- Trending Now:
തിരുവനന്തപുരം: ടെക്നോപാർക്ക് ഫേസ് 3 ക്യാമ്പസിൽ രണ്ട് ലക്ഷത്തോളം ചതുരശ്രയടി വിസ്തീർണ്ണമുള്ള പ്രീഫാബ്രിക്കേറ്റഡ് ഐടി ഓഫീസ് കെട്ടിടം ഡിസൈൻ ചെയ്ത് നിർമ്മിക്കുന്നതിന് പരിചയസമ്പന്നരായ ഡെവലപ്പർമാരിൽ നിന്ന് ഇ-ടെൻഡർ ക്ഷണിച്ചു.
ഡിസൈൻ ആൻഡ് ബിൽഡ് അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുക. കെട്ടിടത്തിൻറെ ഡിസൈൻ, എൻജിനീയറിങ്, സാമഗ്രികളുടെ സംഭരണം, നിർമ്മാണം, പരിശോധന, കമ്മീഷനിംഗ് എന്നിവ കരാറിൻറെ ഭാഗമായി വരും.
കരാർ ഏറ്റെടുക്കാൻ യോഗ്യതയുള്ള ഇന്ത്യൻ കമ്പനി എൽഎൽപി പാർട്ണർഷിപ്പ് സ്ഥാപനം അല്ലെങ്കിൽ പ്രൊപ്പൈറ്റർഷിപ്പ് സ്ഥാപനമായിരിക്കണം. കെട്ടിട നിർമ്മാണ മേഖലയിൽ കുറഞ്ഞത് ഏഴ് വർഷത്തെയും പ്രീഫാബ്രിക്കേറ്റഡ്, പിഇബി, സ്റ്റീൽ-കോമ്പോസിറ്റ് കെട്ടിടങ്ങളുടെ രൂപകൽപ്പന, നിർമ്മാണം, സ്ഥാപിക്കൽ എന്നിവയിൽ കുറഞ്ഞത് അഞ്ച് വർഷത്തെയും തുടർച്ചയായ പരിചയം ഉണ്ടായിരിക്കണം. വാണിജ്യ, സ്ഥാപന, ഓഫീസ്, ഹോട്ടൽ, ആശുപത്രി, വ്യാവസായിക കെട്ടിട നിർമ്മാണം തുടങ്ങിയ മേഖലയിലെ പരിചയമാണ് പരിഗണിക്കുക.
ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങൾ ടെക്നിക്കൽ ഇവാലുവേഷൻ കമ്മിറ്റിക്ക് മുന്നിൽ പദ്ധതി നടപ്പാക്കുന്നതിനുള്ള വിശദമായ വിവരങ്ങൾ അവതരിപ്പിക്കണം. ടെക്നോപാർക്ക് ഉദ്യോഗസ്ഥരും വിവിധ മേഖലകളിലെ വിദഗ്ധരും ഉൾപ്പെടുന്നതായിരിക്കും കമ്മിറ്റി.
പദ്ധതിയുടെ കാലാവധി 15 മാസമാണ്. ഒക്ടോബർ 23 രാവിലെ 11.30 ന് ടെക്നോപാർക്ക് ഫേസ് 1 ലെ പാർക്ക് സെൻററിൽ പ്രീ-ബിഡ് യോഗം നടക്കും.
നവംബർ 12 വൈകുന്നേരം അഞ്ചിന് മുൻപായി ഇ-ടെൻഡർ സമർപ്പിച്ചിരിക്കണം. വിശദാംശങ്ങൾക്ക് https://technopark.in/announcements/387/?lang=en എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
പ്രത്യേക സാമ്പത്തിക മേഖല, ഡൊമസ്റ്റിക് താരിഫ് എന്നിവ ഉൾക്കൊളളുന്നതാണ് 90.02 ഏക്കർ വിസ്തൃതിയുള്ള ടെക്നോപാർക്ക് ഫേസ് 3 ക്യാമ്പസ്. 540 കമ്പനികളും ഏകദേശം 84,000 പ്രൊഫഷണലുകളും ഇവിടെ പ്രവർത്തിക്കുന്നു. 13.147 ദശലക്ഷം ചതുരശ്രയടി ഐടി ബിൽറ്റ്-അപ്പ് വിസ്തീർണ്ണമുള്ള ടെക്നോപാർക്ക് രാജ്യത്തെ പ്രധാന ഐടി കേന്ദ്രങ്ങളിലൊന്നാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.