- Trending Now:
തിരുവനന്തപുരം: ഐടി പ്രൊഫഷണലുകൾക്കായുള്ള 'മലയാളി മങ്ക - കേരള ശ്രീമാൻ' (എംഎംകെഎസ്) മത്സരത്തിൻറെ പതിനൊന്നാമത് ഗ്രാൻഡ് ഫിനാലെ കേരളപ്പിറവി ദിനത്തിൽ ടെക്നോപാർക്കിൽ നടന്നു. ഐടി പ്രൊഫഷണലുകൾക്കായുള്ള കമ്മ്യൂണിറ്റി പ്ലാറ്റ്ഫോമായ ടെക്നോപാർക്ക് ടുഡേ ആണ് കേരളത്തിൻറെ സാംസ്കാരിക പൈതൃകം ആഘോഷിക്കുന്നതിനും സംസ്ഥാനത്തെ ഐടി ജീവനക്കാരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുമായി ഈ പരിപാടി സംഘടിപ്പിച്ചത്.
മത്സരത്തിൻറെ ഫൈനലിൽ സി-ഡിറ്റിലെ മേഘ്ന എം 'മലയാളി മങ്ക'യായും, ആമസോൺ ജീവനക്കാരനായ വിഷ്ണു പ്രദീപ് 'കേരള ശ്രീമാൻ 2026' ആയും തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ വിവിധ ഐടി പാർക്കുകളിൽ നിന്നുള്ളവർ പങ്കെടുത്ത ഈ മത്സരം ഐടി പ്രൊഫഷണലുകളുടെ ആത്മവിശ്വാസം, വ്യക്തിത്വം, സർഗാത്മകത എന്നിവ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്നതായിരുന്നു.
25 മത്സരാർഥികളാണ് കിരീട പോരാട്ടത്തിനായി ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരച്ചത്. തിരുവനന്തപുരം ടെക്നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക്, കോഴിക്കോട് സൈബർപാർക്ക് തുടങ്ങി കേരളത്തിലെ പ്രധാന ഐടി പാർക്കുകളിൽ നിന്നായി ഏകദേശം 600-ഓളം പേരാണ് മത്സരിച്ചത്.
മലയാളി മങ്ക വിഭാഗത്തിൽ ഓസ്പിൻ ടെക്നോളജീസിലെ ആതിര ബി. നായർ ഫസ്റ്റ് റണ്ണർ അപ്പായും, നിരാ സിസ്റ്റംസിലെ ആർഷ എ.യു സെക്കൻറ് റണ്ണർ അപ്പായും തിരഞ്ഞെടുക്കപ്പെട്ടു. കേരള ശ്രീമാൻ വിഭാഗത്തിൽ സൺടെക് ബിസിനസ് സൊല്യൂഷൻസിലെ അഭിജിത്ത് വിജയൻ ഫസ്റ്റ് റണ്ണർ അപ്പായും, ടെക് വെർസൻറ് ഇൻഫോടെക്കിലെ കാർത്തിക് മാണിക്കം സെക്കൻറ് റണ്ണർ അപ്പായും തിരഞ്ഞെടുക്കപ്പെട്ടു.
മത്സരാർഥികളുടെ വ്യക്തിഗത കഴിവുകളെയും നേട്ടങ്ങളെയും അംഗീകരിക്കുന്നതിനായി നിരവധി പ്രത്യേക പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. ടിസിഎസിലെ രോഹിണി വി 'ബെസ്റ്റ് ഹെയർ' അവാർഡും, ഇക്വിഫാക്സിലെ അഖില ബി 'ബെസ്റ്റ് സ്കിൻ' അവാർഡും, ഗൈഡ്ഹൗസിലെ നുസ്റത്ത് 'ബെസ്റ്റ് ഐസ്' അവാർഡും, ടിസിഎസിലെ അരുൺ മോഹൻ 'ബെസ്റ്റ് അപ്പിയറൻസ് അവാർഡും നേടി. അലയൻസ് ടെക്നോളജിയിലെ അമല ജോർജ് 'ബെസ്റ്റ് ക്രിയേറ്റർ', 'ബെസ്റ്റ് ഫിസിക്' എന്നീ അവാർഡുകൾ സ്വന്തമാക്കിയപ്പോൾ അലയൻസ് സർവീസസിലെ അമൽ സജീവ് 'ബെസ്റ്റ് സ്മൈൽ' അവാർഡ് നേടി.
നിരാ സിസ്റ്റംസിലെ ആർഷ എ.യു ('ബെസ്റ്റ് വാക്ക്'), ഗൈഡ്ഹൗസിലെ രേഷ്മ ബി ('ബെസ്റ്റ് മലയാളം'), യുഎസ്ടി-യിലെ സൗമ്യ ഗിരിജ ('ഓഡിയൻസ് ചോയ്സ്') എന്നിവയാണ് മറ്റ് അവാർഡുകൾ.
അശ്വതി പിള്ള, പ്രജീഷ് നിർഭയ, അജയ് ജ്യോതികുമാർ എന്നിവരായിരുന്നു ഗ്രാൻഡ് ഫിനാലെയിലെ വിധികർത്താക്കൾ. രശ്മി മാക്സിം, ശോഭ വിശ്വനാഥ്, 'മിസ് കേരള 2026' വിജയി ചിത്രാംബരി എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി.
കേരളത്തിൻറെ പരമ്പരാഗത മൂല്യങ്ങളെയും ഐടി സമൂഹത്തിൻറെ ആധുനിക മനോഭാവത്തെയും ഒന്നിപ്പിച്ചുകൊണ്ടുള്ള സവിശേഷമായ പരിപാടിയിരുന്നു 'മലയാളി മങ്ക-കേരള ശ്രീമാൻ'. പരമ്പരാഗത വസ്ത്രധാരണം, സ്റ്റേജ് പ്രകടനങ്ങൾ, വ്യക്തിത്വം, സർഗാത്മക ആവിഷ്കാരം എന്നിവയിലൂടെ ഐടി പ്രൊഫഷണലുകളുടെ വ്യക്തിത്വം പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്നതിനൊപ്പം സംസ്ഥാനത്തിൻറെ സാംസ്കാരിക തനിമ ആഘോഷിക്കാനും ഈ പരിപാടി വേദിയൊരുക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.