- Trending Now:
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻറെ 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി ആവിഷ്കരിച്ച് നടപ്പാക്കുന്ന 'ബ്രാൻഡ് വയനാടി'ൻറെ ഔദ്യോഗിക പ്രഖ്യാപനം ഒക്ടോബർ 6-7 തിയതികളിൽ വൈത്തിരി വില്ലേജ് റിസോർട്ടിൽ നടക്കും. രാജ്യത്തിനകത്തും പുറത്തും പ്രശസ്തമായ വിവിധ പ്രാദേശിക ടൂറിസം കേന്ദ്രങ്ങളെ തനത് ആഗോള ബ്രാൻഡുകളായി ഉയർത്തുന്ന സംസ്ഥാന സർക്കാരിൻറെ പദ്ധതിയുടെ ഭാഗമായാണിത്. പ്രകൃതിദുരന്തങ്ങൾക്ക് ശേഷമുള്ള വയനാടിൻറെ സാമ്പത്തിക പുനരുജ്ജീവനവും ജനങ്ങളുടെ ഉപജീവന സുരക്ഷയും ലക്ഷ്യമിട്ട് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചതാണ് ഈ കർട്ടൻ റൈസർ പരിപാടി.
സംസ്ഥാന കൃഷി മന്ത്രി ടി. സിദ്ദിഖ് അധ്യക്ഷനാകുന്ന ചടങ്ങിൽ ടൂറിസം, സാംസ്കാരിക, സിനിമ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തും. എംഎൽഎ മാരായ ഐ.സി ബാലകൃഷ്ണൻ, ഉഷ വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ചന്ദ്രിക കൃഷ്ണൻ, കേരള ടൂറിസം ഡയറക്ടർ എം. അഞ്ജന, അഡി. ഡയറക്ടർ (ജനറൽ) സുമിത് കുമാർ താക്കൂർ, ജില്ലാ കലക്ടർ ചെൽസ സിനി, സബ് കലക്ടർ അതുൽ സാഗർ, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ ഹനീഫ, മുൻസിപ്പൽ ചെയർമാൻ പി. വിശ്വനാഥൻ, വൈത്തിരി പഞ്ചായത്ത് പ്രസിഡൻറ് സി.വി രാജൻ, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന അംഗങ്ങൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും
'ബ്രാൻഡ് വയനാട്' പരിപാടിയുടെ ഭാഗമായി വിദഗ്ധർ നയിക്കുന്ന പ്രഭാഷണങ്ങളും ഉണ്ടാകും. 'പ്രകൃതിയും വന്യജീവി വൈവിധ്യവും' എന്ന വിഷയത്തിൽ എം. എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ബയോഡൈവേഴ്സിറ്റി ലീഡ് സനീഷ് സി. എസും, 'സംസ്കാരം' എന്ന വിഷയത്തിൽ പ്രശസ്ത സാഹിത്യകാരനും സാഹിത്യ അക്കാദമി പ്രസിഡൻറുമായ കൽപ്പറ്റ നാരായണനും, 'കരകൗശലം' എന്ന വിഷയത്തിൽ ഉറവ് ഇൻഡിജിനസ് സയൻസ് & ടെക്നോളജി സ്റ്റഡി സെൻറർ സാമൂഹിക പ്രവർത്തകൻ ടി. ശിവരാജും സംസാരിക്കും.
വയനാടിനെ സുരക്ഷിതവും സുസ്ഥിരവുമായ ആഗോള വിനോദസഞ്ചാര കേന്ദ്രമായി മാറ്റുന്നതിനുള്ള ഉത്തരവാദിത്ത ടൂറിസം നയങ്ങളും ഹോംസ്റ്റേ നവീകരണവും പദ്ധതി ഉറപ്പാക്കും. വയനാടിനെ വിനോദസഞ്ചാര കേന്ദ്രം എന്നതിലുപരി പ്രകൃതിയും ജീവിതവും സംസ്കാരവും അനുഭവിക്കാവുന്ന ടൂറിസം ഉൽപ്പന്നമായി ആഗോള വിപണിയിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യം. വയനാട് കോഫി, സുഗന്ധവ്യഞ്ജനങ്ങൾ, പരമ്പരാഗത നെല്ലിനങ്ങൾ, തേൻ തുടങ്ങിയ ഉൽപ്പന്നങ്ങൾക്കൊപ്പം പ്രാദേശിക പാചകരീതികൾ, കാർഷിക ജീവിതം, ഗോത്രപൈതൃകം, ഗ്രാമീണ അനുഭവങ്ങൾ എന്നിവയും ടൂറിസവുമായി ബന്ധിപ്പിക്കും.
ഭൗമസൂചികാ പദവിയുള്ള 'വയനാട് റോബസ്റ്റ കോഫി'യെ 'ഫാം ടു കപ്പ്' മാതൃകയിൽ ആഗോള വിപണിയിൽ പ്രീമിയം ബ്രാൻഡായി അവതരിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. തനത് ഗോത്ര സംസ്കാര സംരക്ഷണത്തിനായി 'എൻ ഊര്' പൈതൃക ഗ്രാമം വിപുലീകരിക്കുന്നതിനൊപ്പം 50 കോടി രൂപ ചെലവിൽ ട്രൈബൽ സർവകലാശാലയും പൈതൃക വിജ്ഞാന മേഖലയും സ്ഥാപിക്കും. ഇതോടൊപ്പം കോർപ്പറേറ്റ് പങ്കാളിത്തം ഉറപ്പാക്കുന്ന 'വയനാട് സി.എസ്.ആർ എക്സ്ചേഞ്ച്' (ഭൂമി പോർട്ടൽ), പരിസ്ഥിതി സംരക്ഷണത്തിനായുള്ള 'ഇ-മാലിന്യ മുക്ത ഡ്രൈവ്' എന്നിവയും ബ്രാൻഡ് വയനാടിൻറെ ഭാഗമായി നടപ്പിലാക്കും.
'എക്സ്പീരിയൻസ് വയനാട്' എന്ന ആശയത്തിലൂടെ വയനാടിൻറെ വൈവിധ്യമാർന്ന അനുഭവങ്ങളെ ലോകസഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം പ്രാദേശിക യുവാക്കൾക്കും സ്ത്രീകൾക്കും ആദിവാസി സമൂഹങ്ങൾക്കും ടൂറിസം മേഖലയിൽ കൂടുതൽ അവസരങ്ങൾ ഉറപ്പാക്കും. പരിശീലനം ലഭിച്ച പ്രാദേശിക ഗൈഡുകൾ, ഹോംസ്റ്റേകൾ, പ്രാദേശിക ഉൽപ്പന്നങ്ങളുടെ വിപണനം തുടങ്ങിയ മേഖലകളിലൂടെ ടൂറിസത്തിൻറെ നേട്ടങ്ങൾ കൂടുതൽ ജനങ്ങളിലെത്തിക്കാനും ലക്ഷ്യമിടുന്നു.
ദ്വിദിന സമ്മേളനത്തിൻറെ ആദ്യ ദിനമായ ഒക്ടോബർ 6 ചൊവ്വാഴ്ച ബ്രാൻഡ് വയനാട് വിഷൻ പ്രഖ്യാപനം, വിവിധ പദ്ധതികളുടെ ഉദ്ഘാടനം സാംസ്കാരിക പരിപാടികൾ തുടങ്ങിയവയാണ് സംഘടിപ്പിച്ചിട്ടുള്ളത്. തിരുനെല്ലി സർക്യൂട്ട്, ചേകാടി ഫാം സന്ദർശനം, കാപ്പി എക്സ്പീരിയൻസ് എന്നിവ ഉൾപ്പെടുന്ന ഗൈഡഡ് സഞ്ചാരവും ആദ്യ ദിനത്തിൽ ഒരുക്കിയിട്ടുണ്ട്. വൈകീട്ട് ആറുമുതൽ എൻ ഊരിൽ സാംസ്ക്കാരിക പരിപാടികൾ അരങ്ങേറും.
കർട്ടൻ റൈസർ പരിപാടിയുടെ ഭാഗമായി രണ്ട് ദിവസങ്ങളിലും പൊതുജനങ്ങൾക്കായി രാവിലെ 10:00 മുതൽ വൈകുന്നേരം 5:00 വരെ 'എൻ ഊര്' ലൈവ് എക്സ്പീരിയൻസ് സോൺ പ്രവർത്തിക്കും. ഗോത്രവർഗ്ഗക്കാരുടെ തനത് ജീവിതരീതികൾ, ഗോത്ര ഭക്ഷണമേള, പൈതൃക-കരകൗശല പ്രദർശനം, കമ്മ്യൂണിറ്റി അനുഭവങ്ങൾ എന്നിവ സന്ദർശകർക്ക് നേരിട്ടറിയാൻ അവസരം ഒരുങ്ങും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.