- Trending Now:
തിരുവനന്തപുരം: ലോകത്തിലെ പ്രമുഖ ട്രാവൽ-ടൂറിസം വ്യാപാര മേളയായ ലണ്ടൻ വേൾഡ് ട്രാവൽ മാർക്കറ്റിൽ (ഡബ്ല്യുടിഎം-2026) ശ്രദ്ധേയമായി കേരള ടൂറിസം പവലിയൻ. നവംബർ 3 ന് ആരംഭിച്ച ഡബ്ല്യുടിഎം-2026 ൽ ടൂറിസം മേഖലയിലെ വ്യാപാര പങ്കാളികളുമായാണ് കേരളം പങ്കെടുക്കുന്നത്.
ലോകമെമ്പാടുമുള്ള മികച്ച ഡെസ്റ്റിനേഷനുകളെയും ടൂറിസം ബയേഴ്സിനെയും സെല്ലേഴ്സിനെയും ആകർഷിക്കുന്ന വ്യാപാര മേളയാണ് ഡബ്ല്യുടിഎം. എക്സൽ ലണ്ടനിൽ നവംബർ 5 വരെയാണ് ഡബ്ല്യുടിഎം നടക്കുന്നത്. കേരള ടൂറിസത്തിൻറെ പ്രധാന വിപണികളിലൊന്നാണ് ലണ്ടൻ.
ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥ്, ടൂറിസം ഡയറക്ടർ അഞ്ജന എം എന്നിവരുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക പ്രതിനിധി സംഘമാണ് ഇതിൽ പങ്കെടുക്കുന്നത്.
'സ്റ്റേറ്റ് ഓഫ് വണ്ടർ' എന്ന പ്രമേയത്തിൽ, 100 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് കേരള ടൂറിസം പവലിയൻ (എൻ10 210) ഒരുക്കിയിരിക്കുന്നത്. കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും ഇൻഫോസിസ് ഫൗണ്ടേഷൻ സ്ഥാപകയും രാജ്യസഭാംഗവുമായ സുധാ മൂർത്തിയും ചേർന്ന് കേരള ടൂറിസം പവലിയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിൻറെ സമ്പന്നമായ സാംസ്കാരിക, ഉത്സവവൈവിധ്യവും പ്രകൃതിഭംഗിയും വിനോദസഞ്ചാര സാധ്യതകളും സമന്വയിപ്പിച്ചുള്ള കേരള ടൂറിസം പവലിയന് അന്താരാഷ്ട്ര പ്രതിനിധികളുടെയും വ്യാപാര പങ്കാളികളുടെയും ശ്രദ്ധ നേടാനായി.
കേരളത്തിലേക്ക് വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി നടത്തുന്ന പ്രചാരണ പരിപാടികൾക്ക് ഡബ്ല്യുടിഎമ്മിലെ പങ്കാളിത്തം ഗുണം ചെയ്യുമെന്ന് മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു. പുതിയ ടൂറിസം സീസണിൽ ലണ്ടനിൽ നിന്നും കൂടുതൽ സഞ്ചാരികൾ കേരളത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യത്യസ്ത അനുഭവങ്ങൾ ഉൾക്കൊള്ളുന്ന സമഗ്രമായ പാക്കേജാണ് കേരളം എക്സ്പോയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അനുഭവവേദ്യ ടൂറിസത്തിന് പ്രാധാന്യം നൽകിക്കൊണ്ട് മനോഹരമായ പ്രകൃതി, സാംസ്കാരികമായ സവിശേഷതകൾ, പ്രാദേശിക ജീവിതാനുഭവങ്ങൾ, ആയുർവേദ-വെൽനസ് തുടങ്ങി കേരളം വാഗ്ദാനം ചെയ്യുന്ന സവിശേഷമായ ടൂറിസം ആകർഷണങ്ങളോട് സഞ്ചാരികൾ വലിയ താൽപര്യം കാണിക്കുന്നുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി.
ഡബ്ല്യുടിഎം പോലുള്ള ആഗോള പരിപാടികളിൽ പങ്കെടുക്കുന്നത് ആഗോള വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമെന്ന കേരളത്തിൻറെ സ്ഥാനം നിലനിർത്തുന്നതിന് സഹായിക്കുമെന്ന് ടൂറിസം ഡയറക്ടർ അഞ്ജന എം പറഞ്ഞു. കേരള ടൂറിസത്തിൻറെ അതുല്യമായ ഉത്പന്നങ്ങളും സംരംഭങ്ങളും ഡബ്ല്യുടിഎമ്മിലെ ആഗോള ടൂറിസം വ്യവസായ പ്രതിനിധികൾക്കു മുന്നിൽ മികച്ച രീതിയിൽ അവതരിപ്പിക്കാനായെന്നും അവർ കൂട്ടിച്ചേർത്തു.
കേരളത്തിലെ പരമ്പരാഗത ആഘോഷങ്ങളുടെ പ്രൗഢി വിളിച്ചോതുന്നതാണ് പവലിയൻ. കേരളത്തിലെ പൂരങ്ങളുടെ ദൃശ്യവിസ്മയങ്ങളാണ് പവിലിയൻറെ മുഖ്യ ആകർഷണം. നെറ്റിപ്പട്ടം കെട്ടിയ ആനകൾ, വർണാഭമായ കുടമാറ്റം, പരമ്പരാഗത കലാരൂപങ്ങൾ, ഉത്സവാന്തരീക്ഷം എന്നിവയിലൂടെ കേരളത്തിൻറെ സാംസ്കാരിക പൈതൃകവും പൂരപ്പെരുമയും പവലിയനിൽ പുനരാവിഷ്കരിച്ചിട്ടുണ്ട്. തത്സമയ കഥകളി പ്രകടനവും പ്രധാന ആകർഷണമാണ്.
ആഗോള ടൂറിസം വിപണിയിൽ കേരളത്തിൻറെ സവിശേഷമായ വിനോദസഞ്ചാര സാധ്യതകൾ കൂടുതൽ ഫലപ്രദമായി അവതരിപ്പിക്കാനും അന്താരാഷ്ട്ര ടൂർ ഓപ്പറേറ്റർമാർ, വ്യാപാര പങ്കാളികൾ, നിക്ഷേപകർ എന്നിവരുമായി ബന്ധം ശക്തിപ്പെടുത്താനും ഡബ്ല്യുടിഎം ലണ്ടനിലെ പങ്കാളിത്തം അവസരമൊരുക്കുന്നു.
കേരളത്തിൽ നിന്ന് ഏഴ് ടൂറിസം വ്യവസായ പ്രതിനിധികളാണ് ഡബ്ല്യുടിഎമ്മിൽ പങ്കെടുക്കുന്നത്. മൂന്ന് ഹോട്ടലുകൾ/റിസോർട്ടുകൾ, രണ്ട് ആയുർവേദ റിസോർട്ട്, രണ്ട് ടൂർ ഓപ്പറേറ്റർമാർ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
അബാദ് ഹോട്ടൽസ് ആൻഡ് റിസോർട്സ്, കൈരളി ആയുർവേദിക് ഹെൽത്ത് റിസോർട്സ്, പോൾ റിസോർട്സ് ആൻഡ് ഹോട്ടൽസ്, പയനിയർ പേഴ്സണലൈസ്ഡ് ഹോളിഡേയ്സ്, സാൻറമോണിക്ക ടൂർസ് ആൻഡ് ട്രാവൽസ്, സോമതീരം ആയുർവേദ ഗ്രൂപ്പ്, യു.ഡി.എസ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് എന്നീ സ്ഥാപനങ്ങളാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.