- Trending Now:
തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡിൻറെ ഉത്പന്നങ്ങളും സേവനങ്ങളും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമായ എച്ച്എൽഎൽ ഇ-സ്റ്റോർ പ്രവർത്തനമാരംഭിച്ചു.
പരമ്പരാഗത ബിസിനസ് രീതികളിൽ നിന്ന് ആധുനിക ഡിജിറ്റൽ സംവിധാനത്തിലേക്കുള്ള എച്ച്എൽഎല്ലിൻറെ മാറ്റത്തിലെ സുപ്രധാന ചുവടുവയ്പ്പാണിത്. ഉപഭോക്താക്കൾക്കും പങ്കാളികൾക്കും ആരോഗ്യ പരിപാലന സ്ഥാപനങ്ങൾക്കും എച്ച്എൽഎല്ലിൻറെ ഉത്പന്നങ്ങളും സേവനങ്ങളും എവിടെനിന്നും പ്രയോജനപ്പെടുത്താൻ പുതിയ പ്ലാറ്റ്ഫോം സൗകര്യമൊരുക്കും.
www.hllestore.in എന്ന വെബ്സൈറ്റ് വഴി ഈ സേവനം ലഭ്യമാകും.
ഗർഭനിരോധന ഉത്പന്നങ്ങൾ, ആശുപത്രികളിലേക്കുള്ള അവശ്യവസ്തുക്കൾ, സ്ത്രീകളുടെ ആരോഗ്യ പരിചരണ ഉത്പന്നങ്ങൾ, മറ്റ് അവശ്യവസ്തുക്കൾ, വെൽനെസ് ഉത്പന്നങ്ങൾ എന്നിവ മിതമായ നിരക്കിൽ ഇ-സ്റ്റോറിൽ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് ഇവ എവിടെനിന്നും ഏത് സമയത്തും വാങ്ങാനാകും.
കേവലം ഓൺലൈൻ വിപണന പ്ലാറ്റ്ഫോം എന്നതിലുപരി ജനങ്ങളെയും ഉത്പന്നങ്ങളെയും പങ്കാളിത്ത അവസരങ്ങളെയും ഒരൊറ്റ സംവിധാനത്തിൽ ബന്ധിപ്പിക്കുന്ന വേദിയാണ് എച്ച്എൽഎൽ ഇ-സ്റ്റോർ. ഇതിലൂടെ ആരോഗ്യ ഉത്പന്നങ്ങളും സേവനങ്ങളും കൂടുതൽ എളുപ്പത്തിലും സൗകര്യപ്രദമായും ജനങ്ങളിലേക്ക് എത്തിക്കാനാകുമെന്ന് എച്ച്എൽഎൽ അധികൃതർ വ്യക്തമാക്കി.
ആരോഗ്യ-ക്ഷേമ മേഖലയിൽ സമഗ്രമായ സേവനങ്ങൾ ഒരിടത്തുനിന്ന് ലഭ്യമാക്കുന്ന ഏകജാലക സംവിധാനമായാണ് എച്ച്എൽഎൽ ഇ-സ്റ്റോർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉപഭോക്താക്കൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും എച്ച്എൽഎല്ലിൻറെ ഉത്പന്നങ്ങളും സേവനങ്ങളും എളുപ്പത്തിൽ പ്രയോജനപ്പെടുത്താൻ ഇതിലൂടെ സാധിക്കും.
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനിരത്ന പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ, രാജ്യത്തെ ആരോഗ്യസംവിധാനം ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് കമ്പനി അധികൃതർ പറഞ്ഞു. ഇ-സ്റ്റോർ ആരംഭിച്ചതോടെ വിശ്വാസ്യതയാർജിച്ച സേവനപാരമ്പര്യം ഡിജിറ്റൽ മേഖലയിലേക്കും വ്യാപിപ്പിക്കുകയാണ്. എച്ച്എൽഎൽ ഉത്പന്നങ്ങൾ വിശ്വസനീയമായ ഉറവിടത്തിൽ നിന്ന് നേരിട്ട് ഓൺലൈനായി വാങ്ങാനും ഉപഭോക്താക്കൾക്ക് സാധിക്കും.
ഉപഭോക്താക്കൾക്ക് നേരിട്ടുള്ള വിൽപ്പന, ബിസിനസ് സ്ഥാപനങ്ങൾ തമ്മിലുള്ള ഇടപാടുകൾ, ആഗോള വിപണിയിലേക്കുള്ള പ്രവർത്തനങ്ങൾ എന്നിവയ്ക്കും എച്ച്എൽഎൽ ഇ-സ്റ്റോർ സൗകര്യമൊരുക്കുന്നു. കമ്പനികൾക്കും സ്ഥാപനങ്ങൾക്കും എച്ച്എൽഎല്ലുമായി ബിസിനസ് പങ്കാളികളായി സഹകരിക്കാം.
ചില്ലറ വിൽപ്പനക്കാർ, വിതരണക്കാർ, ഡീലർമാർ, ആരോഗ്യരംഗത്തെ സംരംഭകർ എന്നിവർക്ക് എച്ച്എൽഎല്ലുമായി സഹകരിക്കാനും ഗുണമേൻമ യുള്ള ആരോഗ്യ ഉത്പന്നങ്ങളുടെ ലഭ്യത കൂടുതൽ വിപുലമാക്കാനും അവസരമൊരുക്കുന്നു.
ആശുപത്രികൾ, ആരോഗ്യ സേവനദാതാക്കൾ, സർക്കാർ ഏജൻസികൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്കും ഇ-സ്റ്റോർ പ്രയോജനപ്പെടും. പരസ്പര സഹകരണം, ഉത്പന്ന സംഭരണം, ദീർഘകാല പങ്കാളിത്തം എന്നിവയ്ക്കുള്ള അവസരങ്ങൾ ഒരുക്കുന്നതിലൂടെ രാജ്യത്തെ ആരോഗ്യസേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ഈ പ്ലാറ്റ്ഫോം സഹായിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.