Sections

എസ്ബിഐയുടെ അറ്റാദായത്തിൽ 14.28 ശതമാനം വർധന

Thursday, Nov 05, 2026
Reported By Admin
SBI Q2 Net Profit Rises 14.28% to ₹23,038 Crore

കൊച്ചി: നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ മുൻവർഷത്തെ സമാന പാദത്തെ അപേക്ഷിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യുടെ അറ്റാദായം 14.28 ശതമാനം വർധിച്ച് 23,038 കോടി രൂപയിലെത്തി. ഇതേ കാലയളവിൽ ബാങ്കിന്റെ പ്രവർത്തന ലാഭം 7.28 ശതമാനം വാർഷിക വളർച്ചയോടെ 34,226 കോടി രൂപയായും ഉയർന്നിട്ടുണ്ട്.

കൂടാതെ അറ്റ പലിശ വരുമാനം 14.69 ശതമാനം വർധിച്ച് 49,143 കോടി രൂപയായി. അർദ്ധ വാർഷിക കണക്കുകൾ പ്രകാരം ബാങ്കിന്റെ ആസ്തികളിൽ നിന്നുള്ള വരുമാനം 1.14 ശതമാനവും ഓഹരി മൂലധനത്തിൽ നിന്നുള്ള വരുമാനം 18.68 ശതമാനവുമാണ്.

ബാങ്കിന്റെ മൊത്തം ബിസിനസ്സ് ഏകദേശം 115 ലക്ഷം കോടി രൂപയിലെത്തി. മൊത്തം നിക്ഷേപങ്ങൾ 12.27 ശതമാനം വാർഷിക വളർച്ചയോടെ 63 ലക്ഷം കോടി രൂപയായി. ബാങ്ക് നൽകിയ മൊത്തം വായ്പകൾ 17.84 ശതമാനം വാർഷിക വളർച്ചയോടെ 52 ലക്ഷം കോടി രൂപയായി.

ആഭ്യന്തര വായ്പകൾ 16.94 ശതമാനവും, വിദേശ വായ്പകൾ ഡോളർ മൂല്യത്തിൽ 13.84 ശതമാനവും വളർച്ച നേടി. റീട്ടെയിൽ വ്യക്തിഗത വായ്പകളിൽ 14.54 ശതമാനവും കോർപ്പറേറ്റ് വായ്പകളിൽ 16.12 ശതമാനവും കാർഷിക വായ്പകളിൽ 22.64 ശതമാനവും എസ്എംഇ വായ്പകളിൽ 21.97 ശതമാനവും വളർച്ച രേഖപ്പെടുത്തി.

ബാങ്കിന്റെ ആസ്തി ഗുണനിലവാരത്തിലും കാര്യമായ പുരോഗതിയുണ്ട്. മൊത്ത നിഷ്ക്രിയ ആസ്തി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 34 ബേസിസ് പോയിന്റ് കുറഞ്ഞ് 1.39 ശതമാനമായി. അറ്റ നിഷ്ക്രിയ ആസ്തി 6 ബേസിസ് പോയിന്റ് കുറഞ്ഞ് 0.36 ശതമാനത്തിലെത്തി.

രണ്ടാം പാദത്തിന്റെ അവസാനത്തിൽ ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം 16.09 ശതമാനമാണ്. പ്രൊവിഷൻ കവറേജ് അനുപാതം നിലവിൽ 74.43 ശതമാനമാണെന്നും ബാങ്ക് വ്യക്തമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.