- Trending Now:
കൊച്ചി: വിവിധ വ്യവസായ മേഖലകളിൽ എഐ അധിഷ്ഠിത പരിവർത്തനം വേഗത്തിലാക്കുന്നതിനായി ടെലികോം സേവനദാതാക്കളായ വി 'വി ഇന്റലിജൻസ്' എന്ന പുതിയ സംരംഭത്തിന് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി പിഡബ്ലിയുസി ഇന്ത്യയുമായി സഹകരിച്ച് 'വി ഇന്റലിജൻസ് ലാബും' സ്ഥാപിച്ചു.
സംരംഭങ്ങൾക്കായി നൂതന എഐ സംവിധാനങ്ങൾ വികസിപ്പിക്കുകയും പരീക്ഷിക്കുകയും വിപുലീകരിക്കുകയും ചെയ്യുകയാണ് ലാബിന്റെ ലക്ഷ്യം. വിയുടെ ഡിജിറ്റൽ അടിസ്ഥാനസൗകര്യവും പിഡബ്ലിയുസി ഇന്ത്യയുടെ സാങ്കേതിക വൈദഗ്ധ്യവും പ്രയോജനപ്പെടുത്തി ആഗോള എഐ വിദഗ്ധർ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ചായിരിക്കും പ്രവർത്തനം. ഇതിനായി മുംബൈയിൽ പ്രത്യേക വിദഗ്ധ സംഘത്തെയും പിഡബ്ലിയുസി ഇന്ത്യ നിയോഗിക്കും.
ഏജന്റിക് എഐ, അസിസ്റ്റീവ് എഐ, സോവറിൻ ആൻഡ് റെസ്പോൺസിബിൾ എഐ എന്നീ മൂന്ന് മേഖലകൾ കേന്ദ്രീകരിച്ചായിരിക്കും ലാബിന്റെ പ്രവർത്തനം. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനും ബിസിനസ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പരമ്പരാഗത ഓട്ടോമേഷനപ്പുറം സ്വയം പ്രവർത്തിക്കുന്ന ബുദ്ധിപരമായ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും ഇത് സഹായിക്കും. വിയുടെ ഉത്തരവാദിത്തപൂർണമായ എഐ ചട്ടക്കൂടായ 'ഗ്രേസി' മുഖേനെയാണ് പദ്ധതികൾ നടപ്പാക്കുക.
പുതിയ എഐ സംവിധാനങ്ങളുടെ വികസനം, ഹാക്കത്തോണുകൾ, സാങ്കേതിക പരിശീലനം, പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതികളെ പ്രായോഗിക ഉപയോഗത്തിലേക്ക് മാറ്റുന്നതിനുള്ള പ്രത്യേക സംവിധാനം എന്നിവയും ലാബിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടും.
എഐയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും സംരംഭങ്ങളുടെ പ്രവർത്തനങ്ങൾ ആധുനികവൽക്കരിക്കാനും പുതിയ വളർച്ചാ അവസരങ്ങൾ സൃഷ്ടിക്കാനും വി ഇന്റലിജൻസ് സഹായിക്കുമെന്ന് വിയുടെ സിടിഒ ജഗ്ബീർ സിംഗ് പറഞ്ഞു.
ഉത്തരവാദിത്തപൂർണമായ എഐ ഉപയോഗത്തിലൂടെ സംരംഭങ്ങളുടെ നവീകരണവും വളർച്ചയും വേഗത്തിലാക്കാൻ ഈ പങ്കാളിത്തം സഹായിക്കുമെന്ന് പിഡബ്ലിയുസി ഇന്ത്യയുടെ ടിഎംടി വിഭാഗം മേധാവി വിനീഷ് ബാവ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.