Sections

ഐബിഎസ് സോഫ്റ്റ് വെയറിന്റെ പുതിയ കമ്പനി നാവിക് ടെക്‌നോളജി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Friday, Jul 24, 2026
Reported By Admin
Kerala to Become AI and Emerging Tech Hub: CM

  • കേരളത്തെ എഐ-നൂതനസാങ്കേതികവിദ്യാ ഹബ്ബാക്കും-മുഖ്യമന്ത്രി

കൊച്ചി: നിർമ്മിതബുദ്ധി- നൂതനസാങ്കേതികവിദ്യാ മേഖലയിലെ രാജ്യത്തെ ഹബ്ബായി സംസ്ഥാനത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ആഗോള യാത്രാ വ്യവസായ മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് ഐബിഎസ് സോഫ്റ്റ്വെയർ ഗ്രൂപ്പ് ആരംഭിച്ച എഐ കമ്പനിയായ നാവിക് ടെക്നോളജി ഇൻഫോപാർക്ക് ഫേസ് ഒന്നിലെ ഐബിഎസ് ടവറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ലോകമെമ്പാടും വിജ്ഞാന വിസ്ഥോടനമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്തിനും ഏതിനുമുള്ള ഉപകരണമായി നിർമ്മിതബുദ്ധി മാറുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ എഐ ഡാഷ് ബോർഡിന്റെ സഹായത്തോടെ നിക്ഷേപ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നത് ആരംഭിച്ചു കഴിഞ്ഞു.

ഈ ദശകത്തിന്റെ അവസാനമാകുമ്പോഴേക്കും മനുഷ്യബുദ്ധിക്കൊപ്പം നിർമ്മിതബുദ്ധി എത്തുമെന്നാണ് ആഗോളതലത്തിലുള്ള വിദഗ്ധർ കണക്കുകൂട്ടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടിക്കടി മാറുന്ന ഈ സാഹചര്യം പഠിക്കുന്നതിനു വേണ്ടി ഗ്ലോബൽ ജോബ് വാച് ടവർ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെ നിയമിച്ച വിദഗ്ധരുടെ റിപ്പോർട്ട് പരിഗണിച്ച് കരിക്കുലത്തിനും പാഠ്യപദ്ധതിയിലും മാറ്റങ്ങൾ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാങ്കേതികവിദ്യയ്ക്കൊപ്പം സമൂഹവും സർക്കാരും മാറണമെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന വ്യവസായ-ഐടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യ നിരന്തരമായ മാറ്റത്തിന് വിധേയമാവുകയാണ്. എഐ മേഖലയിലുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തണം. ഇതിൽ നയപരമായ മാറ്റമെന്ന രീതിയലാണ് സംസ്ഥാന ഐടി മിഷൻ ഫ്യൂച്ചർ ടെക്നോളജി മിഷനായി മാറുന്നത്. ഇതിലൂടെ വിവിധ മേഖലകളെ സംയോജിപ്പിച്ചു കൊണ്ടുള്ള പുരോഗതി ഉറപ്പാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർതലത്തിലും വ്യക്തിഗത തലത്തിലു്ം എഐ ഉപയോഗം അത്യാവശ്യമാണെന്ന് ഐടി സെക്രട്ടറി സീറാം സാംബശിവറാവു പറഞ്ഞു. ഐഐഐടി എം -കേരളയുടെ കീഴിലുള്ള ഇലക്ട്രോണിക് ഇൻകുബേറ്ററിനെ സെമികോൺ കേരളയാക്കി മാറ്റുകയാണ്. സെമികണ്ടക്ടർ മേഖലയിൽ മൂന്നേ നടക്കാനാണ് കേരളം ശ്രമിക്കുന്നത്. ഇതോടൊപ്പം നൈപുണ്യശേഷി വികസനത്തിനും പ്രാധാന്യം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

ഐടി വ്യവസായത്തിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള നാഴികക്കല്ലാണ് നാവിക്കിന്റെ പിറവിയെന്ന് ഐബിഎസ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ വി കെ മാത്യൂസ് ചൂണ്ടിക്കാട്ടി. ലോകത്തിന്റെ ആകെ വരുമാനത്തിന്റെ 25 ശതമാനമുള്ള ഡിജിറ്റൽ സമ്പദ് വ്യവസ്ഥയുടെ പ്രവർത്തന ഇന്ധനമായി നിർമ്മിതബുദ്ധി മാറാൻ പോവുകയാണ്. ഈ അവസരം ഉപയോഗപ്പെടുത്തണം. ലോകത്തെ സാങ്കേതികവിദ്യാ ചെലവ് 6.35 ട്രില്യൺ ഡോളറാണ്. ഇതിൽ 30 ശതമാനം ഐടിയിൽ നിന്നുമാണ്. അതിൽ ഇന്ത്യയുടെ സംഭാവന 20 ശതമാനമാണ്. എഐ നിന്നുള്ള വരുമാനം അമ്പത് ശതമാനത്തിനടുത്താണ് വളർച്ച നേടുന്നത്.

എഐ വഴിയുള്ള തൊഴിൽ നഷ്ടം ഏതാണ്ട് 45 ശതമാനത്തിനടത്തു വരും. ഇതിൽ നിന്ന് രക്ഷപ്പെടാൻ എഐ പഠിക്കുകയെന്നത് മാത്രമാണ് പോംവഴി. പുതിയ സാങ്കേതികവിദ്യയിൽ തത്പരരല്ലാത്തവർ ഐടി വ്യവസായത്തിന് അനഭിമതരാകുമെന്നത് കാലത്തിന്റെ അനിവാര്യതയാണെന്നും വി കെ മാത്യൂസ് പറഞ്ഞു.

ഐബിഎസ് സോഫ്റ്റ് വെയർ സിഇഒ സൊമിത് ഗോയൽ, നാവിക് ടെക്നോളജി പ്രസിഡന്റ് മോയിസുർ റഹ്മാൻ, എപിഎഎക്സ് പാർട്ണർ ഇന്ത്യാ മേധാവി ഹർജോത് ദാലിവാൾ തുടങ്ങിയവർ സംസാരിച്ചു.

രണ്ടര ദശകമായി ഐബിഎസ് നൽകിവരുന്ന യാത്രാ വ്യവസായ നൈപുണ്യത്തെ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ നവീകരിക്കുകയാണ് നാവിക് ടെക്നോളജി ചെയ്യുന്നത്. ഐബിഎസിലെ അനുബന്ധ കമ്പനികളിൽ നിന്ന് സ്വതന്ത്രമായാണ് നാവിക് ടെക്നോളജി പ്രവർത്തിക്കുന്നത്.

അന്താരാഷ്ട്രരംഗത്തെ പ്രമുഖ എയർലൈനുകൾ, വിമാനത്താവളങ്ങൾ, ക്രൂയിസ് ലൈനുകൾ, വെക്കേഷൻ പ്രൊവൈഡേഴ്സ്, ഹോസ്പിറ്റാലിറ്റി ഗ്രൂപ്പുകൾ എന്നിവയുമായി സഹകരിച്ചുള്ള പ്രവർത്തനങ്ങളിൽ നാവിക് ഉപയുക്തമാക്കും. ബിസിനസ് പരിവർത്തനങ്ങൾ, ആധുനികവൽക്കരണം, പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കുക എന്നിവയ്ക്കായി എഐ ഉപയോഗം വർധിപ്പിക്കാനാണ് നാവിക് ടെക്നോളജിയിലൂടെ ഉദ്ദേശിക്കുന്നത്.

ലോകമെമ്പാടുമായി 16-ലധികം ഓഫീസുകൾ നാവിക് ടെക്നോളജിക്കായി ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. ലോകമെമ്പാടുമുള്ള പുതു തലമുറ ട്രാവൽ ടെക്നോളജി പ്രൊഫഷണലുകളെ ആകർഷിക്കുന്നതിനാണ് നാവിക് ടെക്നോളജി രൂപകൽപ്പന ചെയ്തിരിക്കുന്നത്. എഐ ഗവേഷകർ, ഡാറ്റാ ശാസ്ത്രജ്ഞർ തുടങ്ങിയവർക്ക് ഈ മേഖലയിൽ പ്രവർത്തിക്കാൻ നാവിക് അവസരമൊരുക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.