- Trending Now:
ഇന്ത്യാ ഗവൺമെന്റിന്റെ ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസ് (CCRAS) കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുമായി (CII) സഹകരിച്ച് കൊച്ചിയിലെ ലെ മെറിഡിയനിൽ വെച്ച് സംഘടിപ്പിച്ച 'CCRAS-SIDDHI 3.0' (സയന്റിഫിക് ഇന്നൊവേഷൻ ഇൻ ഡ്രഗ് ഡെവലപ്മെന്റ്, ഹെൽത്ത്കെയർ & ഇന്റഗ്രേഷൻ) സമാപിച്ചു. 2026 നവംബർ 20 മുതൽ 21 വരെ നടന്ന ദ്വിദിന സംഗമത്തിൽ വ്യവസായ പ്രമുഖർ, ഗവേഷകർ, അക്കാദമിക വിദഗ്ധർ എന്നിവർ ഉൾപ്പെടെ 130-ഓളം പേർ പങ്കെടുത്തു. ഗവേഷണ ഫലങ്ങളെ വാണിജ്യാടിസ്ഥാനത്തിലുള്ള ആരോഗ്യ സംരക്ഷണ പരിഹാരങ്ങളാക്കി മാറ്റുന്നത് വേഗത്തിലാക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.
CCRAS ഡയറക്ടർ ജനറൽ പ്രൊഫ.രബിനാരായണ ആചാര്യ, CII കേരള ആയുർവേദ പാനൽ കൺവീനറും കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ.പി.എം.വാര്യർ തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിൽ CCRAS-ന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ 'പ്രയോഗസമുച്ചയ' പ്രകാശനം ചെയ്തു. കോട്ടയ്ക്കൽ ആര്യവൈദ്യശാല, സീതാറാം ആയുർവേദ, വൈദ്യരത്നം ഗ്രൂപ്പ്, കേരള ആയുർവേദ ഫാർമസി ലിമിറ്റഡ്, നാഗാർജുന ആയുർവേദ, ഔഷധി, എസ്.എൻ.എ ഔഷധശാല പ്രൈവറ്റ് ലിമിറ്റഡ്, ശ്രീമെഡ് ലാബ്സ് തുടങ്ങിയ പ്രമുഖ ആയുർവേദ ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങളിലെ ഉന്നത പ്രതിനിധികൾ പരിപാടിയുടെ ഭാഗമായി CCRAS നേതൃത്വവുമായി ആശയവിനിമയം നടത്തി. ഉൽപ്പാദനവുമായി ബന്ധപ്പെട്ട പരിമിതികൾ, ഗുണമേന്മയുള്ള അസംസ്കൃത വസ്തുക്കളുടെ കടുത്ത ക്ഷാമം തുടങ്ങിയ പ്രധാന വെല്ലുവിളികൾ വ്യവസായ പ്രതിനിധികൾ പങ്കുവെച്ചു. ചർച്ചകളിൽ ഉന്നയിക്കപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിന് സജീവമായി ഇടപെടാമെന്ന് പങ്കെടുത്ത ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് CCRAS ഉറപ്പുനൽകി.
ക്ലിനിക്കൽ ഗവേഷണ തന്ത്രങ്ങൾ, അസംസ്കൃത മരുന്നുകളുടെ ശാസ്ത്രീയ തിരിച്ചറിയൽ, ആയുർവേദ-സിദ്ധ-യുനാനി മരുന്നുകളുടെ ഗുണനിലവാര നിയന്ത്രണം, പ്രീ-ക്ലിനിക്കൽ സുരക്ഷാ പഠനങ്ങൾ എന്നിവയെക്കുറിച്ച് ന്യൂഡൽഹിയിലെ CCRAS-ൽ നിന്നുള്ള വിദഗ്ധർ വിശദീകരിച്ചു. നിലവിൽ 13 സാങ്കേതികവിദ്യകൾ വ്യവസായ പങ്കാളികൾക്ക് കൈമാറിക്കഴിഞ്ഞുവെന്നും 16 മരുന്നുകൾ കൈമാറ്റത്തിന് സജ്ജമാണെന്നും 15-ലധികം മരുന്നുകൾ ഇതിനായുള്ള തയ്യാറെടുപ്പ് ഘട്ടത്തിലാണെന്നും CCRAS അറിയിച്ചു. സംരംഭകത്വ പിന്തുണ, ഗവേഷകരുടെ ശേഷി വികസനം, വ്യവസായ മേഖലയുടെ ആവശ്യങ്ങൾക്കനുസൃതമായി ദീർഘകാല സഹകരണ ഗവേഷണ കർമ്മപദ്ധതി തയ്യാറാക്കൽ എന്നിവയ്ക്ക് അവസാന ദിന ചർച്ചകൾ ഊന്നൽ നൽകി.
തിരുവനന്തപുരത്തെ റീജിയണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (RARI) സജീവ പിന്തുണയോടെ സംഘടിപ്പിച്ച പരിപാടി, തെളിവധിഷ്ഠിത ആയുർവേദ ഉൽപ്പാദനം മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാന നിർദ്ദേശങ്ങൾ ക്രോഡീകരിച്ചുകൊണ്ടുള്ള സമാപന സമ്മേളനത്തോടെ അവസാനിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.