Sections

ചെന്നൈയിലെ യുഎസ് കോൺസൽ ജനറൽ ടെക്‌നോപാർക്ക് സന്ദർശിച്ചു

Saturday, Sep 12, 2026
Reported By Admin
US Consul General Visits Technopark to Explore Kerala’s IT Ecosystem

  • സംസ്ഥാന ഐടി സ്പെഷ്യൽ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: കേരളത്തിൻറെ ഊർജ്ജസ്വലമായ ഐടി ആവാസവ്യവസ്ഥയെയും ടെക്നോപാർക്കിൻറെ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളെയും കുറിച്ച് മനസ്സിലാക്കുന്നതിനായി യു.എസ് കോൺസൽ ജനറൽ മരിയാന എൽ നെയ്സുലെറുടെ നേതൃത്വത്തിൽ ചെന്നൈയിലെ യുഎസ് കോൺസുലേറ്റിൽ നിന്നുള്ള സംഘം ടെക്നോപാർക്ക് സന്ദർശിച്ചു.

സംസ്ഥാന ഇലക്ട്രോണിക്സ്- ഐടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു, ടെക്നോപാർക്ക് സിഇഒ സന്ദീപ് കുമാർ, കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്യുഎം) സിഇഒ അനൂപ് അംബിക എന്നിവരുടെ സാന്നിധ്യത്തിൽ യു.എസ് കോൺസൽ ജനറലുമായി കൂടിക്കാഴ്ച നടത്തി.

കേരളത്തിലേക്കുള്ള തൻറെ ആദ്യ സന്ദർശനമാണിതെന്ന് പറഞ്ഞ യുഎസ് കോൺസൽ ജനറൽ ലോജിസ്റ്റിക്സ്, സമുദ്രമേഖല, നാവിഗേഷൻ, ഊർജ്ജം, ഐടി എന്നീ മേഖലകളിലെ സംസ്ഥാനത്തിൻറെ പ്രവർത്തനത്തെ അഭിനന്ദിച്ചു. യുഎസ് കമ്പനികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനായി ഈ മേഖലകളിലെ പങ്കാളികൾ അവരുടെ ആശയങ്ങൾക്ക് കൃത്യമായ രൂപം നൽകണമെന്ന് അവർ നിർദ്ദേശിച്ചു.

രാജ്യത്തെ പുരോഗതി പ്രാപിച്ച സംസ്ഥാനമെന്ന നിലയിലുള്ള കേരളത്തിൻറെ ഖ്യാതി സീറാം സാംബശിവ റാവു എടുത്തുപറഞ്ഞു. സംസ്ഥാനത്തെ ഒരു നോളജ് ഇൻഡസ്ട്രി ഹബ്ബ് ആയി ഉയർത്തുന്നതിനും യുഎസിലെയും കേരളത്തിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണത്തിലൂടെ സർവകലാശാലകളിൽ 'സെൻറർ ഓഫ് എക്സലൻസ്' സ്ഥാപിക്കുന്നതിനും യുഎസ് സ്ഥാപനങ്ങളുടെ പിന്തുണ അദ്ദേഹം തേടി.

ഏകദേശം 10,000 സ്റ്റാർട്ടപ്പുകളുള്ള മികച്ച സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയാണ് കേരളത്തിലുള്ളതെന്നും സ്റ്റാർട്ടപ്പുകളുടെ വളർച്ച ലക്ഷ്യമിട്ട് സംസ്ഥാനത്ത് സ്റ്റാർട്ടപ് ആക്സിലറേറ്ററുകൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെന്നും സാംബശിവ റാവു പറഞ്ഞു. ഇതിനായി യുഎസ് ആക്സിലറേറ്ററുകൾക്ക് കേരളത്തിൽ അവരുടെ കേന്ദ്രങ്ങൾ ആരംഭിക്കാവുന്നതാണ്. രാജ്യത്തിന് തന്നെ മാതൃക സൃഷ്ടിക്കാൻ ഇതിനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെന്നൈയിലെ യുഎസ് കോൺസുലേറ്റിലെ പൊളിറ്റിക്കൽ ആൻഡ് ഇക്കണോമിക് സ്പെഷ്യലിസ്റ്റുമാരായ കാർത്തിക് സെൽവരാജ്, ഗീത ഗോപാലകൃഷ്ണൻ എന്നിവരും കോൺസൽ ജനറലിനൊപ്പം ഉണ്ടായിരുന്നു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെൻറ്-കേരള (ഐഐഐടിഎം-കെ) യിലെ ഫാബ് ലാബും ടെക്നോപാർക്ക് ഫേസ്-ഒന്നിലെ ഡീപ്-ടെക് റോബോട്ടിക്സ് കമ്പനിയായ ജെൻ റോബോട്ടിക്സും യുഎസ് കോൺസുലേറ്റ് സംഘം സന്ദർശിച്ചു.

ടെക്നോപാർക്ക് മാർക്കറ്റിംഗ് ആൻഡ് കസ്റ്റമർ റിലേഷൻഷിപ്പ് ഡെപ്യൂട്ടി വൈസ് പ്രസിഡൻറ് വസന്ത് വരദ, ടാറ്റ എൽക്സി സെൻറർ ഹെഡ് ശ്രീകുമാർ വി, സോഫ്റ്റ്നോഷൻസ് ടെക്നോളജീസ് സിഇഒയും സ്ഥാപകനുമായ റോണി സെബാസ്റ്റ്യൻ, ഇക്വിഫാക്സ് പിഇസി തിരുവനന്തപുരം സൈറ്റ് ലീഡ് വിനോദ് നായർ, മിറോക്സ് സൈബർ സെക്യൂരിറ്റി സിഇഒ രാജേഷ് ബാബു, പേസ് എക്സൽ സിഇഒ ഗീതു ശിവകുമാർ, തിരുവനന്തപുരം ടാറ്റ കൺസൾട്ടൻസി സർവീസസ് സെൻറർ ഹെഡ് ജയൻ നായർ, ഐബിഎസ് സോഫ്റ്റ്വെയർ എക്സ്റ്റേണൽ അഫയേഴ്സ് ഹെഡ് വിഷ്ണു വി നായർ, ജിടെക് സിഇഒ ഈപ്പൻ ടോണി ജോൺ, കെഎസ്യുഎം പ്രോജക്ട് ഡയറക്ടർ വരുൺ ജി, ടെക്നോപാർക്ക് മാർക്കറ്റിംഗ് സീനിയർ മാനേജർ ജോർജ് ജേക്കബ്, ലീഡ് ഐടി സ്ട്രാറ്റജിസ്റ്റുമാരായ ഡോ. അനൂപ നാരായണൻ, ശ്രീനാഥ് ജ്ഞാനേശ്വർ, പ്രകാശ് ജേക്കബ് മാത്യു എന്നിവരും യോഗത്തിൽ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.