Sections

രാജ്യത്തിന്റെ വളർച്ചയ്ക്കായി സർക്കാരും വ്യവസായ മേഖലയും ഒന്നിക്കണമെന്ന് അനിൽ അഗർവാൾ

Sunday, Nov 22, 2026
Reported By Admin
Vedanta Chairman Calls for More Privatisation and Job Creation

കൊച്ചി: പ്രധാനമന്ത്രിയുടെ വികസന കാഴ്ചപ്പാടുകൾക്കൊപ്പം രാജ്യത്തിന്റെ സാമ്പത്തിക വളർച്ച വേഗത്തിലാക്കാനും വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സർക്കാരും സ്വകാര്യ മേഖലയും കൂടുതൽ സഹകരിച്ച് പ്രവർത്തിക്കണമെന്ന് വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാൾ. ഫിക്കി സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തെ പരാമർശിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പ്രകൃതിവിഭവങ്ങൾ, ഊർജ്ജം, നിർമ്മാണം, വൻകിട വ്യവസായങ്ങൾ എന്നീ മേഖലകളിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ കൂടുതൽ സ്വകാര്യവൽക്കരണം വേണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. സ്വകാര്യ മേഖലയുടെ മാനേജ്മെന്റ് മികവിലൂടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും എംഎസ്എംഇ മേഖലയെ പ്രോത്സാഹിപ്പിക്കാനും സാധിക്കും.

ജീവനക്കാരെ പിരിച്ചുവിടരുത്, തൊഴിലവസരങ്ങൾ മൂന്നിരട്ടിയായി വർദ്ധിപ്പിക്കണം എന്നീ രണ്ട് വ്യവസ്ഥകളോടെ വേണം സ്വകാര്യവൽക്കരണം നടപ്പിലാക്കാൻ. കോർപ്പറേറ്റ് ഏറ്റെടുക്കലുകൾക്ക് പകരം പൊതുജനങ്ങൾക്ക് ഓഹരികൾ വിതരണം ചെയ്യുന്ന രീതിയും പരിഗണിക്കാവുന്നതാണ്. ഇതിലൂടെ ലഭിക്കുന്ന തുക സർക്കാരിന്റെ കടബാധ്യത കുറയ്ക്കാനും അടിസ്ഥാന സൗകര്യ വികസനത്തിനും ഉപയോഗിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വ്യവസായങ്ങൾ തുടങ്ങുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള നീണ്ട അനുമതി പ്രക്രിയകൾ ഒഴിവാക്കി ലളിതമായ നിയമങ്ങളും സ്വയം സാക്ഷ്യപ്പെടുത്തലും കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വ്യക്തമായ നിയമങ്ങൾ നിർമ്മിച്ച് ഓഡിറ്റുകളിലൂടെ അവ പാലിക്കപ്പെടുന്നുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തണം.

ധാതുക്കൾ, ലോഹങ്ങൾ, ഹൈഡ്രോകാർബൺ എന്നിവയുടെ പര്യവേക്ഷണ രംഗത്ത് യുവ സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും വലിയ സാധ്യതകളാണുള്ളത്. പര്യവേക്ഷണ സ്റ്റാർട്ടപ്പുകൾ കണ്ടെത്തുന്ന വിഭവങ്ങൾ ഒഎൻജിസി, ഹിന്ദുസ്ഥാൻ സിങ്ക് തുടങ്ങിയ വൻകിട കമ്പനികൾക്ക് വിൽക്കാൻ അവസരമൊരുക്കണം.

ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കാൻ സഹായിച്ച 'ജയ് ജവാൻ ജയ് കിസാൻ' മുന്നേറ്റത്തിന് സമാനമായി സ്വകാര്യവൽക്കരണം, സ്വയം സാക്ഷ്യപ്പെടുത്തൽ, പര്യവേക്ഷണം എന്നിവയിലൂന്നിയ ഒരു ദേശീയ മുന്നേറ്റത്തിനായി വ്യവസായ മേഖലയും സർക്കാരും പൗരന്മാരും ഒന്നിക്കണമെന്നും അനിൽ അഗർവാൾ ആഹ്വാനം ചെയ്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.