Sections

വാട്ട്‌സ്ആപ്പിലൂടെ സേവിങ്‌സ് അക്കൗണ്ട്; പുതിയ സംവിധാനവുമായി ഉജ്ജീവൻ ബാങ്ക്

Tuesday, Nov 10, 2026
Reported By Admin
Ujjivan SFB Enables Savings Account Opening via WhatsApp

  • 900 208 2121 എന്ന നമ്പറിലൂടെ നേരിട്ട് അക്കൗണ്ട് തുറക്കാം

കൊച്ചി: രാജ്യത്തെ ബാങ്കിംഗ് മേഖലയിൽ ആദ്യമായി വാട്ട്സ്ആപ്പ് ബാങ്കിംഗ് സംവിധാനത്തിലൂടെ നേരിട്ട് സേവിംഗ്സ് അക്കൗണ്ട് തുറക്കുന്നതിനുള്ള സൗകര്യമൊരുക്കി ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്. 900 208 2121 എന്ന വാട്ട്സ്ആപ്പ് ബാങ്കിംഗ് നമ്പറിലൂടെ യോഗ്യതയുള്ള പുതിയ ഉപഭോക്താക്കൾക്ക് ഇനി ബാങ്കിന്റെ പ്രത്യേക ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാതെ തന്നെ വാട്ട്സ്ആപ്പിലൂടെ സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കാൻ സാധിക്കും.

പുതിയ ഉപഭോക്താക്കൾ 900 208 2121 എന്ന നമ്പറിലേക്ക് വാട്ട്സ്ആപ്പിൽ 'ഹായ്' എന്ന് മെസ്സേജ് അയച്ച ശേഷം 'ഓപ്പൺ സേവിംഗ്സ് അക്കൗണ്ട്' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം. തുടർന്ന് മൊബൈൽ നമ്പറും പാൻ കാർഡും വെരിഫൈ ചെയ്ത ശേഷം, വ്യക്തിഗത വിവരങ്ങൾ ലഭ്യമാക്കുന്നതിനായി സികെവൈസി അല്ലെങ്കിൽ ആധാർ പരിശോധിക്കും. ഇതിന് ശേഷം ഏത് തരം സേവിംഗ്സ് അക്കൗണ്ട് വേണമെന്ന് തിരഞ്ഞെടുത്ത് പണം നിക്ഷേപിക്കുകയും, വീഡിയോ കെവൈസി പൂർത്തിയാക്കുകയും ചെയ്യാം. ഈ വെരിഫിക്കേഷൻ നടപടികൾ പൂർത്തിയായാൽ ഉപഭോക്താക്കൾക്ക് അക്കൗണ്ട് ഉപയോഗിച്ച് തുടങ്ങാം.

ഉപഭോക്താക്കൾക്ക് ഏറെ പരിചിതവും സുരക്ഷിതവുമായ വാട്ട്സ്ആപ്പ് പോലുള്ള പ്ലാറ്റ്ഫോമുകളിലേക്ക് ബാങ്കിംഗ് സേവനങ്ങൾ എത്തിക്കാനുള്ള ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിന്റെ നീക്കമാണിത്. പുതിയ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ പഠിക്കുകയോ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യാതെ തന്നെ ദൈനംദിന ബാങ്കിംഗ് സേവനങ്ങൾ വാട്ട്സ്ആപ്പിലൂടെ ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കും.

ഇതിനകം തന്നെ ബാങ്കിന്റെ 15 ലക്ഷത്തിലധികം ഉപഭോക്താക്കൾ വാട്ട്സ്ആപ്പ് ബാങ്കിംഗ് സേവനം ഉപയോഗിക്കുന്നുണ്ട്. ബാലൻസ് വിവരങ്ങൾ, സമീപകാല ഇടപാടുകൾ, അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ, നിക്ഷേപ സേവനങ്ങൾ, വായ്പാ വിവരങ്ങൾ, സേവനങ്ങൾക്കായുള്ള അപേക്ഷകൾ, ഏറ്റവും അടുത്തുള്ള ബ്രാഞ്ച്, എടിഎം തുടങ്ങിയ 50-ലധികം സേവനങ്ങൾ ഇതിലൂടെ ലഭിക്കും. ബാങ്കിന്റെ മൊത്തം സേവനങ്ങൾക്കായുള്ള അപേക്ഷകളുടെ 22 ശതമാനവും ഇപ്പോൾ വാട്ട്സ്ആപ്പ് ബാങ്കിംഗിലൂടെയാണ് കൈകാര്യം ചെയ്യുന്നത്.

ബാങ്കിംഗ് സേവനങ്ങൾ കൂടുതൽ ലളിതവും ഉപഭോക്താക്കൾക്ക് പെട്ടെന്ന് ലഭ്യമാകുന്നതുമാകുമ്പോഴാണ് ഇത്തരം നൂതനാശയങ്ങൾ അർത്ഥവത്താകുന്നത്. ആളുകൾ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന വാട്ട്സ്ആപ്പിലൂടെ അക്കൗണ്ട് തുറക്കാനുള്ള സൗകര്യം ഒരുക്കുന്നതിലൂടെ പരമ്പരാഗത രീതികളേക്കാൾ സൗകര്യപ്രദവും സുരക്ഷിതവുമായ ബാങ്കിംഗ് അനുഭവം ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് ഇടക്കാല സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കരോൾ ഫുർറ്റാഡോ വ്യക്തമാക്കി.

എഐ അധിഷ്ഠിതമായ മറുപടികൾ, വിവിധ ഭാഷകളിലുള്ള സേവനം, വോയ്സ് അസിസ്റ്റൻസ് തുടങ്ങിയ പുതിയ ഫീച്ചറുകൾ കൂടി ഭാവിയിൽ വാട്ട്സ്ആപ്പ് ബാങ്കിങ്ങിന്റെ ഭാഗമാക്കാൻ ഉജ്ജീവൻ എസ്എഫ്ബി ലക്ഷ്യമിടുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.