- Trending Now:
കൊച്ചി: കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മുൻനിര ഡീപ്-ടെക് സ്റ്റാർട്ടപ്പായ ഐറോവ് നാവികസേനയ്ക്കായി തദ്ദേശീയമായി വികസിപ്പിച്ച ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ടിക് സംവിധാനമായ 'ഐറോവ് ട്രൗട്ട്' കൈമാറി. രാജ്യത്ത് ആദ്യമായി സൈനിക മാനദണ്ഡങ്ങൾക്ക് അനുസൃതമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച രണ്ട് ട്രൗട്ട് റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിൾ സംവിധാനങ്ങളാണ് പ്രാഥമികഘട്ടത്തിൽ സേനയ്ക്ക് ലഭ്യമാക്കിയത്.
നൂതന അണ്ടർവാട്ടർ റോബോട്ടിക് സാങ്കേതികവിദ്യയിൽ രാജ്യത്തിന്റെ സ്വയംപര്യാപ്തത വർദ്ധിപ്പിക്കുന്നതിൽ ഈ നേട്ടം നിർണായക ചുവടുവയ്പ്പാണ്.
ഇന്ത്യൻ നാവികസേന നൽകിയ അഞ്ച് ട്രൗട്ട് സംവിധാനങ്ങൾക്കുള്ള ഓർഡറിന്റെ ഭാഗമാണ് ഈ കൈമാറ്റം. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഐഡെക്സ് (ഇന്നോവേഷൻസ് ഫോർ ഡിഫൻസ് എക്സലൻസ്) സംരംഭത്തിലൂടെയാണ് തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. വെള്ളത്തിനടിയിലെ പരിശോധന, നിരീക്ഷണം, തിരച്ചിൽ, റെസ്ക്യൂ, വസ്തുക്കൾ കണ്ടെത്തൽ, റോബോട്ടിക് നിയന്ത്രണം തുടങ്ങിയ നിർണായക ദൗത്യങ്ങൾ കൃത്യതയോടെ നിർവഹിക്കാൻ ശേഷിയുള്ളതാണ് ഐറോവ് ട്രൗട്ട്.
ഇന്ത്യൻ നാവികസേനയ്ക്കുള്ള ട്രൗട്ടിന്റെ കൈമാറ്റം ഐറോവിന്റെ വളർച്ചയിലെ വലിയ നാഴികക്കല്ലാണെന്ന് ഐറോവ് സിഇഒയും സഹസ്ഥാപകനുമായ ജോൺസ് ടി. മത്തായി പറഞ്ഞു. രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ രാജ്യസുരക്ഷയ്ക്ക് സഹായകമാകുന്നു എന്നതിൽ അഭിമാനമുണ്ട്. അത്യാധുനിക സമുദ്ര റോബോട്ടിക്സ് സംവിധാനങ്ങൾ തദ്ദേശീയമായി വികസിപ്പിക്കാനുള്ള ഇന്ത്യയുടെ കരുത്ത് തെളിയിക്കുന്നതാണ് ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സായുധ സേനകൾക്കായി തന്ത്രപ്രധാനമായ സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഐഡെക്സ് ഡിസ്ക് 7 സ്പ്രിന്റ് ചലഞ്ചിന്റെ ഭാഗമായി നാവികസേനയുടെ മേൽനോട്ടത്തിലാണ് ട്രൗട്ട് തയ്യാറാക്കിയത്.
മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ടിക് സംവിധാനം നിർമ്മിക്കുന്നതിന് മെക്കാനിക്കൽ എൻജിനീയറിംഗ്, ഇലക്ട്രോണിക്സ്, എംബഡഡ് സിസ്റ്റങ്ങൾ, സോഫ്റ്റ്വെയർ, നാവിഗേഷൻ, സെൻസിംഗ്, ആശയവിനിമയം എന്നിവയെല്ലാം കൃത്യമായി സംയോജിപ്പിക്കേണ്ടതുണ്ടെന്ന് ഐറോവ് സിടിഒയും സഹസ്ഥാപകനുമായ കണ്ണപ്പ പളനിയപ്പൻ വ്യക്തമാക്കി. ട്രൗട്ടിന്റെ നാവികസേനാ വിന്യാസം ഐറോവിന്റെ സാങ്കേതിക കരുത്തിന്റെയും തദ്ദേശീയ എൻജിനീയറിംഗ് വൈദഗ്ധ്യത്തിന്റെയും തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
സമുദ്രത്തിലെ അതിവേഗ അടിയൊഴുക്കുകൾ, ആഴത്തിലുള്ള സഞ്ചാരം, മികച്ച ചലനശേഷി, കൃത്യമായ നാവിഗേഷൻ, തുടർച്ചയായ പ്രവർത്തനക്ഷമത എന്നിവ ഉറപ്പുവരുത്തുന്നതിനായി വിപുലമായ പരീക്ഷണ നിരീക്ഷണങ്ങൾക്ക് ട്രൗട്ടിനെ വിധേയമാക്കിയിട്ടുണ്ട്. ഡയറക്ടറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറൻസിന്റെ ഗുണനിലവാര മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചാണ് ട്രൗട്ട് തയ്യാറാക്കിയിട്ടുള്ളത്. വെല്ലുവിളി നിറഞ്ഞ പ്രതികൂല കാലാവസ്ഥയും പരിമിതമായ കാഴ്ചാപരിധിയും ഉള്ള അടിയൊഴുക്കുകളിൽ സാധാരണ ഉപകരണങ്ങൾക്ക് സാധ്യമാകാത്ത ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ ട്രൗട്ടിന് സാധിക്കും. ഇത്തരം കർശനമായ ഗുണനിലവാര പരീക്ഷണങ്ങൾ വിജയിച്ചതാണ് ട്രൗട്ടിനെ സാധാരണ വാണിജ്യ റോബോട്ടുകളിൽ നിന്ന് വ്യത്യസ്തമാക്കി സേനയ്ക്ക് ദീർഘകാല ഉപയോഗത്തിന് അനുയോജ്യമാക്കുന്നത്.
നാവികസേനയുടെ പ്രവർത്തനങ്ങൾ, സമുദ്ര സുരക്ഷ, തീരദേശ-തുറമുഖ സംരക്ഷണം, അണ്ടർവാട്ടർ ഇൻഫ്രാസ്ട്രക്ചർ പരിശോധന എന്നിവയിൽ ഇത്തരം റോബോട്ടിക് സംവിധാനങ്ങൾ കൂടുതൽ പ്രാധാന്യമർഹിക്കുന്ന ഘട്ടത്തിലാണ് ട്രൗട്ടിന്റെ വരവ്. ആത്മനിർഭർ ഭാരത്, മേക്ക് ഇൻ ഇന്ത്യ എന്നീ ലക്ഷ്യങ്ങൾക്ക് കരുത്തുപകരുന്നതാണ് ഐറോവിന്റെ ഈ നേട്ടം.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐറോവ്, അണ്ടർവാട്ടർ ഡ്രോണുകൾ, ആളില്ലാ ബോട്ടുകൾ, ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിളുകൾ, എഐ അധിഷ്ഠിത വിശകലന സംവിധാനങ്ങൾ എന്നിവ വികസിപ്പിക്കുന്നതിൽ ആഗോളതലത്തിൽ ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.