- Trending Now:
കൊല്ലം: കേരളത്തിലെ ബ്രോഡ്ബാൻഡ് അടിസ്ഥാനസൗകര്യ വികസനത്തിന് ആവശ്യമായ സാങ്കേതിക വൈദഗ്ധ്യവും വ്യവസായാധിഷ്ഠിത നൈപുണ്യവും കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് ലിമിറ്റഡും (കെഫോൺ) ഗവ. പോളിടെക്നിക് കോളേജ്, എഴുകോണും വ്യവസായ അക്കാദമിക സഹകരണത്തിനായി ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ഈ സഹകരണത്തിലൂടെ കോളേജിൽ ഫൈബർ ടു ദ ഹോം(FTTH), ബ്രോഡ്ബാൻഡ് സാങ്കേതികവിദ്യകൾക്കായി സെന്റർ ഫോർ എക്സലൻസ് (CoE) സ്ഥാപിക്കും. ഫൈബർ ടു ദ ഹോം, ജിപോൺ (GPON) നെറ്റ്വർക്ക് പ്ലാനിംഗ്, ഡിസൈൻ, ഒപ്റ്റിക്കൽ ഫൈബർ ഇൻസ്റ്റലേഷൻ, പരിശോധന, ബ്രോഡ്ബാൻഡ് അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ സാങ്കേതിക പരിശീലനവും പ്രായോഗിക പരിജ്ഞാനവും നൽകുന്നതിനൊപ്പം ഗവേഷണത്തിനും നൂതന സാങ്കേതികവിദ്യകളുടെ വികസനത്തിനും കേന്ദ്രം പ്രോത്സാഹനം നൽകും.
കൂട്ടായ്മയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ്, വ്യവസായാധിഷ്ഠിത പ്രോജക്ടുകൾ, പ്രായോഗിക പരിശീലനം എന്നിവയ്ക്കും അവസരമൊരുക്കും. കെഫോൺ നെറ്റ്വർക്ക് പങ്കാളിയുടെ സഹകരണത്തോടെ കോളേജിൽ ജിപോൺ നെറ്റ്വർക്ക് സ്ഥാപിച്ച് നെറ്റ്വർക്ക് സ്ഥാപിക്കൽ മുതൽ പരിപാലനം വരെയുള്ള വിവിധ ഘട്ടങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം നൽകും.കൂടാതെ കെഫോണിന്റെ നെറ്റ്വർക്ക് പങ്കാളികൾക്കും ഫ്രാഞ്ചൈസികൾക്കും സാങ്കേതിക പരിശീലനം നൽകുന്നതിനും ഫൈബർ സാങ്കേതികവിദ്യകളിൽ സർട്ടിഫിക്കേഷൻ, സംയുക്ത ഗവേഷണം, സാങ്കേതിക നവീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ഈ സഹകരണം സഹായിക്കും.
കെഫോൺ മാനേജിംഗ് ഡയറക്ടർ സന്ദീപ് കുമാർ ഐ.എ.എസ്. ഗവ. പോളിടെക്നിക് കോളേജ് എഴുകോൺ പ്രിൻസിപ്പൽ മിനിമോൾ എൽ എന്നിവർ ചേർന്നാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. കെഫോൺ ചീഫ് സെയിൽസ് ഓഫീസർ ബിൽസ്റ്റിൻ ഡി. ജിയോ, ചീഫ് ടെക്നോളജി ഓഫീസർ മുരളി കിഷോർ ആർ.എസ്., നെറ്റ്വർക്ക് പ്ലാനിംഗ് ആൻഡ് ഡിസൈൻ മാനേജർ ഗൗതം പ്രദീപ്, ഗവ. പോളിടെക്നിക് കോളേജ് എഴുകോണിലെ അധ്യാപകനും ഐ.ഒ.സി. കോർഡിനേറ്ററുമായ കണ്ണൻ എം., അധ്യാപകനായ അരുൺ പി. രാജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.