- Trending Now:
ബ്രിക്സ് രാജ്യങ്ങൾ ആഗോള വ്യാപാരത്തിന്റെ ഏകദേശം നാലിലൊന്ന് പങ്കുവഹിക്കുന്ന സാഹചര്യത്തിൽ, അംഗരാജ്യങ്ങളും പങ്കാളി രാജ്യങ്ങളും തമ്മിൽ കൂടുതൽ ആഴത്തിലുള്ളതും പ്രതിരോധശേഷിയുള്ളതും സന്തുലിതവുമായ വ്യാപാര പങ്കാളിത്തം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ ഇന്ന് ഊന്നൽ നൽകി. ന്യൂഡൽഹിയിൽ ബ്രിക്സ് വ്യാവസായിക ഫോറത്തിന്റെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക സഹകരണത്തിന്റെ പൂർണ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് കൂടുതൽ വിപണി പ്രവേശം, വൈവിധ്യമാർന്ന വിതരണശൃംഖലകൾ, ലളിതമായ നിയന്ത്രണ നടപടിക്രമങ്ങൾ എന്നിവ ഉറപ്പാക്കേണ്ടതുണ്ടെന്ന് ശ്രീ. പിയൂഷ് ഗോയൽ വ്യക്തമാക്കി. ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക സംവാദവും വ്യാവസായിക പങ്കാളിത്തവും അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുന്നതിനും ശ്രദ്ധേയമായ ഫലങ്ങൾ കൈവരിക്കുന്നതിനും ഫോറത്തിന് കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
റഷ്യയുടെ സാമ്പത്തിക വികസന മന്ത്രി മാക്സിം റെഷെത്നിക്കോവ്, കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ, കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെയും ഇലക്ട്രോണിക്സ്-വിവരസാങ്കേതിക മന്ത്രാലയത്തിന്റെയും സഹമന്ത്രി ശ്രീ. ജിതിൻ പ്രസാദ, വാണിജ്യ സെക്രട്ടറി ശ്രീ. രാജേഷ് അഗർവാൾ എന്നിവരും ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്തു.
ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തിലെ പ്രധാന സ്തംഭമാണ് ഇന്ത്യയെന്ന് ശ്രീ. പിയൂഷ് ഗോയൽ പറഞ്ഞു. എൻജിനീയറിങ് ഉൽപ്പന്നങ്ങളിലും ഇലക്ട്രോണിക്സ് മേഖലയിലും ഇന്ത്യയ്ക്കുള്ള ശക്തമായ ശേഷിയും അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയുടെ ഉൽപ്പാദന കയറ്റുമതിയിലെ ഏറ്റവും വലിയ വിഭാഗമാണ് ഇവ. ലോകത്തിന്റെ ഔഷധശാലയെന്ന നിലയിലും ഇന്ത്യ അറിയപ്പെടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം ഉൽപ്പന്നങ്ങൾക്കും മറ്റ് ഉൽപ്പന്നങ്ങൾക്കും ബ്രിക്സിനെ പ്രധാന വിപണിയായാണ് ഇന്ത്യ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിശ്വസനീയമായ പങ്കാളിയെന്ന നിലയിൽ ഇന്ത്യ ലോക വിപണിയിലേക്ക് എത്തിക്കാൻ ലക്ഷ്യമിടുന്ന ഉൽപ്പന്നങ്ങളാണിവ.
പങ്കാളി രാജ്യങ്ങൾ തമ്മിലുള്ള ആഴത്തിലുള്ളതും പ്രതിരോധശേഷിയുള്ളതുമായ വ്യാപാരത്തിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകിയ ശ്രീ. പിയൂഷ് ഗോയൽ, വിതരണശൃംഖലകൾ വൈവിധ്യവൽക്കരിക്കണമെന്നും വ്യാപാരം ഏതെങ്കിലും അംഗരാജ്യത്തിന്റെ വളർച്ചയ്ക്കും ജനങ്ങളുടെ ക്ഷേമത്തിനും തടസ്സമാകരുതെന്നും വ്യക്തമാക്കി. അസംസ്കൃത വസ്തുക്കളും നിർണായക ധാതുക്കളും ഉൾപ്പെടെ പരസ്പര ഉൽപ്പന്നങ്ങൾക്കായി വിപണികൾ തുറന്നുകൊടുക്കണമെന്ന് അദ്ദേഹം ബ്രിക്സ് രാജ്യങ്ങളോട് ആഹ്വാനം ചെയ്തു.
വിതരണശൃംഖലകൾ ഇരുവശത്തേക്കും പ്രവർത്തിക്കുമ്പോഴാണ് അവ കൂടുതൽ പ്രതിരോധശേഷിയുള്ളതാകുന്നതെന്ന് ശ്രീ. പിയൂഷ് ഗോയൽ പറഞ്ഞു. 88 ശതമാനം രാജ്യങ്ങൾക്കും തീരുവകളേക്കാൾ ഉയർന്ന കയറ്റുമതി ചെലവാണ് തീരുവ ഇതര നടപടികൾ കാരണം ഉണ്ടാകുന്നതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, കൂടുതൽ എളുപ്പവും സുഗമവുമായ വിപണി പ്രവേശനം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി. നിയന്ത്രണ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും ചരക്കുകളുടെ വേഗത്തിലുള്ള ക്ലിയറൻസ് സാധ്യമാക്കുന്നതിനുമായി പരസ്പരം സഹകരിച്ച് പ്രവർത്തിക്കുമ്പോൾ തന്നെ, ബ്രിക്സ് അംഗരാജ്യങ്ങളും പങ്കാളി രാജ്യങ്ങളും വിപണികൾ പരസ്പരം തുറന്നുകൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കൃഷിമേഖലയിൽ കൂടുതൽ സഹകരണം വേണമെന്ന് ആഹ്വാനം ചെയ്ത ശ്രീ. പിയൂഷ് ഗോയൽ, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബ്രിക്സ് രാജ്യങ്ങളിലെ കർഷകർക്കായി സംയുക്തമായി പരിഹാരങ്ങൾ വികസിപ്പിക്കാൻ അഗ്രി-ടെക് സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കണമെന്ന് ബ്രിക്സ് രാജ്യങ്ങളോട് ആവശ്യപ്പെട്ടു. രാജ്യങ്ങൾ സേവന വിപണികൾ പരസ്പരം യഥാർഥ അർഥത്തിൽ തുറന്നുകൊടുക്കണമെന്നും, അതിർത്തികൾ കടന്ന് പ്രൊഫഷണലുകളുടെ സഞ്ചാരം സുഗമമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, പരസ്പരം പ്രൊഫഷണൽ യോഗ്യതകൾ അംഗീകരിക്കുന്നത് കൂടുതൽ എളുപ്പമാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഇന്ത്യയുടെ സ്റ്റാർട്ടപ്പ്-സംരംഭകത്വ മേഖലകളിലെ സ്ത്രീകളുടെ പങ്കാളിത്തം എടുത്തുകാട്ടിയ ശ്രീ. പിയൂഷ് ഗോയൽ, ഇന്ത്യയിൽ അംഗീകാരം ലഭിച്ച 2.5 ലക്ഷം സ്റ്റാർട്ടപ്പുകളിൽ 45 ശതമാനത്തിലധികത്തിലും കുറഞ്ഞത് ഒരു വനിതാ പങ്കാളിയോ ഡയറക്ടറോ ഉണ്ടെന്ന് വ്യക്തമാക്കി. കഴിഞ്ഞ ഒരു ദശകത്തിൽ അനുവദിച്ച ചെറുകിട വായ്പകളിൽ മൂന്നിൽ രണ്ടും വനിതാസംരംഭകർക്കാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ സ്ത്രീകൾക്ക് സ്വന്തം കാലിൽ നിൽക്കാനും സ്വതന്ത്രരും സ്വയംപര്യാപ്തരുമാകാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ആഴ്ച ആദ്യം ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് വനിതാ വ്യാവസായിക സഖ്യ യോഗത്തെക്കുറിച്ചു പരാമർശിച്ച അദ്ദേഹം, ബ്രിക്സ് രാജ്യങ്ങൾ സംഘടിപ്പിക്കുന്ന എല്ലാ പ്രദർശനങ്ങളിലും വ്യാപാര മേളകളിലും, പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനും കഴിയുന്ന മറ്റ് അവസരങ്ങളിലും വനിതകളുടെ നേതൃത്വത്തിലുള്ള സംരംഭങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് സഖ്യത്തോട് ആവശ്യപ്പെട്ടതായി വ്യക്തമാക്കി.
ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ ഇന്ത്യ സ്വീകരിച്ച സുപ്രധാന നടപടികളും ശ്രീ. പിയൂഷ് ഗോയൽ എടുത്തുപറഞ്ഞു. യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് (യുപിഐ) വഴി ഇന്ന് പ്രതിവർഷം 250 ശതകോടിയിലധികം ഇടപാടുകൾ നടക്കുന്നുണ്ടെന്നും, ഇതിന്റെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ലോകത്താകെയുള്ള ഇടപാടുകളുടെ പകുതിയിലധികവും ഇത് പ്രതിനിധാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. 11 രാജ്യങ്ങളിൽ യുപിഐ അംഗീകരിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിക്സ് അംഗരാജ്യങ്ങളും പങ്കാളി രാജ്യങ്ങളും പേയ്മെന്റ് സംവിധാനങ്ങളെ പരസ്പരം കൂട്ടിയിണക്കണമെന്നും, ഓരോ രാജ്യത്തിന്റെയും പ്രാദേശിക കറൻസികളിൽ വ്യാപാരം പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിജിറ്റൽ വ്യാപാരത്തെ ആഗോളതലത്തിലേക്ക് ഉയർത്തണമെന്നും ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾക്കായി രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിച്ച് പുതിയ സംവിധാനങ്ങൾ കെട്ടിപ്പടുക്കണമെന്നും ശ്രീ. പിയൂഷ് ഗോയൽ ആഹ്വാനം ചെയ്തു.
കൃഷി, ഔഷധനിർമാണം, എൻജിനീയറിങ്, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ, വാഹനഘടകങ്ങൾ, സേവനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യയ്ക്ക് ശക്തമായ ശേഷിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകളെ പരസ്പരം കൂട്ടിയിണക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. സംയുക്തമായ നവീകരണം, സാങ്കേതികവിദ്യാ പങ്കാളിത്തം, പ്രതിരോധശേഷിയുള്ള ആഗോള മൂല്യശൃംഖലകൾ എന്നിവയ്ക്ക് ഈ പ്രവണതകൾ വലിയ സാധ്യതകൾ തുറന്നുനൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനായി 140 കോടി ഇന്ത്യക്കാർ നിശ്ചയിച്ചിരിക്കുന്ന കൂട്ടായ ലക്ഷ്യമായ 'വികസിത് ഭാരത് 2047' എന്ന ദൗത്യത്തിലേക്ക് രാജ്യം മുന്നേറുകയാണ്. ഈ സാഹചര്യത്തിൽ ബ്രിക്സ് അംഗരാജ്യങ്ങളുമായും പങ്കാളി രാജ്യങ്ങളുമായും സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിന് വലിയ സാധ്യതകളുണ്ടെന്ന് ശ്രീ. പിയൂഷ് ഗോയൽ പറഞ്ഞു. ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരവും സാമ്പത്തിക സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി വിഷയാധിഷ്ഠിത സെഷനുകൾ ക്രിയാത്മകവും പ്രായോഗികമായി നടപ്പാക്കാവുന്നതുമായ ശുപാർശകൾ മുന്നോട്ടുവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സ്ഥാപനവൽക്കരിക്കപ്പെട്ട ബ്രിക്സ് സഹകരണത്തിന്റെ 20-ാം വാർഷികമാണ് ഈ വർഷമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ അഭിസംബോധനയിൽ ചൂണ്ടിക്കാട്ടി. ഇക്കാലയളവിൽ അംഗത്വം, അജണ്ട, സഹകരണ സംവിധാനങ്ങൾ എന്നിവയിൽ ബ്രിക്സ് വലിയ തോതിൽ വികസിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നീ ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രമേയത്തിലൂടെ ഈ പരിണാമം മുന്നോട്ടുകൊണ്ടുപോകാനാണ് ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷപദം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആഗോള രാഷ്ട്രീയ-സാമ്പത്തിക ക്രമത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ മുൻഗണനകൾക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അസ്ഥിരത, അനിശ്ചിതത്വം, സങ്കീർണത എന്നിവ ആഗോള സാഹചര്യത്തിന്റെ നിർണായക സവിശേഷതകളായി മാറുന്നതിനൊപ്പം, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, മഹാമാരികൾ, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ, ഡിജിറ്റലൈസേഷൻ, സാങ്കേതിക മുന്നേറ്റങ്ങൾ എന്നിവ സാമ്പത്തിക രംഗത്തെ പുനർനിർവചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബ്രിക്സ് സമൂഹത്തിൽ പ്രതിരോധശേഷി പ്രധാന ഘടകമായി മാറിയിട്ടുണ്ടെന്ന് ഡോ. ജയശങ്കർ പറഞ്ഞു. വ്യവസായങ്ങളെയും സംരംഭകരെയും വ്യവസായ പ്രമുഖരെയും ബ്രിക്സ് പ്രക്രിയയുടെ ഭാഗമാക്കുന്നതിൽ ബ്രിക്സ് വ്യവസായ സമിതിയും ബ്രിക്സ് വനിതാ വ്യവസായ സഖ്യവും നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിതരണശൃംഖലകളുടെ പരസ്പരബന്ധവും വ്യാപാരനടത്തിപ്പ് സുഗമമാക്കലും നിർണായകമായി ഉയർന്നുവന്നിട്ടുണ്ടെന്നും, സേവനങ്ങൾ, കൃഷി, കാർഷിക സാങ്കേതികവിദ്യ, ഡിജിറ്റൽ സേവന വിതരണം, എംഎസ്എംഇകൾ, സ്റ്റാർട്ടപ്പുകൾ, വനിതകളുടെ നേതൃത്വത്തിലുള്ള സംരംഭങ്ങൾ എന്നിവയ്ക്കും ഇതോടൊപ്പം പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരസ്പരം ബന്ധപ്പെട്ടു നിൽക്കുകയും ആഗോളതലത്തിൽ മത്സരക്ഷമതയോടെ തുടരുകയും ചെയ്യുന്നതിനൊപ്പം കൂടുതൽ സ്വയംപര്യാപ്തത കൈവരിക്കേണ്ടതിന്റെ ആവശ്യകതയ്ക്കും അദ്ദേഹം ഊന്നൽ നൽകി. യഥാർഥ വിപണി അധിഷ്ഠിത പ്രവർത്തനങ്ങൾ, വിശ്വസനീയമായ ലോജിസ്റ്റിക്സ്, പ്രവചനാത്മകവും സ്ഥിരതയുള്ളതുമായ വ്യാവസായിക അന്തരീക്ഷം, വൈവിധ്യമാർന്ന വാണിജ്യ ബന്ധങ്ങൾ, സുതാര്യമായ വ്യാപാര-നിക്ഷേപ സംവിധാനങ്ങൾ എന്നിവയിലൂടെ ഇത് സാധ്യമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ, നിർമിതബുദ്ധി, ഫിൻടെക്, നൂതന ഉൽപ്പാദന മേഖലകൾ എന്നിവ വലിയ അവസരങ്ങളാണ് നൽകുന്നതെന്നും ഡോ. ജയശങ്കർ ചൂണ്ടിക്കാട്ടി. അതേസമയം, ഇവയുടെ പ്രയോജനം എല്ലാവർക്കും ലഭ്യമാക്കുന്നതിൽ, മാനദണ്ഡങ്ങൾ, സുരക്ഷ, വിശ്വാസ്യത എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബ്രിക്സ് ഇൻക്യുബേറ്റർ നെറ്റ്വർക്കും ബ്രിക്സ് സ്റ്റാർട്ടപ്പ് ഇന്നൊവേഷൻ ഫണ്ടും വഴി നവീകരണ-സംരംഭകത്വ ആവാസവ്യവസ്ഥ കൂടുതൽ ശക്തിപ്പെടുത്താനാണ് ഇന്ത്യയുടെ അധ്യക്ഷപദം ശ്രമിച്ചതെന്ന് ഡോ. ജയശങ്കർ പറഞ്ഞു. വ്യാവസായിക സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങൾക്കും ഇതിന്റെ പ്രയോജനങ്ങൾ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. വലിയതും വളർച്ച പ്രാപിക്കുന്നതുമായ വിപണി, വികസിച്ചുകൊണ്ടിരിക്കുന്ന ഉൽപ്പാദനശേഷി, കൂടുതൽ വിപുലമായ പ്രതിഭാസഞ്ചയം ഡിജിറ്റൽ രംഗത്തെ അനുഭവസമ്പത്ത്, ചലനാത്മകമായ നവീകരണ-സംരംഭകത്വ അടിത്തറ എന്നിവയുള്ള ഇന്ത്യ സ്വാഭാവികമായ പങ്കാളിയാണെന്ന് അദ്ദേഹം പറഞ്ഞു. ബ്രിക്സ് നേതാക്കൾ കൂടിക്കാഴ്ചയ്ക്ക് തയ്യാറെടുക്കുന്ന സാഹചര്യത്തിൽ, ബ്രിക്സ് സഹകരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് വ്യക്തമായ വ്യാവസായിക കാഴ്ചപ്പാട് കൊണ്ടുവരിക എന്നതായിരിക്കും ഫോറത്തിന്റെ ഏറ്റവും പ്രയോജനപ്രദമായ സംഭാവനയെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യവസായങ്ങൾക്കുള്ള അവസരങ്ങൾ, അവ നേരിടുന്ന വെല്ലുവിളികൾ, അവ പരിഹരിക്കുന്നതിന് ഗവണ്മെന്റുകൾക്ക് സ്വീകരിക്കാവുന്ന നടപടികൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ച കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെയും ഇലക്ട്രോണിക്സ്-വിവരസാങ്കേതിക മന്ത്രാലയത്തിന്റെയും സഹമന്ത്രി ശ്രീ. ജിതിൻ പ്രസാദ, ബ്രിക്സ് സമ്പദ്വ്യവസ്ഥകളുടെ ശക്തിയെ വ്യക്തമായ വാണിജ്യ നേട്ടങ്ങളാക്കി മാറ്റുന്നതിനുള്ള അവസരമാണ് ബ്രിക്സ് വ്യാവസായിക ഫോറം നൽകുന്നതെന്ന് ചൂണ്ടിക്കാട്ടി. ഡിജിറ്റൽ സേവനങ്ങൾ, പ്രത്യേകിച്ച് നിർമിത ബുദ്ധി, സഹകരണത്തിനുള്ള പ്രധാന മേഖലയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഉൽപ്പാദനക്ഷമത, ജീവിതനിലവാരം, വരുമാനം എന്നിവ മെച്ചപ്പെടുത്തുന്നതിനും വ്യക്തികൾക്കും എംഎസ്എംഇകൾക്കും മികച്ച നേട്ടങ്ങൾ ഉറപ്പാക്കുന്നതിനും ഇതിന് വലിയ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് ഗ്ലോബൽ സൗത്തിലെ രാജ്യങ്ങളിൽ കമ്പ്യൂട്ടിങ് സൗകര്യങ്ങളിലേക്കുള്ള പ്രവേശനം ഉറപ്പാക്കുന്നതിനു കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിർമിത ബുദ്ധി മേഖലയിൽ കൂടുതൽ സാങ്കേതികവിദ്യാ കൈമാറ്റവും സഹകരണവും ആവശ്യമാണെന്ന് ശ്രീ. ജിതിൻ പ്രസാദ പറഞ്ഞു. നിർമിത ബുദ്ധി നിർവഹണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഐക്യരാഷ്ട്രസഭയെ കേന്ദ്രസ്ഥാനത്ത് നിലനിർത്തണമെന്നും അദ്ദേഹം പറഞ്ഞു. സെമികണ്ടക്ടർ മേഖലയെക്കുറിച്ച് സംസാരിക്കവെ, ഏകദേശം 13 ശതകോടി അമേരിക്കൻ ഡോളറിന്റെ സാമ്പത്തിക വിഹിതത്തോടെ നടപ്പാക്കുന്ന ഇന്ത്യയുടെ സെമികണ്ടക്ടർ മിഷൻ 2.0 അദ്ദേഹം എടുത്തുപറഞ്ഞു. സമ്പൂർണ സെമികണ്ടക്ടർ ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനായി രാജ്യങ്ങൾ തമ്മിൽ സഹകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങളും ഡേറ്റാ സെന്ററുകളും സഹകരണത്തിനുള്ള പ്രധാന മേഖലകളാണെന്നും, ഈ മേഖലകളിൽ ഇന്ത്യയുടെ മികച്ച പ്രവർത്തനരീതികൾ പങ്കുവയ്ക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിക്സ് രാജ്യങ്ങൾ പരസ്പരം സഹകരിച്ച് വികസിപ്പിക്കുകയും സംയുക്തമായി നിക്ഷേപിക്കുകയും നവീകരണം നടത്തുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗവേഷണ-വികസന പ്രവർത്തനങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും കൂടുതൽ വിഭവങ്ങൾ ലഭ്യമാക്കണമെന്നും, ഇതിലൂടെ യുവാക്കൾക്ക് അന്താരാഷ്ട്ര അതിർത്തികൾക്കപ്പുറമുള്ള വിപണികളിലേക്ക് പ്രവേശനം സാധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബ്രിക്സ് പ്രധാനപ്പെട്ടതും വളർച്ച പ്രാപിക്കുന്നതുമായ വിപണിയെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് വാണിജ്യ സെക്രട്ടറി ശ്രീ. രാജേഷ് അഗർവാൾ പറഞ്ഞു. ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം 2003-ലെ 84 ശതകോടി അമേരിക്കൻ ഡോളറിൽ നിന്ന് 2024-ൽ ഏകദേശം 1.2 ട്രില്യൺ അമേരിക്കൻ ഡോളറായി ഉയർന്നതായും അദ്ദേഹം വ്യക്തമാക്കി.
ലോക വ്യാപാര സംഘടന (WTO) കേന്ദ്രസ്ഥാനത്തുള്ള ബഹുമുഖ വ്യാപാര സംവിധാനത്തെ സംരക്ഷിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തിന് അദ്ദേഹം ഊന്നൽ നൽകി. താങ്ങാനാകുന്ന നിരക്കിലുള്ള പ്രവർത്തനമൂലധനം ലഭ്യമാക്കി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊതുവായ ബ്രിക്സ് സംവിധാനത്തിന്റെ സാധ്യതകൾ പരിശോധിക്കുന്നതിന് 'ജയ്പൂർ സമവായം' അടിത്തറയൊരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബ്രിക്സ് കണക്ട്, ബിസിനസ്-ടു-ബിസിനസ് (B2B) പങ്കാളിത്തങ്ങൾ, വാർഷിക ബ്രിക്സ് വ്യാപാര-നിക്ഷേപ എക്സ്പോ, ഡിജിറ്റൽ വ്യാപാര രേഖകളും ആരോഗ്യപരിചരണവും ഉൾപ്പെടെയുള്ള വിവിധ മേഖലകളിലെ കൂടുതൽ സഹകരണം എന്നിവയിലൂടെ ആഗോള മൂല്യശൃംഖലകൾ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ശ്രീ. രാജേഷ് അഗർവാൾ എടുത്തുപറഞ്ഞു. സഹകരണം, വിശ്വാസം, നവീകരണം, പൊതുവായ സമൃദ്ധി എന്നിവയിലൂടെ ബ്രിക്സ് സാമ്പത്തിക പങ്കാളിത്ത തന്ത്രം 2030-ന്റെ ഭാഗമായി കൂടുതൽ ശക്തമായ സാമ്പത്തിക ഏകീകരണം സാധ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രസംഗം ഉപസംഹരിക്കവേ, ബ്രിക്സ് വ്യാവസായിക ഫോറത്തിന് ശ്രീ. രാജേഷ് അഗർവാൾ എല്ലാ വിജയാശംസകളും നേർന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.