Sections

മികച്ച ക്രെഡിറ്റ് സ്‌കോറുള്ളവരിൽ പകുതിയിലധികം പേരും 12 മാസത്തിനുള്ളിൽ വീണ്ടും സ്വർണ്ണ വായ്പയെടുക്കുന്നതായി റിപ്പോർട്ട്

Saturday, Nov 07, 2026
Reported By Admin
India's Gold Loan Market Reaches ₹22.5 Lakh Crore in 2026

കൊച്ചി: രാജ്യത്തെ സ്വർണ്ണ വായ്പാ വിപണി 2026-ലും മികച്ച വളർച്ച രേഖപ്പെടുത്തിയതായി ട്രാൻസ്യൂണിയൻ സിബിലിന്റെ പുതിയ റിപ്പോർട്ട്. 2026 ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം സ്വർണ്ണ വായ്പാ കുടിശ്ശിക 22.5 ലക്ഷം കോടി രൂപയിലെത്തി. 2023 ഓഗസ്റ്റിനെ അപേക്ഷിച്ച് മൂന്നിരട്ടി വർധനവാണിത്. രാജ്യത്ത് വായ്പയെടുക്കുന്നവരിൽ 21 ശതമാനം പേരും അതായത് ഏകദേശം 5.5 കോടി സജീവ വായ്പക്കാർ സ്വർണ്ണ വായ്പയെ ആശ്രയിക്കുന്നവരാണെന്ന് ലെൻഡിംഗ് അൺലോക്ക്ഡ്: ഗോൾഡ് ലോൺസ്, നവംബർ 2026 എന്ന റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്ന് വർഷമായി അതിവേഗം വളരുന്ന വായ്പാ പദ്ധതികളിലൊന്നാണ് സ്വർണ്ണ വായ്പകൾ.

2026 ജൂണിലവസാനിച്ച ത്രൈമാസത്തിൽ സ്വർണ്ണ വായ്പാ വിതരണ മൂല്യം മുൻവർഷത്തെ അപേക്ഷിച്ച് 12 ശതമാനം വർധിച്ച് 8.2 ലക്ഷം കോടി രൂപയായി. വായ്പകളുടെ എണ്ണത്തിൽ 15 ശതമാനം ഇടിവുണ്ടായെങ്കിലും വായ്പാ തുകയിൽ വലിയ വർധനവാണ് ഉണ്ടായത്. ഈ കാലയളവിൽ ഏകദേശം 3.7 കോടി സ്വർണ്ണ വായ്പകളാണ് വിതരണം ചെയ്തത്. അതുപോലെ വായ്പയെടുത്ത വ്യക്തികളുടെ എണ്ണം മുൻവർഷത്തേതിന് സമാനമായി 2.4 കോടിയായി തുടർന്നു. 2.5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകളുടെ എണ്ണത്തിൽ 19 ശതമാനം വാർഷിക വളർച്ചയുണ്ടായത് വലിയ തുകകളിലേക്കുള്ള ഉപഭോക്താക്കളുടെ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.

റിപ്പോർട്ട് പ്രകാരം വായ്പയെടുക്കുന്നവരിൽ മൂന്നിൽ രണ്ട് ഭാഗവും ഗ്രാമീണ, അർദ്ധ-നഗര പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. ഇതിൽ അഞ്ചിൽ രണ്ട് ഭാഗം സ്ത്രീകളാണ്. പുതുതലമുറ വായ്പക്കാരുടെ എണ്ണത്തിൽ 19 ശതമാനത്തിന്റെ വർധനവുണ്ടായി. കൂടാതെ 800-ന് മുകളിൽ സിബിൽ സ്കോർ ഉള്ള വായ്പക്കാരുടെ എണ്ണം 40 ശതമാനമായി ഉയർന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് സ്വർണ്ണ വായ്പാ വിപണിയുടെ അടിസ്ഥാനമെങ്കിലും മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള വർധിച്ച പങ്കാളിത്തവും ഇപ്പോൾ കാണാൻ സാധിക്കുന്നുണ്ട്.

മികച്ച ക്രെഡിറ്റ് സ്കോറുള്ള സ്വർണ്ണ വായ്പക്കാരിൽ വീണ്ടും വായ്പയെടുക്കുന്ന പ്രവണത കൂടുതലാണ്. കുറഞ്ഞ റിസ്കുള്ള വായ്പക്കാരിൽ 2.5 ലക്ഷം രൂപയോ അതിൽ താഴെയോ വായ്പയെടുത്തവരിൽ 57 ശതമാനം പേരും, 2.5 ലക്ഷത്തിന് മുകളിൽ വായ്പയെടുത്തവരിൽ 54 ശതമാനം പേരും അടുത്ത 12 മാസത്തിനുള്ളിൽ മറ്റൊരു സ്വർണ്ണ വായ്പ കൂടി എടുത്തതായി കണ്ടെത്തിയിട്ടുണ്ട്. വ്യക്തിഗത വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ, ബിസിനസ് വായ്പകൾ എന്നിവയെ അപേക്ഷിച്ച് സ്വർണ്ണ വായ്പ എടുക്കുന്നവരാണ് വീണ്ടും അതേ വായ്പ തിരഞ്ഞെടുക്കാൻ കൂടുതൽ സാധ്യത കാണിക്കുന്നത്.

വായ്പാ തിരിച്ചടവിലും ഉപഭോക്താക്കൾ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. മുൻപ് തിരിച്ചടവിൽ വീഴ്ച വരുത്തിയവരിൽ അഞ്ചിൽ രണ്ട് പേരും അതായത് 42 ശതമാനം പേരും 12 മാസത്തിനുശേഷം കുടിശ്ശികകളില്ലാതെ കൃത്യമായി വായ്പ അടച്ചുതീർക്കുന്നവരായി മാറി. മറ്റ് വായ്പാ ഉൽപ്പന്നങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഉയർന്ന നിരക്കാണ്. സ്വർണ്ണ വായ്പകളിൽ 30 ദിവസത്തിന് മുകളിൽ കുടിശ്ശിക വരുത്തുന്നവരുടെ അനുപാതം 2025 ജൂണിലെ 2.0 ശതമാനത്തിൽ നിന്ന് 2026 ജൂണിൽ 1.4 ശതമാനമായി കുറഞ്ഞുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഉപഭോക്താക്കൾ അവരുടെ സാമ്പത്തിക ആവിശ്യങ്ങളുടെ വിവിധ ഘട്ടങ്ങളിൽ സ്വർണ്ണ വായ്പകളെ ആശ്രയിക്കുമ്പോൾ ഈടുനൽകുന്ന സ്വർണ്ണത്തിന്റെ മൂല്യത്തിനപ്പുറം അവരുടെ മൊത്തത്തിലുള്ള വായ്പാ ആവശ്യങ്ങൾ കൂടി മനസ്സിലാക്കേണ്ടതുണ്ടെന്ന് ട്രാൻസ്യൂണിയൻ സിബിൽ എംഡിയും സിഇഒയുമായ ഭവേഷ് ജെയിൻ പറഞ്ഞു. ഉപഭോക്താക്കളുടെ വായ്പ ചരിത്രം, നിലവിലുള്ള വായ്പകൾ, തിരിച്ചടവ് ശേഷി എന്നിവ വ്യക്തമായി മനസ്സിലാക്കുന്നത് മികച്ച സാമ്പത്തിക അവസരങ്ങൾ നൽകാനും പോർട്ട്ഫോളിയോ റിസ്ക് നിയന്ത്രിക്കാനും സ്ഥാപനങ്ങളെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.