Sections

ആഗോള ഡയബറ്റിസ് കൺവെൻഷന് ഇന്ന് (വെള്ളിയാഴ്ച) കോവളത്ത് തുടക്കം

Friday, Jul 10, 2026
Reported By Admin
Global Diabetes Convention 2026 Begins at Kovalam

തിരുവനന്തപുരം: പ്രമുഖ പ്രമേഹ ചികിത്സാ വിദഗ്ധർ, ഡോക്ടർമാർ, ഗവേഷകർ, ഹെൽത്ത് കെയർ ഇന്നൊവേറ്റർമാർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന വാർഷിക ഗ്ലോബൽ ഡയബറ്റിസ് കൺവെൻഷന് ഇന്ന് (ജൂലൈ 10) കോവളത്ത് തുടക്കമാകും.

ജ്യോതിദേവ്സ് പ്രൊഫഷണൽ എജ്യുക്കേഷൻ ഫോറം (ജെപിഇഎഫ്) സംഘടിപ്പിക്കുന്ന ത്രിദിന ഡയബറ്റിസ് കൺവെൻഷൻറെ പ്രമേയം 'പരിചരണത്തിൽ ഏറ്റവും മികച്ചത് തിരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കൽ' എന്നതാണ്.

പ്രമേഹം, അമിതവണ്ണം, കാർഡിയോമെറ്റബോളിക് കെയർ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, വളർന്നുവരുന്ന ചികിത്സാ രീതികൾ, കണ്ടുപിടുത്തങ്ങൾ, ഡയബറ്റിക് ടെക്നോളജി എന്നിവയിലെ പുതിയ കണ്ടെത്തലുകൾ കൺവെൻഷനിൽ അവതരിപ്പിക്കും. പ്രമേഹചികിത്സാ മാർഗങ്ങൾക്കൊപ്പം അമിതവണ്ണം നിയന്ത്രിക്കേണ്ടതിൻറെ ആവശ്യകതയും കൺവെൻഷനിൽ ചർച്ചചെയ്യും.

കൺവെൻഷൻറെ ഔദ്യോഗിക ഉദ്ഘാടനം ജൂലൈ 11 (ശനിയാഴ്ച) വൈകിട്ട് 4 ന് കോവളം ഉദയസമുദ്രയിൽ ആരോഗ്യമന്ത്രി കെ. മുരളീധരൻ നിർവഹിക്കും.

ദേശീയ, അന്തർദേശീയ തലത്തിലെ ആരോഗ്യ വിദഗ്ധരും ഡോക്ടർമാരും പങ്കെടുക്കുന്ന കൺവെൻഷൻ പ്രമേഹ പരിചരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ശാസ്ത്രീയ തെളിവുകൾ, ക്ലിനിക്കൽ വൈദഗ്ദ്ധ്യം, നൂതനാശയങ്ങൾ എന്നിവ പങ്കിടുന്നതിനുള്ള സുപ്രധാന വേദിയാകും.

കൺവെൻഷൻ ഓർഗനൈസിങ് സെക്രട്ടറി ഡോ. ജ്യോതിദേവ് കേശവദേവ്, ഓർഗനൈസിങ് ചെയർമാൻ ഡോ. അരുൺ ശങ്കർ, കോൺഫറൻസ് ചീഫ് ഓർഗനൈസറും ഡയറക്ടറുമായ സുനിത ജ്യോതിദേവ്, കൺവീനർ ഹരിപ്രസാദ്, സയൻറിഫിക് കോ ഓർഡിനേറ്റർ അഞ്ജന ബസന്ത് എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകും.

പ്രമേഹ രോഗവും പരിചരണവും ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട വിവിധ സെഷനുകൾ സമ്മേളനത്തിലുണ്ടാകും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 ന് ആദ്യ സെഷൻ ആരംഭിക്കും. ഉദയസമുദ്രയിലെ മൂന്ന് വേദികളിലായി സമാന്തര സെഷനുകൾ നടക്കും. രണ്ടാം ദിവസം രാവിലെ 8.30 മുതൽ സെഷനുകൾ ആരംഭിക്കും.

ഓസ്ട്രിയ, സിംഗപ്പൂർ, മലേഷ്യ, ഈജിപ്റ്റ്, ഒമാൻ, നേപ്പാൾ, ദുബായ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രമേഹ രോഗ വിദഗ്ധർ ജെപിഇഎഫ്-2026 ൽ വിവിധ സെഷനുകളിൽ പങ്കെടുക്കും. ഇതിനു പുറമേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആരോഗ്യ വിദഗ്ധൻമാരും സമ്മേളനത്തിൻറെ ഭാഗമാകും.

തുടർച്ചയായ ഗ്ലൂക്കോസ് നിരീക്ഷണത്തിലെ പുരോഗതി, എഐ നിയന്ത്രിത വ്യക്തിഗത പരിചരണം, ഓട്ടോമേറ്റഡ് ഇൻസുലിൻ ഡെലിവറി മാർഗങ്ങൾ, സ്റ്റെം സെൽ ഗവേഷണം, ടൈപ്പ് 1 പ്രമേഹത്തിനുള്ള ടെപ്ലിസുമാബ്, ബേസൽ ഇൻസുലിൻ, ഇൻഹേൽഡ് ഇൻസുലിൻ, ജെറിയാട്രിക് ഡയബറ്റിസ് മാനേജ്മെൻറ് എന്നിവയുമായി ബന്ധപ്പെട്ട സെഷനുകൾ പരിപാടിയുടെ പ്രധാന സവിശേഷതയാണ്.

ബാക്സ്ഡ്രോസ്റ്റാറ്റ് (Baxdrostat), വികാഡ്രോസ്റ്റാറ്റ് (Vicadrostat), ആഴ്ചയിലൊരിക്കൽ മാത്രം ഉപയോഗിക്കേണ്ട പുതിയ ഇൻസുലിൻ എന്നിവയുൾപ്പെടെയുള്ള പുതിയ മരുന്നുകളെക്കുറിച്ച് ചർച്ചകൾ നടക്കുകയാണെന്നത് ശ്രദ്ധേയം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.