ഐവിബിഎമ്മിനുള്ളത്. ഓട്ടിസമടക്കമുള്ള ശാരീകാവസ്ഥയുള്ളവരും കമ്പനിയുടെ ജീവനക്കാരായുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വിനീത വിജയൻ, അനൂപ് അരവിന്ദൻ, ഐവിബിഎം സ്ഥാപകൻ ജാഫർ സാദിഖ്, സാമൂഹ്യപ്രവർത്തകൻ രാജു പി നായർ തുടങ്ങിയവർ സംസാരിച്ചു.

ഫിൻടെക്, ബിസിനസ് കൺസൽട്ടൻസി, ഓഡിറ്റ് -അക്കൗണ്ടിംഗ്, ഐടി സേവനങ്ങളാണ് ഐവിബിഎം നൽകുന്നത്. ഗൾഫ് മേഖലയിലാണ് ഐവിബിഎമ്മിന്റെ ഉപഭോക്തക്കളിലേറെയും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.