Sections

ജനറേറ്റീവ് എഐ ഹാക്കത്തോൺ നവംബർ 7ന് ടെക്‌നോപാർക്കിൽ; രജിസ്‌ട്രേഷൻ നവംബർ 5 വരെ

Wednesday, Nov 04, 2026
Reported By Admin
Generative AI Hackathon 2026 to Be Held at Technopark

എഐ സാങ്കേതികവിദ്യയിൽ നൂതന ആശയങ്ങൾ അവതരിപ്പിക്കാൻ വിദ്യാർഥികൾക്കും ഐടി പ്രൊഫഷണലുകൾക്കും അവസരം

തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ജനറേറ്റീവ് എഐയുടെയും സാധ്യതകൾ പ്രയോജനപ്പെടുത്തി നൂതന സാങ്കേതിക ആശയങ്ങളും പ്രായോഗിക പരിഹാരങ്ങളും വികസിപ്പിക്കാൻ സാങ്കേതിക പ്രതിഭകൾക്ക് വേദിയൊരുങ്ങുന്നു. ജനറേറ്റീവ് എഐ ഹാക്കത്തോൺ 2026 നവംബർ 7ന് തിരുവനന്തപുരം ടെക്നോപാർക്കിലെ പാർക്ക് സെന്ററിൽ സംഘടിപ്പിക്കും.
ബോസ്റ്റൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്സ് (BIA) തിരുവനന്തപുരം ക്യാമ്പസ്, ടെക്നോപാർക്കിലെ ഐടി ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി, ക്വാണ്ടം വേവ് ഇന്റലിജൻസ് ലിമിറ്റഡ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഐടി പ്രൊഫഷണലുകൾക്കും എഐ ഗവേഷകർക്കും സാങ്കേതികവിദ്യയിൽ താൽപര്യമുള്ള കോളേജ് വിദ്യാർഥികൾക്കും തങ്ങളുടെ നൂതന ആശയങ്ങൾ അവതരിപ്പിക്കാനും അവ പ്രായോഗിക സാങ്കേതിക പരിഹാരങ്ങളാക്കി വികസിപ്പിക്കാനും ഹാക്കത്തോൺ അവസരമൊരുക്കും. ജനറേറ്റീവ് എഐയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി യഥാർഥ ലോകത്തെ വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുന്നതിനൊപ്പം വ്യവസായ മേഖലയിലെ വിദഗ്ധരുമായി സംവദിക്കാനും വേദിയൊരുങ്ങും.

കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ ഡോ. അനൂപ് പി. അംബിക, ഫ്രാൻസിലെ നാന്റസ് സർവകലാശാലയിലെ പോസ്റ്റ്ഡോക്ടറൽ ഗവേഷക ഡോ. നാൻസി വിക്ടർ, ക്വാണ്ടം വേവ് ഇന്റലിജൻസ് ലിമിറ്റഡ് സ്ഥാപകനും ഡയറക്ടറുമായ ഡോ. സാബു എം. തമ്പി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ഓർക്ലെക്സിലെ സീനിയർ മാനേജർ വർഗീസ് ജോർജ് പ്രത്യേക അതിഥിയായിരിക്കും.

ഹാക്കത്തോണിലെ പ്രോജക്ടുകളുടെ സാങ്കേതിക മികവ് വിലയിരുത്തുന്നതിനും ആശയങ്ങൾ അവലോകനം ചെയ്യുന്നതിനുമായി വിവിധ മേഖലകളിലെ വിദഗ്ധർ പാനലിസ്റ്റുകളായുണ്ടാകും. ടാറ്റ എൽക്സിയിലെ എഐ ആർക്കിടെക്ട് ഡോ. അഞ്ജന പി. ദാസ്, ജനറേറ്റീവ് എഐ മാനേജർ ഡോ. ആതിര യു., അസോസിയേറ്റ് പ്രൊഫസർ ഡോ. സുമോദ് സുന്ദർ, ആൽക്കോം പ്രൈവറ്റ് ലിമിറ്റഡിലെ സീനിയർ സോഫ്റ്റ്വെയർ ലീഡ് മാധവ് ശങ്കർ വാര്യർ, എഐ ഇന്നൊവേഷൻസ് ടെക്ഹൗസ് ഡയറക്ടർ അരുൺ എസ്. ആർ. എന്നിവർ പാനലിലെ പ്രമുഖരാണ്.

2025ൽ ഏകദേശം 480 പേർ പങ്കെടുത്ത മെഗാ ജനറേറ്റീവ് എഐ ഹാക്കത്തോണിന്റെ വിജയകരമായ തുടർച്ചയായാണ് ഇത്തവണത്തെ പരിപാടി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തെ മികച്ച പങ്കാളിത്തവും സാങ്കേതിക സമൂഹത്തിൽനിന്ന് ലഭിച്ച പ്രോത്സാഹനവുമാണ് ഇത്തവണ കൂടുതൽ വിപുലമായ രീതിയിൽ പരിപാടി സംഘടിപ്പിക്കാൻ പ്രചോദനമായത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതിവേഗം വളരുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്കും യുവ സാങ്കേതിക വിദഗ്ധർക്കും പുതിയ സാങ്കേതിക പ്രവണതകൾ മനസ്സിലാക്കാനും പ്രായോഗിക പരിചയം നേടാനും അവസരമൊരുക്കുകയാണ് ഹാക്കത്തോണിന്റെ ലക്ഷ്യം. പഠനവും ഗവേഷണവും വ്യവസായ ആവശ്യങ്ങളും തമ്മിലുള്ള അന്തരം കുറയ്ക്കുക, നവീന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുക, സാങ്കേതിക പ്രതിഭകളെ കണ്ടെത്തുക, കേരളത്തിലെ എഐ ഇന്നൊവേഷൻ ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുക എന്നിവയും ലക്ഷ്യമിടുന്നു.

ഹാക്കത്തോണിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ നവംബർ 5ന് രാത്രി 11.59 വരെ നടത്താം. പങ്കെടുക്കാൻ താൽപര്യമുള്ളവർ തങ്ങളുടെ പ്രോജക്ട് അല്ലെങ്കിൽ പ്രോജക്ട് ഐഡിയ PDF ഫോർമാറ്റിൽ രജിസ്ട്രേഷനോടൊപ്പം സമർപ്പിക്കണം. പ്രോജക്ട് രേഖ ഉൾപ്പെടുത്തിയുള്ള രജിസ്ട്രേഷനുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ഔദ്യോഗിക വെബ്സൈറ്റ് https://genaihackathon.com സന്ദർശിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.