- Trending Now:
കൊച്ചി: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷൻ അതിവേഗം വർധിക്കുന്ന സാഹചര്യത്തിൽ, ഇലക്ട്രിക് വാഹന ഉടമകൾ അവരുടെ മോട്ടോർ ഇൻഷുറൻസ് പരിരക്ഷകൾ പുനഃപരിശോധിക്കണമെന്ന് പ്രമുഖ ജനറൽ ഇൻഷുറൻസ് കമ്പനിയായ ടാറ്റ എഐജി ജനറൽ ഇൻഷുറൻസ് ആഹ്വാനം ചെയ്തു.
പുതിയ വാഹന രജിസ്ട്രേഷൻ കണക്കുകൾ പ്രകാരം, 2026 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 25.37 ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 51.9 ശതമാനത്തിൻറെ റെക്കോർഡ് വളർച്ചയാണിത്. വെറും ഒമ്പത് മാസം കൊണ്ട് തന്നെ 2025-ലെ ആകെ വാഹന വിൽപ്പനയായ 23.56 ലക്ഷം എന്ന സംഖ്യ മറികടക്കാൻ ഇവി വിപണിക്ക് സാധിച്ചു. രാജ്യത്ത് പുതിയതായി രജിസ്റ്റർ ചെയ്യപ്പെടുന്ന വാഹനങ്ങളിൽ 10.7 ശതമാനവും ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങളാണ്.
ഇലക്ട്രിക് വാഹനങ്ങൾ സാധാരണ വാഹനങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായതിനാൽ അവ നേരിടുന്ന അപകടസാധ്യതകളും വേറിട്ടതാണെന്ന് ടാറ്റ എഐജി ചൂണ്ടിക്കാട്ടുന്നു. ബാറ്ററിക്കുണ്ടാകുന്ന തകരാറുകൾ, ചാർജിംഗ് ഉപകരണങ്ങളുടെ സംരക്ഷണം എന്നിവയ്ക്ക് പുറമെ ഇലക്ട്രിക് സർജ് സെക്യൂർ കവർ, ബാറ്ററി കൺവീനിയൻസ് കവർ, വാൾ ചാർജർ പ്രൊട്ടക്ഷൻ കവർ തുടങ്ങിയ ആഡ്-ഓൺ പരിരക്ഷകൾ പോളിസിയിലുണ്ടെന്ന് വാഹന ഉടമകൾ ഉറപ്പാക്കണം. വ്യക്തിഗത വാഹനങ്ങൾക്ക് പുറമെ, ഇലക്ട്രിക് ത്രീ-വീലറുകൾ ഉൾപ്പെടെയുള്ള വാണിജ്യ ഇവികളുടെ വളർച്ച ബിസിനസ് മേഖലയിലും ഫ്ലീറ്റ് ഇൻഷുറൻസിൻറെ പ്രാധാന്യം വർധിപ്പിക്കുന്നുണ്ട്. കേടുപാടുകൾക്ക് പുറമെ അറ്റകുറ്റപ്പണികൾ മൂലമുണ്ടാകുന്ന പ്രവർത്തന തടസങ്ങൾ കൂടി പരിഹരിക്കുന്ന പോളിസികൾ ബിസിനസ് ആവശ്യങ്ങൾക്ക് അനിവാര്യമാണ്. ഇവി വിപണി വികസിക്കുന്നതിനനുസരിച്ച് കൃത്യമായ ഇൻഷുറൻസ് കവറേജുകൾ തെരഞ്ഞെടുക്കുന്നത് ഉപഭോക്താക്കൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ഒരുപോലെ ഗുണകരമാകുമെന്ന് കമ്പനി അറിയിച്ചു.
ഇന്ത്യയിലെ ഇ.വി വിപണി മുഖ്യധാരയിലേക്ക് മാറിയതോടെ, വാഹന ഉടമകൾ ഇൻഷുറൻസ് പരിരക്ഷയെക്കുറിച്ച് ചിന്തിക്കുന്ന രീതിയും മാറേണ്ടതുണ്ടെന്ന് ടാറ്റ എഐജിയുടെ മോട്ടോർ അണ്ടർറൈറ്റിംഗ് വിഭാഗം മേധാവി എ. കിരൺ കുമാർ വ്യക്തമാക്കി. ബാറ്ററിയാണ് ഇവി വാഹനങ്ങളുടെ ഏറ്റവും വിലപിടിപ്പുള്ള ഘടകം. ഇതിൻറെ അറ്റകുറ്റപ്പണികൾക്ക് പ്രത്യേക വൈദഗ്ധ്യം ആവശ്യമാണ്. കൂടാതെ വീട്ടിലും യാത്രയ്ക്കിടയിലുമുള്ള ചാർജിംഗ് പുതിയതരം അപകടസാധ്യതകളും സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ തങ്ങളുടെ നിലവിലെ പോളിസികൾ ഇവികൾക്ക് അനുയോജ്യമാണോ എന്ന് ഉപഭോക്താക്കൾ പരിശോധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.