Sections

കെഫോൺ മാനേജിങ് ഡയറക്ടറായി സച്ചിൻ കുമാർ യാദവ് ഐഎഎസ് ചുമതലയേറ്റു

Sunday, Oct 04, 2026
Reported By Admin
Sachin Kumar Yadav Takes Charge as K-FON Managing Director

തിരുവനന്തപുരം: കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് (കെഫോൺ) മാനേജിങ് ഡയറക്ടറായി സച്ചിൻ കുമാർ യാദവ്, ഐഎഎസ് ചുമതലയേറ്റു. നിലവിൽ കേരള സ്റ്റേറ്റ് ഐടി മിഷൻ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന സച്ചിൻ കുമാർ യാദവ്, ടെക്നോപാർക്ക് സിഇഒ, കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ (KSRSEC) ഡയറക്ടർ എന്നീ അഡിഷണൽ ചുമതലകളും വഹിച്ചുവരികയാണ്. ഇതിന് മുമ്പ് ധനകാര്യ വകുപ്പിലും പൊതുഭരണ വകുപ്പിലെ എഐഎസ് വിഭാഗത്തിലും ഡെപ്യൂട്ടി സെക്രട്ടറിയായും ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായും സേവനമനുഷ്ഠിച്ച അദ്ദേഹം, റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്.

രാജസ്ഥാനിലെ ജുൻജുനു ജില്ലയിൽ ജനിച്ച സച്ചിൻ കുമാർ യാദവ് ഐഐടി ഡൽഹിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക് പൂർത്തിയാക്കിയ ശേഷമാണ് ഐഎഎസിൽ പ്രവേശിച്ചത്. എറണാകുളം അസിസ്റ്റന്റ് കളക്ടർ, തിരൂർ സബ് കളക്ടർ, മലപ്പുറം ജില്ലാ ഡെവലപ്മെന്റ് കമ്മീഷണർ എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ഡിജിറ്റൽ കണക്റ്റിവിറ്റി കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കെഫോൺ സേവനങ്ങൾ കൂടുതൽ മേഖലകളിലേക്കും ജനവിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് പുതിയ നേതൃത്വം കൂടുതൽ ഊർജം പകരും. വീടുകൾ, സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള കണക്റ്റിവിറ്റി വിപുലമാക്കുന്നതിനും ഡിജിറ്റൽ ഉൾക്കൊള്ളൽ ശക്തിപ്പെടുത്തുന്നതിനുമാകും പ്രധാന പരിഗണന നൽകുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.