Sections

യൂത്ത് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആദ്യ നീന്തൽ മെഡൽ

Friday, Nov 06, 2026
Reported By Admin
Dhinidhi Desinghu Wins Historic Youth Olympics Swimming Bronze

മുംബൈ/പൂനെ: ബജാജ് ഫിൻസെർവിന്റെ പിന്തുണയോടെ മത്സരിക്കുന്ന ഇന്ത്യൻ താരം ധിനിധി ദേശിംഗു യൂത്ത് ഒളിമ്പിക്സ് നീന്തൽ മത്സരത്തിൽ രാജ്യത്തിന് ചരിത്രത്തിലെ ആദ്യ മെഡൽ സമ്മാനിച്ചു. ഡാക്കർ 2026 യൂത്ത് ഒളിമ്പിക്സിൽ വനിതകളുടെ 100 മീറ്റർ ഫ്രീസ്റ്റൈലിൽ 56.27 സെക്കൻഡിൽ ഫിനിഷ് ചെയ്ത 16കാരി ദേശീയ റെക്കോർഡോടെ വെങ്കലം നേടി. ക്രൊയേഷ്യയുടെ അന ബൊബനോവിച്ച് (55.89 സെക്കൻഡ്), ന്യൂസിലൻഡിന്റെ അലിസ ലോസൺ (56.13 സെക്കൻഡ്) എന്നിവരാണ് യഥാക്രമം സ്വർണവും വെള്ളിയും നേടിയത്. യൂത്ത് ഒളിമ്പിക്സ് നീന്തൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന നേട്ടവും ബെംഗളൂരുവിൽ നിന്നുള്ള ധിനിധി സ്വന്തമാക്കി.

2024ലെ പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു ധിനിധി. ഒരിക്കൽ നീന്തലിനോട് ഭയമുണ്ടായിരുന്ന താരം ഇന്ന് രാജ്യത്തെ മികച്ച നീന്തൽ താരങ്ങളിലൊരാളായി വളർന്നിരിക്കുകയാണ്. ഈ വർഷം മുതലാണ് ബജാജ് ഫിൻസെർവ് ധിനിധിക്ക് പിന്തുണ നൽകിത്തുടങ്ങിയത്. പരിശീലനം, മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ, കായിക ഉപകരണങ്ങൾ, ശാരീരികക്ഷമത, പരിക്കുകൾക്കും കഠിന പരിശീലനത്തിനും ശേഷമുള്ള വീണ്ടെടുക്കൽ തുടങ്ങിയ മേഖലകളിലാണ് കമ്പനിയുടെ സഹായം. നീന്തൽ, ബാഡ്മിന്റൺ, ടെന്നീസ് എന്നീ കായിക ഇനങ്ങളിലെ യുവതാരങ്ങളെ ദീർഘകാലാടിസ്ഥാനത്തിൽ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് ധിനിധിയെയും പദ്ധതിയിൽ ഉൾപ്പെടുത്തിയത്.

ധിനിധിയുടെ ചരിത്രനേട്ടം ഇന്ത്യയുടെ അഭിമാന നിമിഷമാണെന്നും വലിയ സ്വപ്നങ്ങൾ കാണുന്ന യുവ കായികതാരങ്ങൾക്ക് ഇത് പ്രചോദനമാകുമെന്നും ബജാജ് ഫിൻസെർവ് ലിമിറ്റഡ് ഗ്രൂപ്പ് ചീഫ് മാർക്കറ്റിങ് ഓഫീസറും ബജാജ് ഫിനാൻസ് ലിമിറ്റഡ് ഡിജിറ്റൽ പ്ലാറ്റ്ഫോംസ് പ്രസിഡന്റുമായ മാനവ് മിയാൻവാൾ പറഞ്ഞു. വർഷങ്ങളുടെ കഠിനാധ്വാനവും ത്യാഗവും അസാധാരണമായ നിശ്ചയദാർഢ്യവുമാണ് ഈ മെഡൽ നേട്ടത്തിന് പിന്നിലെന്നും വ്യക്തിഗത മികവിനൊപ്പം കൂട്ടായ പിന്തുണ ലഭിച്ചാൽ ഇന്ത്യൻ താരങ്ങൾക്ക് ലോകത്തിലെ മികച്ചവരോട് മത്സരിക്കാനാകുമെന്ന് ധിനിധിയുടെ നേട്ടം തെളിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. താരത്തിന്റെ കായികയാത്രയിൽ പങ്കാളികളാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ധിനിധിക്കും കുടുംബത്തിനും പരിശീലകർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് ഏതാനും കായിക ഇനങ്ങൾക്കു മാത്രമാണ് വലിയ ശ്രദ്ധയും സാമ്പത്തിക പിന്തുണയും ലഭിക്കുന്നതെന്നും പ്രതിഭയുള്ള നിരവധി യുവതാരങ്ങൾക്ക് കഴിവ് തെളിയിക്കാനുള്ള അവസരങ്ങളും ആവശ്യമായ പിന്തുണയും ലഭിക്കുന്നില്ലെന്നും കമ്പനി ചൂണ്ടിക്കാട്ടി. കരിയറിന്റെ തുടക്കത്തിൽ തന്നെ താരങ്ങൾക്ക് പിന്തുണ നൽകുന്നതിലൂടെ കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനും പരിശീലനത്തിലും പ്രകടനം മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ അവരെ സഹായിക്കാനുമാണ് ലക്ഷ്യമിടുന്നത്. ഓരോ മെഡൽ നേട്ടത്തിനും പിന്നിൽ താരത്തിന്റെ വ്യക്തിഗത മികവിനൊപ്പം കുടുംബം, പരിശീലകർ, പിന്തുണ നൽകുന്നവർ എന്നിവരുടെ കൂട്ടായ പരിശ്രമവുമുണ്ടെന്നും കമ്പനി വ്യക്തമാക്കി.

ധിനിധിക്കു പുറമെ കൂടുതൽ നീന്തൽ താരങ്ങൾക്കും കമ്പനി പിന്തുണ നൽകും. യുവ ബാഡ്മിന്റൺ താരങ്ങളെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്. തമിഴ്നാട് ടെന്നീസ് അസോസിയേഷനുമായുള്ള സഹകരണത്തിലൂടെ ദിയ രമേഷ് (റാങ്കിങ് 3), ദീപ്ശിഖ വിനായഗമൂർത്തി (4), സവിത ഭുവനേശ്വരൻ (5), ശ്രീ ശൈലേശ്വരി വേൽമണികണ്ഠൻ (19) എന്നീ നാല് യുവ ടെന്നീസ് താരങ്ങൾക്കും സഹായം നൽകുന്നുണ്ട്. മികച്ച പരിശീലനം, പരിശീലന സൗകര്യങ്ങൾ, മത്സരാവസരങ്ങൾ, കായിക ഉപകരണങ്ങൾ, പോഷകാഹാരം, ഫിറ്റ്നസ് പിന്തുണ എന്നിവയ്ക്കൊപ്പം യാത്ര, താമസ ചെലവുകൾക്കും കമ്പനി സഹായം നൽകുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.