Sections

ഹഡിൽ ഗ്ലോബൽ 2026: മൊബൈൽ ആപ്പും എഐ ചാറ്റ്‌ബോട്ടും മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പുറത്തിറക്കി

Friday, Oct 16, 2026
Reported By Admin
Huddle Global 2026 Launches Mobile App and AI Chatbot

  • ഡിജിറ്റൽ അനുഭവം മെച്ചപ്പെടുത്തുക ലക്ഷ്യം

തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷൻറെ (കെഎസ്യുഎം) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്റ്റാർട്ടപ്പ് സംഗമമായ 'ഹഡിൽ ഗ്ലോബൽ 2026' ൻറെ മുന്നോടിയായി പുതിയ മൊബൈൽ ആപ്പും എഐ ചാറ്റ്ബോട്ടും വ്യവസായ-വാണിജ്യ, എഐ, സ്റ്റാർട്ടപ്പ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പുറത്തിറക്കി. നവംബർ 12 മുതൽ 14 വരെ കോവളത്ത് നടക്കുന്ന ഹഡിൽ ഗ്ലോബലിൻറെ ഭാഗമാകുന്നവർക്ക് കൂടുതൽ സുഗമവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ ഡിജിറ്റൽ അനുഭവം ലഭ്യമാക്കാൻ ഇതിലൂടെ ലക്ഷ്യമിടുന്നു.

ഹഡിൽ ഗ്ലോബലിൽ പങ്കെടുക്കുന്ന സ്റ്റാർട്ടപ്പുകൾക്കും നിക്ഷേപകർക്കും മെൻറർമാർക്കും കോർപ്പറേറ്റുകൾക്കും മറ്റ് പ്രതിനിധികൾക്കും പരിപാടിയുടെ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും പരസ്പര ബന്ധങ്ങളും സഹകരണങ്ങളും കൂടുതൽ ഫലപ്രദമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഡിജിറ്റൽ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

ഒരു സ്റ്റാർട്ടപ്പ് സംഗമത്തിനപ്പുറം ആശയങ്ങൾ ബിസിനസായി മാറുന്നതിനും പുത്തൻ സാങ്കേതികവിദ്യകൾക്ക് വിപണി കണ്ടെത്തുന്നതിനും സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപകരെയും വ്യവസായ പങ്കാളികളെയും കണ്ടെത്തുന്നതിനും സഹായിക്കുന്ന ആഗോള വേദിയായി ഹഡിൽ ഗ്ലോബലിനെ ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമാണ് ഈ സംരംഭം.

സംസ്ഥാന ഇലക്ട്രോണിക്സ് ആൻറ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവറാവു, കെഎസ്യുഎം സിഇഒ അനൂപ് അംബിക, കെഎസ്യുഎം സെക്രട്ടറിയും രജിസ്ട്രാറുമായ നിസാറുദ്ദീൻ റാവുത്തർ, കെഎസ്യുഎം ബിസിനസ് ലിങ്കേജസ് ആൻറ് ഇൻകുബേഷൻ മേധാവി അശോക് കുര്യൻ പഞ്ഞിക്കാരൻ, കെഎസ്യുഎം പ്രതിനിധികളായ അഭിഷേക് ജെ പ്രകാശ്, ആര്യ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഹഡിൽ ഗ്ലോബലിൻറെ ഔദ്യോഗിക വെബ്സൈറ്റും മൊബൈൽ ആപ്പും വഴി പരിപാടിയുടെ വിവരങ്ങൾ കൂടുതൽ എളുപ്പത്തിൽ അറിയാനും പങ്കെടുക്കുന്നതിനുള്ള ഒരുക്കങ്ങൾ നടത്താനും സാധിക്കും. പരിപാടികളുടെ സമയക്രമം, വിവിധ സെഷനുകൾ, പ്രഭാഷകർ, രജിസ്ട്രേഷൻ വിവരങ്ങൾ, പങ്കാളിത്ത അവസരങ്ങൾ തുടങ്ങിയവ ഒരു ഡിജിറ്റൽ സംവിധാനത്തിലൂടെ ലഭ്യമാക്കുന്നതിനാണ് ഈ പ്ലാറ്റ്ഫോമുകൾ ലക്ഷ്യമിടുന്നത്.

ബിസിനസ്, നിക്ഷേപം, സാങ്കേതികവിദ്യ, നെറ്റ് വർക്കിങ്, സുസ്ഥിരത തുടങ്ങിയ മേഖലകളെ അടിസ്ഥാനമാക്കിയുള്ള പരിപാടികൾ വഴി വിവിധ മേഖലകളിലെ പുതിയ ആശയങ്ങളും നിക്ഷേപ സാധ്യതകളും ബിസിനസ് സഹകരണങ്ങളും പരിചയപ്പെടാൻ പ്രതിനിധികൾക്ക് അവസരമൊരുങ്ങും. പങ്കെടുക്കുന്നവർക്ക് താല്പര്യമുള്ള സെഷനുകൾ കണ്ടെത്തുന്നതിനും പരിപാടികളുടെ വിവരങ്ങൾ മുൻകൂട്ടി മനസ്സിലാക്കി പങ്കെടുക്കൽ ആസൂത്രണം ചെയ്യുന്നതിനും ഡിജിറ്റൽ സംവിധാനങ്ങൾ സഹായകമാകും.

ഹഡിൽ ഗ്ലോബലുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് വേഗത്തിൽ മറുപടി ലഭ്യമാക്കാനും ആവശ്യമായ വിവരങ്ങൾ കണ്ടെത്താനും എഐ ചാറ്റ്ബോട്ട് സഹായിക്കും. പരിപാടിയുടെ വിവരങ്ങൾ, പങ്കെടുക്കാനുള്ള അവസരങ്ങൾ, വിവിധ സെഷനുകൾ, രജിസ്ട്രേഷൻ, സ്റ്റാർട്ടപ്പുകൾക്കുള്ള സാധ്യതകൾ തുടങ്ങിയവയെക്കുറിച്ച് വിവരങ്ങൾ തേടുന്നതിനുള്ള ഡിജിറ്റൽ സഹായിയായി ചാറ്റ്ബോട്ടിനെ പ്രയോജനപ്പെടുത്താം. പരിപാടിയുടെ വിവിധ ഘടകങ്ങൾ പരിചയപ്പെടുന്നതിനും അനുയോജ്യമായ അവസരങ്ങൾ കണ്ടെത്തുന്നതിനും പങ്കെടുക്കുന്നവർക്ക് കൂടുതൽ സൗകര്യപ്രദമായ അനുഭവം ഒരുക്കുന്നതിനും ഇത്തരം എഐ അധിഷ്ഠിത സംവിധാനങ്ങൾ വഴിയൊരുക്കും. സാങ്കേതികവിദ്യയുടെ സഹായത്തോടെ വിവരങ്ങൾ ലഭ്യമാക്കുന്ന രീതികൾ മെച്ചപ്പെടുത്തുന്നതിനൊപ്പം വലിയൊരു പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ആവശ്യമായ വിവരങ്ങളിലേക്കുള്ള പ്രവേശനം ലളിതമാക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു.

സ്റ്റാർട്ടപ്പുകൾ, നിക്ഷേപകർ, മെൻറർമാർ, വ്യവസായ പ്രമുഖർ, കോർപ്പറേറ്റുകൾ, നയരൂപീകരണ വിദഗ്ധർ, അന്താരാഷ്ട്ര പ്രതിനിധികൾ എന്നിവരെ ഒരുമിപ്പിക്കുന്ന വേദിയാണ് ഹഡിൽ ഗ്ലോബൽ. സ്റ്റാർട്ടപ്പുകൾക്ക് ഉത്പന്നങ്ങൾ അവതരിപ്പിക്കാനും നിക്ഷേപകരുമായി ആശയവിനിമയം നടത്താനും ബിസിനസ് പങ്കാളിത്തങ്ങൾ കണ്ടെത്താനും വളർച്ചയ്ക്കുള്ള പുതിയ സാധ്യതകൾ തേടാനും ഇത് അവസരമൊരുക്കുന്നു.

കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ദേശീയ, അന്തർദേശീയ വിപണികളിലേക്കുള്ള പ്രവേശനം വിപുലീകരിക്കുക, നിക്ഷേപ സാധ്യതകൾ വർധിപ്പിക്കുക, സാങ്കേതികവിദ്യയുടെ വാണിജ്യവൽക്കരണം പ്രോത്സാഹിപ്പിക്കുക, കോർപ്പറേറ്റുകളുമായും വ്യവസായങ്ങളുമായും സഹകരണം വളർത്തുക എന്നിവയാണ് ഹഡിൽ ഗ്ലോബലിൻറെ പ്രധാന ലക്ഷ്യങ്ങൾ.

പുതിയ മൊബൈൽ ആപ്പും എഐ ചാറ്റ്ബോട്ടും ഉൾപ്പെടെയുള്ള ഡിജിറ്റൽ സംവിധാനങ്ങൾ പരിപാടിയിൽ പങ്കെടുക്കുന്നവരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും വിവരങ്ങൾ ലഭ്യമാക്കുന്നതിനും പരസ്പര ബന്ധങ്ങൾ വളർത്തുന്നതിനും സഹായകമാകും. സ്റ്റാർട്ടപ്പുകൾക്ക് ആശയങ്ങളിൽനിന്ന് വിപണിയിലേക്കും സാങ്കേതികവിദ്യയിൽനിന്ന് ബിസിനസ് അവസരങ്ങളിലേക്കും മുന്നേറാനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ കേരളത്തെ ആഗോളതലത്തിൽ ശ്രദ്ധേയമായ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയായി ഉയർത്തുക എന്ന ലക്ഷ്യത്തിനും ഈ സംരംഭം കരുത്തേകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.