Sections

ക്രാഫ്റ്റ്സ് വില്ലേജിൽ നവംബർ 7, 8 തീയതികളിൽ അന്താരാഷ്ട്ര നൃത്തോത്സവം

Saturday, Nov 07, 2026
Reported By Admin
International Dance Festival at Kovalam on November 7–8

തിരുവനന്തപുരം: ഇന്ത്യൻ ക്ലാസിക്കൽ, സമകാലിക നൃത്തരൂപങ്ങളുടെ സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന അന്താരാഷ്ട്ര നൃത്തോത്സവത്തിന് കോവളം കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് വേദിയാകുന്നു. നവംബർ 7, 8 തീയതികളിൽ വൈകുന്നേരം 6.30 മുതൽ ക്രാഫ്റ്റ്സ് വില്ലേജിലെ ഓപ്പൺ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ പ്രമുഖ നൃത്ത കലാകാരന്മാരും പ്രശസ്ത കലാസമിതികളും പങ്കെടുക്കുന്ന വിപുലമായ കലാസന്ധ്യയ്ക്കാണ് അരങ്ങൊരുങ്ങുന്നത്.

മേളയുടെ ഉദ്ഘാടന ദിനമായ നവംബർ 7-ന് വൈകുന്നേരം 6.30-ന് പരമ്പരാഗത കഥകളി ആവിഷ്കാരമായ 'കല്യാണസൗഗന്ധികം' വേദിയിലെത്തും. തുടർന്ന് മഞ്ചീരം സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന ഭരതനാട്യവും, പ്രശസ്ത നർത്തകിമാരായ രശ്മി ചൗവല്ലൂർ, വിദ്യ ചന്ദ്രില എന്നിവർ ചേർന്ന് നയിക്കുന്ന 'യാദ' (YADA) കുച്ചിപ്പുഡി തീമാറ്റിക് നൃത്തവും അവതരിപ്പിക്കും.

രണ്ടാം ദിനമായ നവംബർ 8-ന് നീലാംബരി വർമ്മയുടെ ഭരതനാട്യത്തോടെ കലാപരിപാടികൾ ആരംഭിക്കും. തുടർന്ന് ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെരിറ്റേജ് സെന്റർ നിർമ്മിച്ച പ്രത്യേക നൃത്ത ആവിഷ്കാരം, ശ്രീരേഖ പി.റ്റി. അവതരിപ്പിക്കുന്ന ഭരതനാട്യം, എ.ജി.ഡി.സി.യുടെ വെസ്റ്റേൺ ഡാൻസ് പ്രകടനം എന്നിവ അരങ്ങേറും.

ദൃശ്യകലാ പാരമ്പര്യങ്ങളുടെ തനിമ നിലനിർത്തുന്നതിനൊപ്പം വൈവിധ്യമാർന്ന കലാ രൂപങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്താരാഷ്ട്ര നൃത്തോത്സവം സംഘടിപ്പിക്കുന്നതെന്ന് കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ടി.യു. ശ്രീപ്രസാദ് പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ സാംസ്കാരിക കേന്ദ്രമെന്ന നിലയിൽ കലാരംഗത്തെ മികവുറ്റ അവതരണങ്ങൾക്ക് സ്ഥിരവേദിയൊരുക്കാൻ ക്രാഫ്റ്റ്സ് വില്ലേജ് പ്രതിജ്ഞാബദ്ധമാണെന്നും, എല്ലാ കലാസ്നേഹികളുടെയും പങ്കാളിത്തം ക്ഷണിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവേശനം സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9037978514 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.