Sections

യുവാക്കളുടെ നൂതനാശയങ്ങൾ സ്വീകരിക്കാൻ ഐഡിയാബോക്‌സ് വെബ്‌പോർട്ടൽ പുറത്തിറക്കി വ്യവസായമന്ത്രി

Wednesday, Sep 30, 2026
Reported By Admin
KSUM Launches IdeaBox Portal for Young Innovators

  • പ്രഖ്യാപനം ഐഇഡിസി ഉച്ചകോടിയിൽ

തൃശ്ശൂർ: യുവാക്കളുടെ നൂതനാശയങ്ങൾ സ്വീകരിക്കാനും അത് പാഴായിപ്പോകാതെ രേഖപ്പെടുത്താനും കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിൽ ഐഡിയാബോക്ല് പോർട്ടൽ പുറത്തിറക്കി. തൃശൂർ സഹൃദയ എൻജിനീയിംഗ് കോളേജിൽ കെ എസ് യുഎമ്മിന്റെ നേതൃത്വത്തിൽ നടന്ന ഐഇഡിസി (ഇനോവേഷൻ ആൻഡ് ഒൺട്രപ്രണർഷിപ്പ് ഡെവലപ്മന്റ് സെന്റർ) ഉച്ചകോടിയിൽ ഐടി-വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയാണ് പോർട്ടൽ പുറത്തിറക്കിയത്.

ലോകോത്തരമായ ആശയങ്ങൾ പിറന്ന് വീണത് കാമ്പസുകളിലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കാമ്പസുകളിലെ ആശയങ്ങൾ പുറത്തു കൊണ്ടു വരാനുള്ള എല്ലാ പിന്തുണയും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകും. ജെൻസികൾക്കും സ്റ്റാർട്ടപ്പുകൾക്കും സർക്കാരിന്റെ ഭാഗത്ത് നിന്ന് വ്യക്തമായ പിന്തുണ വേണം. അതിനുള്ള വഴിയാണ് പുതിയ പോർട്ടൽ. ഐടി വിപ്ലവത്തിൽ നിന്ന് കേരളം ഒഴിവാക്കപ്പെടില്ല എന്ന ഉറപ്പ് നൽകുന്നതായും മന്ത്രി പറഞ്ഞു.

ഐഡിയാ ബോക്ല് എന്ന പുതിയ പോർട്ടലിൽ ആശയങ്ങൾ പങ്ക് വയ്ക്കാനും അതിന്റെ പ്രവർത്തന പുരോഗതി അറിയാനുമുള്ള സംവിധാനമുണ്ടാകും(https://ideabox.startupmission.in/). സ്റ്റാർട്ടപ്പ് മിഷൻ അവതരിപ്പിക്കുന്ന യൂണിഫൈഡ് സ്റ്റാർട്ടപ്പ് പോർട്ടലും ഡാഷ്ബോർഡും മന്ത്രി പുറത്തിറക്കി. ഇതിനു പുറമെ ഹൈക്കോൺ ഇനോവേഷൻ ചലഞ്ചും മന്ത്രി ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ മികച്ച നൈപുണ്യ-സർഗ്ഗാത്മക ശേഷികൾ പൂർണമായും പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടിയിൽ സംസാരിച്ച ഐടി സെക്രട്ടറി സീറാം സാംബശിവറാവു പറഞ്ഞു. അതിനു വേണ്ടി സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ വികേന്ദ്രീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഐടിയ്ക്ക് പുറമേ വിജ്ഞാന സമ്പദ് വ്യവസ്ഥയെക്കൂടി പ്രോത്സാഹിപ്പിക്കണം. ഗവേഷണം, നൂതനത്വം, സംരംഭകത്വം എന്നിവയിലധിഷ്ഠിതമായിട്ടാണ് സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ മുന്നോട്ടു പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിന് വേണ്ടിയുള്ള സാങ്കേതിക ഉത്പന്നങ്ങൾ കേരളത്തിൽ ഉത്പാദിപ്പിക്കാനാകണമെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. ആശയങ്ങളെ സംരംഭങ്ങളാക്കി മാറ്റുകയെന്നതാണ് സ്റ്റാർട്ടപ്പ് മിഷന്റെ പ്രാഥമികമായ ലക്ഷ്യം. നൂതനാശയങ്ങൾ ഉത്പന്നങ്ങളാക്കി മാറ്റാനുള്ള വെബ്സൈറ്റിനാണ് തുടക്കമാകുന്നത്. സാങ്കേതികപരിജ്ഞാനം ഉള്ളയാൾക്കും ഇല്ലാത്തവർക്കും ആശയങ്ങൾ അവതരിപ്പിക്കാനും അത് ഉത്പന്നമാക്കി പരിണമിപ്പിക്കാനുമുള്ള സംവിധാനമാണ് ഇതിലൂടെ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചാലക്കുടി എംഎൽഎ ടി ജെ സനീഷ് കുമാർ, ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസിലർ ഡോ. സജി ഗോപിനാഥ്, ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി പ്രിൻസിപ്പൽ രാംകുമാർ എസ്, കേരള ഇഡിസി ഉച്ചകോടി സംയോജകൻ ജിബിൻ ജോസ് തുടങ്ങിയവർ പങ്കെടുത്തു.

'ഇനോവേഷൻ ബിയോണ്ട് ദ ഫ്യൂച്ചർ' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച സംഗമത്തിൽ അയ്യായിരത്തിലധികം യുവ പ്രതിഭകളും വിദ്യാർത്ഥികളും സംരംഭകരും നിക്ഷേപകരും വ്യവസായ പ്രമുഖരും പങ്കെടുത്തു.

കേരളത്തിലെ 14 ജില്ലകളിലെ 14 ക്ലസ്റ്ററുകളിലായി പ്രവർത്തിക്കുന്ന 601 ഐഇഡിസികൾ, 1,000-ലധികം നോഡൽ ഓഫീസർമാർ, 4,000-ലധികം സ്റ്റുഡന്റ് ലീഡുകൾ, 250-ലധികം സ്റ്റാർട്ടപ്പുകൾ, 5,000-ലധികം പുതിയ ആശയങ്ങൾ തുടങ്ങിയവയുടെ ഒത്തു ചേരലാണ് ഉച്ചകോടിയിലൂടെ നടന്നത്.വിവിധ മേഖലകളിൽ നിന്നുള്ള എഴുപതിലധികം വിദഗ്ധരും പരിപാടിയിൽ സംസാരിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.