- Trending Now:
തിരുവനന്തപുരം: സാമൂഹിക പ്രതിബദ്ധതയുള്ള നൂതനാശയങ്ങളുമായെത്തുന്ന കേരളത്തിലെ സാമൂഹിക-വനിതാ സംരംഭകരെ പിന്തുണയ്ക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വ്യവസായ വാണിജ്യ, എഐ, സ്റ്റാർട്ടപ്പ് വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാന സർക്കാരിൻറെ മുൻഗണനാടിസ്ഥാനത്തിലുള്ള നൂറുദിന പരിപാടിയുടെ ഭാഗമായി കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്യുഎം) സംഘടിപ്പിച്ച 'സാമൂഹിക സംരംഭകത്വ കോൺക്ലേവ്' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിൽ സാമൂഹിക സംരംഭങ്ങൾക്ക് വലിയ വളർച്ചാസാധ്യതയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമായതോടെ വേൾഡ് മാർക്കറ്റിലേക്ക് എളുപ്പത്തിൽ പ്രവേശനം ലഭിക്കുന്ന സാഹചര്യം നിലവിലുണ്ട്. പ്രാദേശിക കൈത്തറി ഉത്പന്നങ്ങളെ അന്താരാഷ്ട്ര വിപണിയിലെത്തിക്കാനും തദ്ദേശീയമായി വികസിപ്പിക്കുന്ന ലളിതമായ സാങ്കേതികവിദ്യകളിലൂടെ ജലാശയങ്ങളിലെ മാലിന്യപ്രശ്നങ്ങൾ പരിഹരിക്കാനും സാധിച്ചാൽ അത് വലിയൊരു ജനവിഭാഗത്തിൻറെ ജീവിതത്തെ പോസിറ്റീവായി സ്വാധീനിക്കും.
സമൂഹത്തിൻറെ താഴേത്തട്ടിലുള്ളവർക്ക് ഉപകാരപ്പെടുന്ന ഇത്തരം സാങ്കേതിക-പ്രായോഗിക ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റാർട്ടപ്പുകളെ, പ്രത്യേകിച്ച് വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാരിൻറെ ലക്ഷ്യം. സാമൂഹിക സംരംഭകത്വ കോൺക്ലേവിൽ ഉയർന്നുവരുന്ന മികച്ച ആശയങ്ങളും നിർദ്ദേശങ്ങളും സർക്കാർ പൂർണ്ണമായും പ്രാവർത്തികമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോൺക്ലേവിനോടനുബന്ധിച്ച് നടക്കുന്ന കെഎസ്യുഎമ്മിൻറെ വനിതാ സ്റ്റാർട്ടപ്പ് സെല്ലിൻറെ ഉദ്ഘാടനം വനിതാ ശിശു വികസന-തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർവഹിച്ചു. പരമ്പരാഗത അറിവുകളും ആധുനിക സാങ്കേതികവിദ്യയും സമന്വയിക്കുന്ന പുതിയ സംരംഭങ്ങൾക്ക് സംസ്ഥാന സർക്കാർ പൂർണ്ണ പിന്തുണ നൽകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. നമ്മുടെ നാടിൻറെ സുസ്ഥിര വികസനത്തിന് അനുയോജ്യമായ മികച്ച ആശയങ്ങളുമായി മുന്നോട്ടുവരുന്ന സംരംഭകർക്ക് ഐടി, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് തുടങ്ങിയ മേഖലകളിലടക്കം പ്രോത്സാഹനം നൽകും.
തൊഴിലുടമയ്ക്കും തൊഴിലാളിക്കും ഒരുപോലെ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് കേരള സർക്കാരിൻറെ നയം. വ്യവസായ സൗഹൃദ സംസ്ഥാനമെന്ന നേട്ടം കൈവരിക്കുന്നതിനൊപ്പം തൊഴിലെടുക്കുന്നവരുടെ സന്തോഷവും സംതൃപ്തിയും ഉറപ്പാക്കുക എന്നതിനാണ് സർക്കാരിൻറെ മുൻഗണന. കരിയർ ഇടവേളയെടുക്കേണ്ടി വരുന്ന വനിതകളെ കണ്ടെത്തി തിരികെ തൊഴിൽ രംഗത്തേക്ക് കൊണ്ടുവരുന്നതിനും അവരുടെ കഴിവുകൾ നാടിന് പ്രയോജനപ്പെടുത്തുന്നതിനും പ്രത്യേക പദ്ധതികൾ വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.
കെഎസ്യുഎമ്മിൻറെ സാമൂഹിക സംരംഭകത്വ പരിപാടിയുടേയും (സോഷ്യൽ എൻറർപ്രണർഷിപ് പ്രോഗ്രാം) പേറ്റൻറ് ഫെലിസിറ്റേഷൻ സെൻററിൻറേയും ഉദ്ഘാടനവും പരിഷ്കരിച്ച വനിതാ സ്റ്റാർട്ടപ്പ് ഹാൻഡ്ബുക്കിൻറെ പ്രകാശനവും കോൺക്ലേവിൽ നടന്നു. സ്റ്റാർട്ടപ്പ് സാക്ഷരതാ കാമ്പയ്നിൻറെ ആദ്യ പതിപ്പും കോൺക്ലേവിൻറെ ഭാഗമായി ആരംഭിച്ചു.
കേരളത്തിലെ സാമൂഹിക സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതിൻറെ അനിവാര്യതയെക്കുറിച്ച് ഇലക്ട്രോണിക്സ് ആൻറ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവറാവു അധ്യക്ഷപ്രസംഗത്തിൽ സംസാരിച്ചു. കേരളത്തിൽ യൂണിക്കോണുകൾ ഉയർന്നുവരേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡീപ്-ടെക് ആശയങ്ങളെ പിന്തുണയ്ക്കുന്നതിനായി പേറ്റൻറ് ഫയലിംഗ് പ്രൊമോഷൻ പരിപാടികൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രൊഫഷണൽ സാങ്കേതികവിദ്യാധിഷ്ഠിത ഉത്പന്നങ്ങൾക്ക് പുറമെ സാമൂഹിക പ്രതിബദ്ധതയുള്ള വിപ്ലവകരമായ ആശയങ്ങൾക്കും സംരംഭങ്ങൾക്കും പിന്തുണ നല്കാനാണ് കേരള സ്റ്റാർട്ടപ്പ് ലക്ഷ്യമിടുന്നതെന്ന് സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനുപ് അംബിക സ്വാഗതപ്രസംഗത്തിൽ പറഞ്ഞു. സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്ന പരമ്പരാഗത സംരംഭകർക്കും തനത് ഉത്പന്ന നിർമ്മാണം, വനോത്പന്നങ്ങൾ, ഗാർഹിക വിഭവ സമാഹരണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും സാമ്പത്തിക സഹായത്തിനൊപ്പം മാർഗനിർദേശവും നല്കും. കൂടുതൽ വനിതകളെ സാങ്കേതിക സംരംഭകത്വത്തിലേക്ക് ആകർഷിക്കാനും ആഗ്രഹിക്കുന്നു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ബ്ലോക്ക് ചെയിൻ, മെഷീൻ ലേണിംഗ് തുടങ്ങിയ സാങ്കേതിക പദാവലികളിൽ മാത്രം ചുറ്റിക്കറങ്ങുന്നതല്ല സ്റ്റാർട്ടപ്പുകളെന്ന സങ്കൽപ്പമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്ലാനിംഗ് ബോർഡംഗം ശ്രീധർ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മുൻകാലത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് മികച്ച സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം നിലവിലുണ്ട്. സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കുന്ന പിന്തുണ പരമാവധി പ്രയോനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ടൈ വിമൺ ചെയർ നിഷ ജോസ്, വിവിധ മേഖലകളിലെ സാമൂഹ്യസംരംഭകർ തുടങ്ങിയവർ സംസാരിച്ചു.
സാമൂഹ്യ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് നൂതന ആശയങ്ങൾ വഴി പരിഹാരം കാണുന്ന സംരംഭങ്ങളാണ് സാമൂഹ്യ സംരംഭങ്ങൾ (സോഷ്യൽ എൻറർപ്രൈസസ്). ലാഭേച്ഛയില്ലാത്ത സേവന സംരംഭങ്ങളായാണ് സാമൂഹ്യ സംരംഭങ്ങൾ തിരിച്ചറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ സാമ്പത്തികമായി വളരാനുള്ള പിന്തുണ ഇത്തരം സംരംഭങ്ങൾക്ക് കുറവാണ്. ഈ സാഹചര്യത്തിലാണ് സാമൂഹ്യ സംരംഭങ്ങൾക്കുള്ള പിന്തുണ ഉറപ്പാക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷൻ സോഷ്യൽ എൻറർപ്രെണർഷിപ് പ്രോഗ്രാമിന് തുടക്കമിടുന്നത്. ഈ പ്രോഗ്രാം വഴി ഫണ്ടിംഗ്, മെൻറർഷിപ്പ്, വിപണി പ്രവേശനം, ബ്രാൻഡിംഗ് തുടങ്ങി ഇത്തരം നൂതന ആശയങ്ങൾക്കുള്ള പിന്തുണ നല്കാൻ ലക്ഷ്യമിടുന്നു
കേരളത്തിലെ നൂതനവും സുസ്ഥിരവുമായ സാമൂഹിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും ശാക്തീകരിക്കാനും ലക്ഷ്യമിട്ടാണ് കോൺക്ലേവ് സംഘടിപ്പിച്ചത്. സാമൂഹിക -വനിതാ സംരംഭകർ, സർക്കാർ പ്രതിനിധികൾ, നിക്ഷേപകർ, വിദ്യാർത്ഥി സംരംഭകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.