- Trending Now:
ആലപ്പുഴ: സംസ്ഥാനത്തെ കാർഷിക രംഗത്ത് കാലാവസ്ഥാനുസൃതമായ കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും, അനുബന്ധ കാർഷിക മേഖലാ നവീകരണത്തിനായും സംസ്ഥാന കൃഷി വകുപ്പ് ലോകബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന കേരള കാലാവസ്ഥാ അതിജീവന കാർഷിക മൂല്യ വർദ്ധക വിപണന ശൃംഖല നവീകരണ (കേര) പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മാർച്ച് 2 നു തിങ്കളാഴ്ച്ച വൈകീട്ട് 3 മണിക്ക് ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ വ്യവസായ വാണിജ്യ നിയമ മന്ത്രി പി.രാജീവ് നിർവഹിക്കും. മൽസ്യബന്ധന-സാംസ്കാരിക-യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയായിരിക്കും.
കാർഷിക മൂല്യശൃംഖല ആധുനികവൽക്കരിച്ചും കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാൻ കർഷകരെ പ്രാപ്തരാക്കിയും കാർഷിക മേഖലയ്ക്ക് പുത്തനുണർവ്വേകാൻ 2365 കോടി രൂപയുടെ പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നതാണ് കേര പദ്ധതി. കേരള കാർഷിക വികസന ഡയറക്ടറേറ്റ്, കേരള വ്യവസായ വാണിജ്യ വകുപ്പ്, പ്ലാന്റേഷൻ ഡയറക്ട്രേറ്റ്, കേരള കാർഷിക സർവകലാശാല, കേരള ജലവിഭവ വകുപ്പ്, കിൻഫ്ര, കേരള സ്റ്റാർട്ടപ്പ് മിഷൻ, എന്നിവയുടെ പങ്കാളിത്തത്തോടെയും ഇന്റർ നാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, സി.ഡബ്ള്യു.ആർ.ഡി.എം. തുടങ്ങിയ സ്ഥാപനങ്ങളുടെ സാങ്കേതിക സഹകരണത്തോടെയും നടപ്പിലാക്കുന്ന പദ്ധതിയിൽ അഞ്ചു വർഷക്കാലാവധി കൊണ്ട് നാലു ലക്ഷത്തോളം കർഷകർ നേരിട്ടും പത്തു ലക്ഷത്തോളം കർഷകർ പരോക്ഷമായും ഗുണഭോക്താക്കളാവും.
റബ്ബർ, ഏലം എന്നീ നാണ്യവിള കർഷകർക്കുള്ള പുനർ നടീൽ ധനസഹായ വിതരണം, എഫ്.പി.സി.കളും, എ.ബി.പി.കളും തമ്മിൽ പ്രൊഡക്ടിവ് അലയൻസിനായുള്ള ഉത്പാദക-വിപണന സഖ്യങ്ങളുടെ കരാർ ഒപ്പുവെയ്ക്കൽ, MSME വെബ് പോർട്ടൽ പ്രകാശനം തുടങ്ങിയവ ഉദ്ഘാടനത്തിന്റെ ഭാഗമായി നടത്തുന്നതാണ്. കാർഷിക സാമൂഹ്യ രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.