Sections

ഗൃഹാതുരതയുടെ സംഗീതച്ചിറകേറി സാംസ്‌കാരിക മന്ത്രി

Sunday, Aug 23, 2026
Reported By Admin
Kerala Tourism Minister P.C. Vishnunath Sings New Onam Theme Song

  • ഓണം തീം സോങ് വീഡിയോയിൽ പിന്നണി ഗായകനായി മന്ത്രി പി.സി. വിഷ്ണുനാഥ്
  • 'പൂവാലേ തുമ്പപ്പൂവാലേ...' ഗാനം തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഓണത്തിൻറെ ഗൃഹാതുരതയും കേരളത്തിൻറെ തനിമയും പൈതൃകസൗന്ദര്യവും സംഗീതത്തിലൂടെ പകർന്നുനൽകുന്ന പുതിയ ഓണം തീം സോങ് വീഡിയിൽ പിന്നണി ഗായകനായി ടൂറിസം, സിനിമ, സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്. പോളിഗൺ ഐ മീഡിയ അണിയിച്ചൊരുക്കിയ 'പൂവാലേ തുമ്പപ്പൂവാലേ...' എന്നു തുടങ്ങുന്ന ഗാനത്തിലാണ് മന്ത്രി പിന്നണി ഗായകനായെത്തുന്നത്.

മന്ത്രിയുടെ ശബ്ദത്തിലുള്ള ഓണപ്പാട്ട് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രകാശനം ചെയ്തു. ഓണത്തിൻറെ നിറങ്ങളും കേരളത്തിൻറെ സാംസ്കാരിക പൈതൃകവും പ്രകൃതിയുടെ സൗന്ദര്യവും ഗൃഹാതുരമായ ഓർമകളും ഇഴചേർന്ന ഗാനത്തിൻറെ ഏതാനും വരികൾ മന്ത്രി പി.സി. വിഷ്ണുനാഥ് ചടങ്ങിൽ ആലപിക്കുകയും ചെയ്തു.

പ്രശസ്ത ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ രചിച്ച ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് പ്രമുഖ സംഗീത സംവിധായകൻ ജേക്സ് ബിജോയ് ആണ്. 'ക്വീൻ', 'ജന ഗണ മന', 'പള്ളിച്ചട്ടമ്പി' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഡിജോ ജോസ് ആന്റണിയാണ് സംഗീത വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.

രണ്ട് മിനിറ്റും 55 സെക്കൻഡും ദൈർഘ്യമുള്ള വീഡിയോയിൽ കേരളത്തിൻറെ ഓണപ്പെരുമയും സാംസ്കാരിക പൈതൃകവും ദൃശ്യവത്കരിച്ചിട്ടുണ്ട്. ബോൾഗാട്ടി പാലസ്, തൃപ്പൂണിത്തുറ ഹിൽ പാലസ്, വൈലോപ്പിള്ളി സംസ്കൃതി ഭവൻ എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടത്തിയത്.

ചടങ്ങിൽ എം. വിൻസെൻറ് എം.എൽ.എ, മുൻ എം.എൽ.എമാരായ എം.എ. വാഹിദ്, പാലോട് രവി, പന്തളം സുധാകരൻ, നെയ്യാറ്റിൻകര സനൽ, ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജു, ടൂറിസം ഡയറക്ടർ എം. അഞ്ജന എന്നിവർ പങ്കെടുത്തു.

പോളിഗൺ ഐ മീഡിയ ഡയറക്ടർ ഡി. സജീവ്, സംവിധായകൻ ഡിജോ ജോസ് ആന്റണി, ജ്യോതിസ് സെൻട്രൽ സ്കൂൾ ചെയർമാൻ ജ്യോതിസ് ചന്ദ്രൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഓണം കേരളത്തിൻറെ ഓർമകളും സംസ്കാരവും പൈതൃകവും ഒരുമിച്ച് പാടുന്ന കാലമാണെന്ന സന്ദേശമാണ് 'പൂവാലേ തുമ്പപ്പൂവാലേ...' എന്ന ഗാനത്തിലൂടെ പകരുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.