Sections

ചേസ് ദി ചേഞ്ച്- മെർജ് ഫ്യൂച്ചർ ആഗോള ഉച്ചകോടി ജനുവരിയിൽ; 2030 ഓടെ ലക്ഷ്യമിടുന്നത് അരലക്ഷം തൊഴിലവസരവും 10,000 കോടി രൂപ വിറ്റുവരവും

Monday, Nov 09, 2026
Reported By Admin
Merge Future 2027: Business-Tech Summit in Kozhikode

കോഴിക്കോട്: വാണിജ്യ, സാങ്കേതിക, നിക്ഷേപ മേഖലകളെ ഒരൊറ്റ വേദിയിൽ അണിനിരത്തി കോഴിക്കോടിനെ ആഗോള കേന്ദ്രമാക്കാൻ ലക്ഷ്യമിട്ട് കാലിക്കറ്റ് ഫോറം ഫോർ ഇൻഫർമേഷൻ ടെക്നോളജി (കാഫിറ്റ്) ഗവ. സൈബർ പാർക്കിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'മെർജ് ഫ്യൂച്ചർ 2027' ബിസിനസ്-ടെക് ഉച്ചകോടി 2027 ജനുവരി 9, 10 തീയതികളിൽ നടക്കും. കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന ഉച്ചകോടിയുടെ പ്രമേയം 'ചേസ് ദി ചേഞ്ച്'(മാറ്റത്തെ പിന്തുടരൂ) എന്നതാണ്.

ആഗോളതലത്തിൽ ദ്രുതഗതിയിൽ മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക മുന്നേറ്റങ്ങളെ പ്രായോഗിക ബിസിനസ് അവസരങ്ങളാക്കി മാറ്റാനും, കോഴിക്കോടിന്റെ ബിസിനസ് സാധ്യതകൾ അന്താരാഷ്ട്രരംഗത്ത് വിപുലീകരിക്കാനും ലക്ഷ്യമിട്ടാണ് ഉച്ചകോടി ഒരുക്കുന്നതെന്ന് കാഫിറ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

2030-ഓടെ കോഴിക്കോടിനെ ദക്ഷിണേന്ത്യയിലെ പ്രമുഖ ബിസിനസ്-ഐ.ടി ഹബ്ബാക്കി മാറ്റുക എന്ന ദീർഘവീക്ഷണത്തോടെയാണ് കാഫിറ്റ് ഈ സംരംഭത്തിന് നേതൃത്വം നൽകുന്നതെന്ന് കാഫിറ്റ് പ്രസിഡന്റ് റിഫാത്ത് റഹ്മാൻ പറഞ്ഞു. ഈ മേഖലയിൽ പതിനായിരം കോടി രൂപയുടെ ഐ.ടി അനുബന്ധ വിറ്റുവരവും അമ്പതിനായിരത്തോളം പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നത്.

പ്രമുഖ ഐടി അടിസ്ഥാന സൗകര്യ നിർമ്മാതാക്കളായ ഹൈലൈറ്റ് ഗ്രൂപ്പാണ് പരിപാടിയുടെ ടൈറ്റിൽ സ്പോൺസർ. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയിൽ മൂന്ന് പ്രധാന വേദികളിലായി 60 സെഷനുകളും വിവിധ മേഖലകളിൽ നിന്നുള്ള 100 ൽപരം പ്രമുഖരുടെ പ്രഭാഷണവും ഉണ്ടാകും. അത്യാധുനിക ലോകോത്തര സാങ്കേതികവിദ്യകളും ഐടിസേവനങ്ങളും പ്രദർശിപ്പിക്കുന്ന 127 എക്സിബിഷൻ സ്റ്റാളുകളും മേളയുടെ ഭാഗമായുണ്ട്. വ്യവസായ പ്രമുഖർ, സ്റ്റാർട്ടപ്പുകൾ, യുവസംരംഭകർ, നിക്ഷേപകർ, സാങ്കേതിക വിദഗ്ദ്ധർ, വിദ്യാർത്ഥികൾ ഉൾപ്പെടെ പതിനായിരത്തിലധികം പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

കോഴിക്കോടിന്റെ ഐടി ആവാസവ്യവസ്ഥയ്ക്ക് കരുത്തു പകരുന്നതാകും മെർജ് ഫ്യൂച്ചർ സമ്മേളനമെന്ന് ഗവ. സൈബർപാർക്ക് സിഒഒ വിവേക് നായർ പറഞ്ഞു. ഇത്തരം എല്ലാ ഉദ്യമങ്ങളിലും സൈബർപാർക്കിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നിർമ്മിത ബുദ്ധി (എ.ഐ), ഫ്യൂച്ചർ ടെക്, സൈബർ സുരക്ഷ, മാർക്കറ്റിംഗ്, ഇ-കൊമേഴ്സ്, ഫിൻടെക്, റീട്ടെയിൽ, മാനുഫാക്ചറിംഗ്, ലോജിസ്റ്റിക്സ്, എന്റർപ്രൈസ് സൊല്യൂഷനുകൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ അഞ്ച് സുപ്രധാന മേഖലകൾ കേന്ദ്രീകരിച്ചാണ് ചർച്ചകളും പ്രദർശനങ്ങളും നടക്കുന്നത്. വ്യവസായ സംരംഭകർക്ക് പരസ്പരം സഹകരിക്കാനും നിക്ഷേപ അവസരങ്ങൾ കണ്ടെത്താനും നൂതന സാങ്കേതിക പങ്കാളിത്തങ്ങൾ ഉറപ്പാക്കാനും ഈ വേദി അവസരമൊരുക്കും.

മെർജ് ഫ്യൂച്ചർ സമ്മേളനത്തിന്റെ ചെയർമാൻ അബ്ദുൾ ഗഫൂർ കെ വി, കാഫിറ്റ് സെക്രട്ടറി പ്രജീഷ് കെ കെ, ട്രഷറർ നിതിൻ കെ സി, മുൻ പ്രസിഡന്റ് ഹാരിസ് പി ടി, നിർവാഹക സമിതി അംഗങ്ങളായ അജയ് എം അരവിന്ദ്, അഖിൽ കൃഷ്ണ, ആനന്ദ് ആർ കൃഷ്ണൻ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. സമ്മേളനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ www.mergefuture.com എന്ന വെബ്‌സൈറ്റിലൂടെ ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.