Sections

എസ്.ഐ.ആർ കരട് വോട്ടർ പട്ടികയിൽ പേരില്ലാത്ത മുൻ വോട്ടർമാർക്കും ഫോം 6 സമർപ്പിക്കാം

Tuesday, Nov 10, 2026
Reported By Admin
EC Clarifies Form 6 Rules for Missing Names in SIR Draft Roll

  • വ്യക്തത വരുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ്.ഐ.ആർ) നടപടികളുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന കരട് വോട്ടർ പട്ടികയിൽ പേരില്ലാത്ത മുൻ വോട്ടർമാർക്കും അന്തിമ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനായി ഫോം 6 സമർപ്പിക്കാമെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

മുമ്പ് വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്നവരുടെ പേര് നിലവിലെ എസ്.ഐ.ആർ കരട് പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ, ഫോം 6 സമർപ്പിക്കുമ്പോൾ ആദ്യമായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അപേക്ഷയാണെന്ന വിവരം നൽകേണ്ടി വരുന്നത് തെറ്റായ പ്രഖ്യാപനമാകുമോ എന്ന ആശങ്ക ചില വോട്ടർമാർക്കുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് കമ്മീഷൻ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

കരട് വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്ക് മുമ്പ് വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്നുവെന്ന കാരണത്താൽ മാത്രം ഫോം 6 സമർപ്പിക്കുന്നതിന് തടസമില്ല. എസ്.ഐ.ആർ നടപടികൾക്കിടയിലോ അതിനുശേഷമോ അന്തിമ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിന് നിശ്ചിത നടപടിക്രമങ്ങൾ പാലിച്ച് പുതിയ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

മുമ്പ് വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്നുവെന്ന കാരണത്താൽ മാത്രം ഫോം 6 സമർപ്പിച്ചതിൻറെ പേരിൽ ജനപ്രാതിനിധ്യ നിയമം 1950 ലെ വകുപ്പ് 31 പ്രകാരം ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് (ഇആർഒ) നടപടികൾ സ്വീകരിക്കാനാവില്ലെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ബന്ധപ്പെട്ട പാർലമെൻറ് അല്ലെങ്കിൽ നിയമസഭാ മണ്ഡലത്തിന് പുറത്തുള്ള മറ്റൊരു മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ അപേക്ഷകൻറെ പേര് നിലവിൽ ഉൾപ്പെട്ടിട്ടില്ലെന്നും അപേക്ഷയിൽ നൽകുന്ന പ്രഖ്യാപനം നിയമാനുസൃതമാണെന്നും ഉറപ്പുവരുത്തണം.

ഈ വിശദീകരണത്തിൻറെ അടിസ്ഥാനത്തിൽ എസ്.ഐ.ആർ കരട് വോട്ടർ പട്ടികയിൽ പേരില്ലാത്ത മുൻ വോട്ടർമാർ ആവശ്യമായ നടപടികൾ സ്വീകരിച്ച് ഫോം 6 സമർപ്പിക്കണമെന്ന് കമ്മീഷൻ വ്യക്തമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.