Sections

2030-ഓടെ 500 സ്റ്റോറുകൾ ലക്ഷ്യമിട്ട് ഹീലിയോസും ഹീലിയോസ് ലക്സും

Thursday, Nov 26, 2026
Reported By Admin
Helios and Helios Luxe Target 500 Stores by 2030

കൊച്ചി: പ്രമുഖ വാച്ച് റീട്ടെയിൽ ബ്രാൻഡുകളായ ഹീലിയോസും ഹീലിയോസ് ലക്സും 2030-ഓടെ രാജ്യത്തെമ്പാടുമായി 500 സ്റ്റോറുകളുടെ വിപുലമായ ശൃംഖല കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ തങ്ങളുടെ റീട്ടെയിൽ സാന്നിധ്യം ശക്തമാക്കുന്നു. ഇതിൻറെ ഭാഗമായി 45 മുതൽ 50 വരെ പുതിയ ഹീലിയോസ് ലക്സ് ആഡംബര ബോട്ടിക്കുകൾ തുറക്കാനും ടൈറ്റൻ കമ്പനിയുടെ കീഴിലുള്ള ഈ ബ്രാൻഡുകൾ പദ്ധതിയിടുന്നു. ന്യൂഡൽഹിയിൽ രണ്ട് പുതിയ ബോട്ടിക്കുകൾ കൂടി പ്രവർത്തനമാരംഭിച്ചതോടെ രാജ്യത്തെ ഹീലിയോസ് ലക്സ് ബോട്ടിക്കുകളുടെ എണ്ണം 16 ആയി ഉയർന്നു. അന്താരാഷ്ട്ര-ഇന്ത്യൻ വാച്ച് നിർമ്മാതാക്കളുടെ വിപുലമായ ശേഖരം ഉപഭോക്താക്കൾക്ക് കൂടുതൽ അടുത്ത് ലഭ്യമാക്കുകയാണ് ഈ വിപുലീകരണത്തിലൂടെ ലക്ഷ്യമിടുന്നത്.

നടപ്പു സാമ്പത്തിക വർഷത്തിൻറെ ആദ്യ പകുതിയിൽ ഇന്ത്യൻ വാച്ച് വിപണി 25 ശതമാനം വളർച്ച രേഖപ്പെടുത്തിയപ്പോൾ, 25,000 രൂപയ്ക്ക് മുകളിലുള്ള പ്രീമിയം വിഭാഗം ഏകദേശം 58 ശതമാനം എന്ന റെക്കോർഡ് വളർച്ചയാണ് കൈവരിച്ചത്. ഇതേ കാലയളവിൽ ഹീലിയോസും ഹീലിയോസ് ലക്സും ചേർന്ന് 35 ശതമാനം വളർച്ച നേടി. അലക്സാണ്ടർ ഷോറോഖോഫ്, യു-ബോട്ട്, ചാരിയോൾ, ഓറിയൻറ് സ്റ്റാർ, അഗസ്റ്റെ റെയ്മണ്ട് തുടങ്ങിയ 9 എക്സ്ക്ലൂസീവ് ബ്രാൻഡുകൾ ഉൾപ്പെടെ ഇരുപതിലധികം പ്രമുഖ വാച്ച് ബ്രാൻഡുകളാണ് ഹീലിയോസ് ലക്സ് അവതരിപ്പിക്കുന്നത്.

റീട്ടെയിൽ വിപുലീകരണത്തിന് കരുത്തുപകരാൻ നടനും നിർമ്മാതാവുമായ ജോൺ എബ്രഹാം അവതരിപ്പിക്കുന്ന 'സ്റ്റോറീസ് ദാറ്റ് ഡിസർവ് യുവർ ടൈം' എന്ന പുതിയ പ്രചാരണ പരിപാടിക്കും ഹീലിയോസ് ലക്സ് തുടക്കമിട്ടു. വാച്ചുകളുടെ സാങ്കേതികതയ്ക്കപ്പുറം അവയുടെ പാരമ്പര്യവും കരകൗശല വൈദഗ്ധ്യവും രൂപകൽപ്പനയ്ക്ക് പിന്നിലെ കഥകളും ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ഈ കാമ്പയിനിലൂടെ ചെയ്യുന്നത്. ഓരോ വാച്ച് നിർമ്മാതാവിനും തനതായ ചരിത്രവും നിർമ്മാണ മികവുമുണ്ടെന്നും, യന്ത്രങ്ങളോടും എൻജിനീയറിങ്ങിനോടുമുള്ള ജോൺ എബ്രഹാമിൻറെ താത്പര്യം ഈ കഥകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ സഹായിക്കുമെന്നും ടൈറ്റൻ കമ്പനി ലിമിറ്റഡ് വാച്ചസ് ഡിവിഷൻ വൈസ് പ്രസിഡന്റും ചീഫ് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഓഫീസറുമായ രാഹുൽ ശുക്ല പറഞ്ഞു.

വാച്ച് നിർമ്മാണത്തിന് പിന്നിലെ സൂക്ഷ്മതയും എൻജിനീയറിങ്ങും തന്നെ എപ്പോഴും ആകർഷിക്കാറുണ്ടെന്നും, ഓരോ വാച്ചിനും പറയാനുള്ള വ്യത്യസ്തമായ കഥകൾ അടുത്തറിയാൻ ഈ പ്രചാരണത്തിലൂടെ സാധിച്ചെന്നും ജോൺ എബ്രഹാം അഭിപ്രായപ്പെട്ടു. പുതിയ ഹീലിയോസ് ലക്സ് ബോട്ടിക്കുകൾ വാച്ച് പ്രേമികൾക്ക് ഈ ലോകോത്തര നിർമ്മാണ വൈദഗ്ധ്യം നേരിട്ട് അനുഭവിച്ചറിയാനുള്ള മികച്ച വേദിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.